അരി കഴിപ്പിച്ചും പഞ്ചസാര വെള്ളം കൊടുത്തും അരുംകൊല; നിലയ്ക്കാതെ സ്ത്രീധന ദുരിതം

HIGHLIGHTS
  • സ്ത്രീധനം വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ 5 വർഷം തടവ്
  • സ്ത്രീധനം വാങ്ങിയില്ലെന്ന സത്യപ്രസ്താവന സർക്കാർ ഉദ്യോഗസ്ഥർ നൽകണം
  • നിയമങ്ങളുണ്ടായിട്ടും കേരളത്തിൽ സ്ത്രീധന പീഡന മരണങ്ങൾ ഏറുന്നത് എന്തുകൊണ്ട്?
vismaya-uthra- thushara
വിസ്‌മയ, തുഷാര, ഉത്ര. ചിത്രം: മനോരമ
SHARE

കോഴിക്കോട്∙ ഉത്ര, വിസ്മയ, അർച്ചന... ഭർതൃവീ‍ടുകളിൽ നിലവിളിയിൽ ഒടുങ്ങുന്ന പെൺശബ്ദങ്ങൾക്ക് കേരളത്തിൽ ഒരു കുറവുമില്ല. 100 ശതമാനം സാക്ഷരത നേടിയ കേരളത്തിൽ കഴിഞ്ഞ 5 വർഷത്തിനിടെ ഉണ്ടായത് 66 സ്ത്രീധന പീഡന മരണങ്ങൾ. ഇതിൽ ആത്മഹത്യയും കൊലപാതകവുമുണ്ട്.

മരണകാരണം വ്യക്തമല്ലാതെ മരിച്ചു പോയവർ പിന്നെയുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ വിസ്മ‍യ അടക്കമുള്ള പെൺകുട്ടികളുടെ മരണങ്ങൾ കൂട്ടുമ്പോൾ എണ്ണം ഇനിയും ഉയരും. ഓരോ മരണം ഉണ്ടാകുമ്പോഴും ബഹുഭൂരിപക്ഷം വരുന്ന മലയാളികളും ശബ്‌ദമുയർത്തുമെങ്കിലും ഏതാനും ദിവസംകൊണ്ട് എല്ലാം മറക്കും.

മലയാളികൾ എന്തൊക്കെ പുരോഗമനം പറഞ്ഞാലും വിവാഹത്തിന്റെയും സ്ത്രീധനത്തിന്റെയും കാര്യത്തിൽ ഇപ്പോഴും ചിന്ത പഴയതു തന്നെയാണെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 1961ൽ പാർലമെന്റ് പാസാക്കിയ സ്ത്രീധന നിരോധന നിയമം ഇപ്പോഴും പ്രഹസനമാണ്. 10 പേർ വിവാഹം കഴിക്കുമ്പോൾ അതിൽ 7 പെൺകുട്ടികൾക്കും പല പേരുകളിൽ സ്ത്രീധനം എന്ന ദുരാചാരത്തിന് ഇരയാകേണ്ടി വരുന്നുണ്ട്. പെൺകുട്ടികൾക്കുള്ള സമ്മാനം എന്ന പേരിൽ സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു.

നിയമം ഇങ്ങനെ: സ്ത്രീധനം വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ 5 വർഷം തടവ്, 15000 രൂപ പിഴ; വധുവിന്റെ മാതാപിതാക്കളോടു സ്ത്രീധനം ആവശ്യപ്പെട്ടാൽ 6 മാസം മുതൽ 2 വർഷം വരെ തടവ്, 10,000 രൂപ പിഴ; 2007 ജൂലൈക്കു ശേഷം വിവാഹിതരായ സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യപ്രസ്താവന നൽകണം; ഇതിൽ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളും ഒപ്പിടേണ്ടതുണ്ട്. വിവാഹത്തിനു ശേഷം ഭർതൃവീട്ടിൽ വച്ച് 7 വർഷത്തിനുള്ളിൽ ഭാര്യ മരിച്ചാൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസ് എടുക്കാം.

