ADVERTISEMENT

കൊല്ലം ∙ ‘അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ..പരീക്ഷ എഴുതാൻ സമ്മതിക്കുന്നില്ല..– അമ്മയെ വിളിച്ച് അവൾ അവസാനം പറഞ്ഞത് ഇതാണ്. ഞാൻ അത് ഇപ്പോഴാണ് അറിയുന്നേ. എന്റെ പെങ്ങൾക്ക് വന്നത് ഇനി ആർക്കും വരരുത്. അവൻ ഒരു സൈക്കോയാണ്. നീതി വേണം. കേരളവും മാധ്യമങ്ങളും പൊലീസും ഒപ്പം നിൽക്കണം. ’ – മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ വിങ്ങിപ്പൊട്ടി വിസ്മയയുടെ സഹോദരൻ വിജിത് കേരളത്തോടു പറഞ്ഞ വാക്കുകളാണിത്.

കഴിഞ്ഞ വർഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകൾ വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ കിരണ്‍കുമാർ വിവാഹം കഴിച്ചത്. മോട്ടര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണു കിരൺ. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരപീഡനങ്ങളാണ് ഏൽക്കേണ്ടി വന്നതെന്നു വിസ്മയ പറഞ്ഞതായി ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച പുലർച്ചെയാണു വിസ്മയയെ കിരണിന്റെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കിരൺ, വിസ്‌മയ, വിജിത്ത്
കിരൺ, വിസ്‌മയ, വിജിത്ത്

വിജിത്തിന്റെ വാക്കുകൾ:

‘ഒരു ദിവസം രാത്രി കാർ വീട്ടിൽ െകാണ്ടുവന്ന ശേഷം എന്റെ പെങ്ങളെ കിരൺ വീടിന്റെ മുന്നിലിട്ട് തല്ലി. ചോദിക്കാൻ ചെന്ന എന്നെയും തല്ലി. അതു പൊലീസ് കേസായി. സ്ഥലത്തെത്തിയ എസ്ഐയെയും തല്ലാൻ പോയി. അദ്ദേഹത്തിന്റെ ഷർട്ട് ഇവൻ വലിച്ചുപൊട്ടിച്ചു. പിന്നെ മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോൾ മദ്യപിച്ചിരുന്നെന്ന് വ്യക്തമായി. പിറ്റേന്ന് സ്റ്റേഷനിലെത്തിയപ്പോൾ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥർ അടക്കം ഇടപെട്ട് വിഷയം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു.

പെങ്ങളുടെ ഭാവിയാണ്, ഇനി ഇങ്ങനെയൊന്നും ആവർത്തിക്കില്ലെന്ന് എഴുതി തന്നു. അതിൽ ‍ഞാനും ഒപ്പിട്ടു. ആ ഒപ്പിന്റെ വിലയാണ് എന്റെ പെങ്ങളുടെ മൃതദേഹം വീടിന് മുന്നിലെത്തിച്ചത്. പിന്നീട് എന്റെ പെങ്ങൾ രണ്ടുമാസം വീട്ടിൽ തന്നെ നിന്നു. പരീക്ഷയ്ക്ക് പോയി തുടങ്ങിയപ്പോൾ അവൻ ഫോൺ വിളിച്ച് അവളെ വീണ്ടും മയക്കി. കോളജിൽ ചെന്ന് അവളെ കൂട്ടിക്കൊണ്ടുപോയി.

പിന്നെ അവൾ എന്നെയോ അച്ഛനെയോ വിളിച്ചില്ല. സ്വന്തം ഇഷ്ടപ്രകാരം പോയത് െകാണ്ടാകും അവൾ പിന്നെ ഞങ്ങളെ വിളിക്കാതിരുന്നത്. എന്റെയും അച്ഛന്റെയും ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ‍ഞാൻ വാങ്ങിക്കൊടുത്ത ഫോൺ എറിഞ്ഞുപൊട്ടിച്ചു. അമ്മയെ മാത്രം വിളിക്കും. അവസാനം വിളിച്ചപ്പോൾ പരീക്ഷയെഴുതാൻ സമ്മതിക്കുന്നില്ലെന്നും ആയിരം രൂപ അയച്ചുതരുമോ എന്നും അവൾ ചോദിച്ചതായി അമ്മ ഇപ്പോഴാണു പറയുന്നത്.

എത്ര കിട്ടിയാലും പഠിക്കാത്തവരാണ്. ഇനി ആർക്കും ഈ ഗതി വരരുത്. തിങ്കളാഴ്ച രാവിലെ 5 മണിക്കാണ് അവിടെനിന്ന് വിളിച്ചിട്ട് ആശുപത്രിയിലെത്താൻ പറയുന്നത്. ആശുപത്രിയിൽ വിളിച്ച് ചോദിച്ചപ്പോൾ പെങ്ങൾ മരിച്ചെന്നും രണ്ടു മണിക്കൂർ ആയെന്നും പറഞ്ഞു. ആ രണ്ടു മണിക്കൂറിൽ എന്ത് സംഭവിച്ചു. അവൾ ആത്മഹത്യ ചെയ്യില്ല. െകാന്നതാണ് അവൻ. അവനെ പിടികൂടണം. നീതി വേണം.. കേരളം ഒപ്പം വേണം. സർക്കാർ ജോലിക്കാരെ മാത്രം തേടി പോകുന്ന എല്ലാവരോടുമാണ് ഞാൻ ഈ പറയുന്നേ. ദയവായി കേൾക്കണം’ – വിജിത് പറഞ്ഞു.

English Summary: Vismaya's Brother Vijith's Words

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com