ADVERTISEMENT

ന്യൂഡൽഹി ∙ കോൺഗ്രസിലെ തിരുത്തൽ സംഘമായ ജി–23ന് എതിരെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്. സംഘടനാ തിരഞ്ഞെടുപ്പിനായി മുറവിളി കൂട്ടുന്നവർ ഇപ്പോൾ ഇരിക്കുന്ന സ്ഥാനങ്ങളിലെത്തിയത് അങ്ങനെയാണോയെന്നു ചിന്തിക്കണം. പരിഷ്കരണം കൈവരിക്കുന്നതു ത്യാഗത്തിലൂടെയാണ്, ഇതുവരെ മുതലെടുത്തിരുന്ന ചില രീതികളെ ചോദ്യം ചെയ്തല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ശൈലീമാറ്റവും നേതൃമാറ്റവുമാവശ്യപ്പെട്ട് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തെഴുതിയ നേതാക്കളാണ് ജി–23 സംഘമെന്ന് അറിയപ്പെടുന്നത്.

കോൺഗ്രസിനെ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു സജ്ജമാക്കുന്നതിന് ‘വലിയ ശസ്ത്രക്രിയ’ ആവശ്യമാണെന്നു ജി–23യിൽ ഉൾപ്പെട്ട എം.വീരപ്പമൊയ്‌ലി കഴിഞ്ഞദിവസം പറഞ്ഞതിനു പിന്നാലെയാണ് സൽമാൻ ഖുർഷിദിന്റെ പ്രസ്താവന. ഇങ്ങനെയുള്ള ‘മനോഹര വാക്യങ്ങൾ’ അല്ല കോൺഗ്രസിലെ പ്രതിസന്ധിക്ക് ഉത്തരം. കഴിഞ്ഞ 10 വർഷത്തിനിടെ ഉയർന്നുവന്ന വെല്ലുവിളികൾക്ക് നേതാക്കൾ ചിന്തിച്ച് പരിഹാരം കണ്ടെത്തുകയാണു വേണ്ടതെന്നും വാർത്താ ഏജൻസിയായ പിടിഐക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘ശസ്ത്രക്രിയ നടത്തുന്നത് നല്ലതാണ്. എന്നാൽ ഏത് അവയവമാണ് മുറിച്ചുമാറ്റേണ്ടതെന്നും അതുകൊണ്ട് എന്താണു നേട്ടമെന്നും കൂടി വ്യക്തമാക്കണം. അടിസ്ഥാന പ്രശ്നങ്ങൾ മനസ്സിലാക്കണം. ശസ്ത്രക്രിയയ്ക്കു മുൻപ് എക്സ്റേയും അൾട്രസൗണ്ട് സ്കാനിങ് ഉൾപ്പെടെ എല്ലാം ചെയ്യണം. ശൈലീമാറ്റം ആവശ്യപ്പെടുമ്പോൾ അതുകൊണ്ട് എന്താണ് അവർ ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. പാർട്ടി പുനഃസംഘടിപ്പിച്ച് ഈ നേതാക്കളെ ഉന്നതസ്ഥാനത്ത് ഇരുത്തണമെന്നു പറയുന്നത് പരിഷ്കാരമല്ല, മറിച്ച് അവർക്കു സ്ഥാനമാനങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയാണ്.

പാർട്ടിയിൽ തിരഞ്ഞെടുപ്പു വേണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ആരും എതിരല്ല. എന്നാൽ ഏതു തിരഞ്ഞെടുപ്പിലൂടെയാണ് അവർ ഇപ്പോൾ ഇരിക്കുന്ന സ്ഥാനങ്ങളിൽ എത്തിയതെന്നു വ്യക്തമാക്കിയാൽ നല്ലതാണ്. രാജ്യത്താകെ സംഘടനാതലത്തിൽ തിരഞ്ഞെടുപ്പു വേണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഏതു പാർട്ടിയാണ് അങ്ങനെ ചെയ്യാറുള്ളത്?

കോൺഗ്രസ് പോലൊരു പാർട്ടിയിൽ അങ്ങനെ തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ പാർട്ടിക്ക് സ്വന്തമായി തിരഞ്ഞെടുപ്പ് കമ്മിഷൻ വേണ്ടിവരും. പാർട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്കു മത്സരിക്കണമോ വേണ്ടയോയെന്നു രാഹുൽ ഗാന്ധി സ്വയം തീരുമാനിക്കേണ്ടതാണ്. പ്രസിഡന്റ് ആയാലും ഇല്ലെങ്കിലും അദ്ദേഹം ഞങ്ങളുടെ നേതാവ് ആയിരിക്കും’– സൽമാൻ ഖുർഷിദ് പറഞ്ഞു.

ഗുലാം നബി ആസാദ്, ആനന്ദ് ശർമ, വീരപ്പമൊയ്‌ലി, കപിൽ സിബൽ, ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കൾ ഉൾപ്പെടുന്നതാണ് ജി–23. സംഘത്തിലുണ്ടായിരുന്ന ജിതിൻ പ്രസാദ ബിജെപിയിലേക്ക് ചുവടുമാറ്റി. 

English Summary: Reform Comes By Sacrificing, Not Questioning: Salman Khurshid Slams G-23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com