ഞെട്ടിക്കുന്ന ക്രൂരതകൾ

unni-p-rajan
ഉണ്ണി രാജൻ (ഇടത്), പ്രിയങ്ക ആത്മഹത്യ ചെയ്‌ത വീട് (വലത്)

കൊല്ലം അഞ്ചലിൽ ഉത്രയെ ഭർത്താവ് സൂരജ് കൊലപ്പെടുത്തിയത് കരിമൂർഖനെകൊണ്ട് കടിപ്പിച്ചാണ്. ആദ്യ തവണ നടത്തിയ കൊലപാതക ശ്രമത്തിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ഉത്ര ജീവിതത്തിലേക്കു തിരികെ വന്നു തുടങ്ങിയപ്പോഴായിരുന്നു രണ്ടാമത്തെ ശ്രമം. നടൻ രാജൻ പി.ദേവിന്റെ മകൻ ഉണ്ണി രാജന്റെ ഭാര്യ പ്രിയങ്ക വീട്ടിലെ നിരന്തര ശാരീരിക മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പീഡനത്തെ തുടർന്നു ദേഹമാകെ പരുക്കേറ്റ ചിത്രങ്ങൾ അമ്മയ്ക്കും സഹോദരനും അയച്ചു കൊടുത്ത ശേഷമാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്.

കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ– വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാര (27) ഭർതൃവീട്ടിൽ പട്ടിണി കിടന്നാണു മരിച്ചത്. മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രമായിരുന്നു ഭാരം. തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തു. പൊള്ളലേറ്റും ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചും കുളത്തിലും പാറമടയിലും വീണും എത്രയോ സ്ത്രീകൾ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ചു. 100 പവനും ഒന്നര ഏക്കർ സ്ഥലവും കാറും പോരാഞ്ഞ് വീണ്ടും പീഡനം അനുഭവിച്ച് വിസ്മയയും 3 ലക്ഷം രൂപയുടെ പേരിൽ അർച്ചനയും ഏറ്റവുമൊടുവിൽ ഭർതൃഗൃഹങ്ങളിൽ ആത്മഹത്യ ചെയ്തിരിക്കുന്നു.

കുറ്റവാളികൾ പെരുകുന്നു

15 വർഷമായി കേരള ഹൈക്കോടതിയുടെ മീഡിയേറ്ററായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകയും വനിതാ കമ്മിഷൻ മുൻ അംഗവുമായ നൂർബിന റഷീദിന് പറയാനുള്ളത് നമ്മുടെ സംവിധാനങ്ങൾ സ്ത്രീകളോടു കാണിക്കുന്ന അനീതിയെ കുറിച്ചാണ്. ‘വൈകി കിട്ടുന്ന നീതി ഒരിക്കലും നീതിയാകില്ല. കുറ്റവാളികൾ കൃത്യമായി ശിക്ഷിക്കപ്പെടാത്തത് കുറ്റകൃത്യങ്ങൾ പെരുകാനുള്ള കാരണമാകുന്നു. മരണത്തിനു തൊട്ടു മുൻപു സ്ത്രീധനത്തിനു വേണ്ടിയോ സ്ത്രീധനവുമായി ബന്ധപ്പെട്ടോ ക്രൂരതയ്‌ക്കോ പീഡനത്തിനോ വിധേയമാക്കിയാൽ അതു സ്ത്രീധന മരണമായി കണക്കാക്കുമെന്നാണു ശിക്ഷാനിയമത്തിലുള്ളത്. ക്രൂരതയും പീഡനവും മരണത്തിനു തൊട്ടു മുൻപു തന്നെയാകണമെന്നില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്രൂരതയും അതിക്രമവും സ്ത്രീധനത്തിന്റെ പേരിലായിരുന്നുവെന്നു സ്ഥാപിക്കാനും ഭർത്താവിനും ബന്ധുക്കൾക്കുമുള്ള പങ്ക് സ്ഥിരീകരിക്കാനും പ്രോസിക്യൂഷനു കഴിയണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു’.

‘സ്ത്രീധന പീഡനത്തിന് ഇരയായി പെൺകുട്ടി ഭർതൃവീട്ടിൽ മരിച്ചാൽ പലപ്പോഴും പ്രതികൾ ശിക്ഷിക്കപ്പെടാറുപോലുമില്ല. ആദ്യമുണ്ടാകുന്ന കോലാഹലത്തിനപ്പുറം കൃത്യമായി കേസ് നടത്താനോ കോടതിയെ തെളിവു സഹിതം ബോധ്യപ്പെടുത്തി പ്രതിക്കു ശിക്ഷ വാങ്ങിക്കൊടുക്കാനോ കഴിയാറില്ല. പെൺകുട്ടിയുടെ വീട്ടുകാർ പലപ്പോഴും പാവങ്ങളായിരിക്കും. ഇവർക്കു കേസ് നന്നായി നടത്താൻ കഴിയാറില്ല. പൊലീസ് അന്വേഷണത്തിലും കോടതിയിൽ കേസ് വാദിക്കുന്ന പ്രോസിക്യൂട്ടർമാർക്കുമുണ്ടാകുന്ന വീഴ്ച മുതലെടുത്തു പ്രതികൾ രക്ഷപ്പെടുന്ന സംഭവവുമുണ്ട്. ഗാർഹിക പീഡന നിരോധന നിയമ പ്രകാരം കേസെടുത്താൽ 60 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കണമെന്നു പറയുമ്പോൾ 6 വർഷം കഴിഞ്ഞാലും തീർപ്പാകാത്ത അവസ്ഥയാണ്. ഭർ‌തൃഗൃഹത്തിൽ പീഡനം അനുഭവിക്കുന്ന കുട്ടികൾ ആവശ്യപ്പെട്ടാൽ അപ്പോൾ തന്നെ അടിയന്തരമായി കൊടുക്കേണ്ട ഉത്തരവു പോലും 15 തവണ ഹിയറിങ് നടത്തിയാൽ പോലും തീരുമാനമാകുന്നില്ല’.

കടക്കെണിയിൽ നിന്നു കടക്കെണിയിലേക്ക്

noorbina-rasheed
നൂർബിന റഷീദ്

‘വിവാഹസമയത്തു സ്വർണവും പണവും ചോദിച്ചുവാങ്ങി ബുദ്ധിമുട്ടിക്കുന്നതു മാത്രമല്ല സ്ത്രീധന പീഡനം. വധുവിന്റെ മാതാപിതാക്കളെ ആജീവനാന്തം പിഴിഞ്ഞെടുക്കുന്നതും സ്ത്രീധന പീഡനം തന്നെയാണ്. മലബാറിൽ പെൺകുട്ടിയും ഭർത്താവും പുതിയ വീടു വച്ചു മാറുമ്പോൾ ആ വീട്ടിലേക്കു വേണ്ട മുഴുവൻ സാധനങ്ങളും വാങ്ങിക്കൊടുക്കേണ്ടത് വധുവിന്റെ വീട്ടുകാരുടെ മാത്രം ഉത്തരവാദിത്തമാകുന്ന ചില സ്ഥലങ്ങളുണ്ട്. വാങ്ങേണ്ട ടിവിയുടെ ബ്രാൻഡ് വരെ ഉൾപ്പെടുത്തി വലിയൊരു പട്ടികയാണു വധുവിന്റെ കൈവശം വീട്ടിലേക്കു കൊടുത്തുവിടുന്നത്.

മൂന്നോ നാലോ പെൺകുട്ടികളുള്ള മാതാപിതാക്കൾ കടക്കെണിയിൽനിന്നു കടക്കെണിയിലേക്കു വീണു കൊണ്ടിരിക്കുകയാണ്. പെൺകുട്ടികളെ വിവാഹം ചെയ്ത് അയ്ക്കാനായി ആകെയുള്ള കിടപ്പാടം പോലും വിറ്റു വാടകവീടുകളിൽ കഴിയുന്ന എത്രയോ കുടുംബങ്ങളുണ്ട്. കുടുംബ ജീവിതമുണ്ടാകേണ്ടതു സ്ത്രീയുടെ മാത്രം ആവശ്യമല്ല എന്നു പെൺകുട്ടികൾ തിരിച്ചറിഞ്ഞാലേ ഈ ദുരാചാരത്തിൽ നിന്നു രക്ഷനേടാൻ കഴിയൂ. ഒരു തരത്തിലും കൂട്ടിയോജിപ്പിക്കാൻ കഴിയില്ല എന്നു തോന്നിയാൽ വീണ്ടും മകളെ ഉന്തിത്തള്ളി ഭർത്താവിന്റെ വീട്ടിലേക്ക് അയയ്ക്കേണ്ടതില്ല.

kiran-kumar-vismaya
കിരൺകുമാർ, വിസ്‌മയ. .

ഭർത്താവ് എന്തു തരം സ്വഭാവക്കാരനാണെന്ന് വിദഗ്ധരായ കൗൺസിലർമാർക്ക് എളുപ്പം മനസിലാക്കാൻ കഴിയും. എല്ലാ കേസുകളും ഒരു പോലെയല്ല. പുതിയൊരു വീട്ടിലേക്കു മാറുമ്പോഴുണ്ടാകുന്ന അല്ലറ ചില്ലറ പിണക്കങ്ങൾ പോലെയല്ല സ്വഭാവ വൈകല്യമുള്ള ഒരാൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ. ആദ്യം പറഞ്ഞ കേസാണെങ്കിൽ പറഞ്ഞു നേരെയാക്കാമെങ്കിലും രണ്ടാമത്തെ സംഭവം അങ്ങനെയല്ല. സ്വഭാവവൈകല്യങ്ങളുള്ള ഒരാൾക്കൊപ്പം പീഡനം സഹിച്ചു ജീവിക്കുന്നതിനേക്കാൾ നല്ലത് വിവാഹമോചനമാണെന്ന് തിരിച്ചറിയണം’ നൂർബിന റഷീദ് പറയുന്നു.

തുഷാരയും ഉത്രയും കൃതിയും...

നാടിനെ നടുക്കിയ കൊലപാതകങ്ങളുടെ നിഴലിലാണ് 2 വർഷമായി കൊല്ലം ജില്ല. സ്ത്രീധന പീഡനത്തിന്റെ പേരിൽ പട്ടിണി സഹിച്ചാണ് 27കാരിയായ തുഷാര 2019ൽ മരണത്തിന് കീഴടങ്ങിയത്. 2020ൽ സ്വത്ത് സ്വന്തമാക്കാൻ ഭർത്താവ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത് വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച്. സമാനതകളില്ലാത്ത ഈ കേസ് പൊലീസ് പരീശീലന പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ വരെ തീരുമാനിച്ചു. സ്ത്രീധന തർക്കത്തെത്തുടർന്നുണ്ടായ ഗാർഹിക പീഡനത്തിനൊടുവിൽ, 24കാരിയായ വിസ്മയയും മരണത്തിന്റെ വഴിയേ പോകുമ്പോൾ പീഡനം സഹിച്ചു ജീവിക്കുന്നവരുടെ എണ്ണം ചെറുതല്ലെന്നാണ് കണക്കുകൾ പറയുന്നത്. സംസ്ഥാനത്ത് ഈ വർഷം ഏപ്രിൽ വരെ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ പേരിൽ 4707 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊല്ലത്തു മാത്രം 2020 ൽ ഗാർഹിക പീഡനത്തിന്റെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 176 കേസുകൾ. ഈ വർഷം ഇതുവരെ കേസുകളുടെ എണ്ണം 62 കഴിഞ്ഞു.

ഉഗ്രവിഷമായ ക്രൂരത

വീട്ടിലെ കിടപ്പുമുറിയിൽ ഉത്രയെ പാമ്പുകടിയേറ്റ നിലയിൽ കണ്ടെത്തിയത് 2020 മേയ് 6ന് ആയിരുന്നു. പാമ്പ് കടിച്ചു മരിച്ചു എന്ന നിലയിൽ അവസാനിക്കേണ്ടിയിരുന്ന കേസിൽ വീട്ടുകാർക്ക് സംശയമുണ്ടാക്കിയത് ഭർത്താവ് സൂരജിന്റെ പെരുമാറ്റമാണ്. 2 മാസങ്ങൾക്കു മുൻപും ഭർത്താവിന്റെ വീട്ടിൽവച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. തുടർന്ന് 56 ദിവസം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉത്ര. ഇവിടുന്ന് തുടർചികിത്സയ്ക്കായി അഞ്ചലിലെ ഉത്രയുടെ കുടുംബവീട്ടിൽ കഴിയുമ്പോഴാണ് മരണത്തിന് കാരണമായ സംഭവം. രണ്ടുമാസത്തിനിടെ രണ്ട് തവണ പാമ്പ് കടിയേറ്റതും സൂരജിന്റെ സാന്നിധ്യവും സംശയമുണ്ടാക്കി.

മരണപ്പെട്ട് ദിവസങ്ങൾക്കകം സൂരജ് സ്വത്തിൽ അവകാശം ഉന്നയിച്ചതോടെയാണ് കേസിന്റെ ഗതി തന്നെ മാറിയത്. 2018ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനമായി നൽകിയത് 98 പവന്‍ സ്വർണാഭരണങ്ങളും 5 ലക്ഷം രൂപയും ഒരു കാറും. 2019ൽ മകൻ ജനിച്ചു. വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍തന്നെ ഉത്രയുടെ മാതാപിതാക്കളെ സമ്മർദത്തിലാക്കി പ്രതിമാസം 8000 രൂപ വീതം സൂരജ് വാങ്ങിയെടുത്തിരുന്നു.‌ ഇടയ്ക്കിടെ മറ്റാവശ്യങ്ങൾ പറഞ്ഞ് ലക്ഷങ്ങൾ കൈക്കലാക്കി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളിൽ ഉത്രയുടെ വീട്ടുകാർ ഇടപെട്ടതോടെയാണ് ഉത്രയെ കൊലപ്പെടുത്താൻ സൂരജ് തീരുമാനിക്കുന്നത്. വിവാഹമോചനം നടന്നാൽ സ്വത്ത് കൈവിട്ടുപോകും എന്നതായിരുന്നു കാരണം.

uthra-sooraj
ഉത്രയുടെ ചിത്രവുമായി മാതാപിതാക്കൾ. ചിത്രം: മനോരമ

ബിരുദധാരിയും സ്വകാര്യ ബാങ്കില്‍ ഉദ്യോഗസ്ഥനുമായ സൂരജ് മാസങ്ങളോളം യൂട്യൂബിൽ തിരഞ്ഞാണ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ആസൂത്രണം ചെയ്യുന്നത്. കേസിൽ പിന്നീട് മാപ്പുസാക്ഷിയായ പാമ്പ് പിടിത്തക്കാരൻ സുരേഷിന്റെ കയ്യിൽ നിന്ന് 10,000 രൂപയ്ക്ക് അണലിയെ വാങ്ങി. 2020 മാർച്ച് രണ്ട്, സമയം രാത്രി 12.45. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റ ഉത്ര അസ്വസ്ഥതകൾ കാട്ടിത്തുടങ്ങി. മനുഷ്യത്വം മരവിച്ച മനസ്സുമായി സൂരജ് ഉത്രയുടെ മരണം കാണാൻ കാത്തിരുന്നു. കടിയേറ്റ് അവശനിലയിലായെന്ന് മനസ്സിലായതോടെ ഉത്രയെ അടൂർ താലൂക്കാശുപത്രിയിൽ പുലർച്ചെ 3.30ന് എത്തിച്ചു. സൂരജിന്റെ പറക്കോട്ടുള്ള വീട്ടിൽനിന്നും വെറും പതിനഞ്ച് മിനിറ്റ് യാത്ര ചെയ്യാവുന്ന സ്ഥലത്തെത്തിക്കാൻ കാത്തിരുന്നത് രണ്ടര മണിക്കൂറിലേറെ! രാത്രി 12.45ന് കടിയേറ്റെന്ന വിവരം അഞ്ചൽ പൊലീസിന് സൂരജ് നൽകിയ മൊഴിയിലുണ്ട്. പാമ്പിനെ പഴിചാരി കൊലപാതകത്തിൽനിന്നു രക്ഷപ്പെടാനുള്ള സൂരജിന്റെ എല്ലാ ശ്രമങ്ങൾക്കും ഈ മൊഴിയിലെ വൈരുധ്യമാണ് തുടക്കമിട്ടത്.

ആദ്യ ഉദ്യമം പരാജയപ്പെട്ട സൂരജ് സുരേഷില്‍നിന്നും മൂർഖൻ പാമ്പിനെ വാങ്ങി. രാത്രി ഉറങ്ങി കിടന്ന ഉത്രയുടെ ഇടതുകൈത്തണ്ടയില്‍ കടിപ്പിച്ച ശേഷം ഒന്നുമറിയാത്തതുപോലെ നേരം പുലരുന്നതുവരെ ഉത്രയോടൊപ്പം അതേമുറിയില്‍ കഴിഞ്ഞു. അതിരാവിലെ എഴുന്നേറ്റ സൂരജ് പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനിടയില്‍ ഉത്രയുടെ അമ്മയുടെ നിലവിളികേട്ട് ബെഡ്റൂമിലേയ്ക്ക് ഓടിചെല്ലുകയും ബോധരഹിതയായി കിടക്കുന്ന ഉത്രയുമായി അഞ്ചല്‍ മിഷന്‍ ഹോസ്പിറ്റലിലേയ്ക്ക് പോകുകയുമായിരുന്നു. പാമ്പു കടിച്ചതാണെന്ന് ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഭാവവ്യത്യാസമില്ലാതെ ഉത്രയുടെ സഹോദരനോടൊപ്പം തിരികെ വീട്ടിലെത്തി പാമ്പിനെ തല്ലിക്കൊന്നു.

uthra-room
ഉത്ര താമസിച്ചിരുന്ന മുറി. ചിത്രം: മനോരമ

ആ മുറിയിലേക്ക് സ്വാഭാവികമായി പാമ്പിന് കടന്നുവരാൻ കഴിയില്ലെന്ന കണ്ടെത്തലിൽ അന്വേഷണസംഘം ഉറച്ചുനിന്നു. മുറിയിൽ നിന്ന് കണ്ടെത്തിയ പാമ്പിന്റെ ശൽക്കങ്ങളും പാമ്പിനെ കൊണ്ടുവന്ന കുപ്പിയിൽ നിന്ന് ലഭിച്ച സ്രവങ്ങളും തല്ലിക്കൊന്ന പാമ്പിന്റെ പോസ്റ്റ്‌മാർട്ടം റിപ്പോർട്ടും എല്ലാം കേസിൽ നിർണായക തെളിവുകളായി. ഗാർഹിക പീഡനത്തിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും സൂരജിന്റെ വീട്ടുകാർക്കെതിരെയും കേസെടുത്തിരുന്നു. മകൻ ചെയ്ത കൊലപാതകം നിഷേധിച്ച മാതാപിതാക്കൾ നിരത്തിയ ന്യായങ്ങളിലൊന്ന്, ഉത്രയുടെ അമ്മ വിരമിക്കുമ്പോൾ മകൾക്ക് അർഹതപ്പെട്ട ഷെയർ നൽകുമെന്ന് അറിഞ്ഞുകൊണ്ട് എന്തിനിത് ചെയ്യണം എന്നായിരുന്നു! നാടിനെയാകെ ഞെട്ടിച്ച സംഭവത്തിൽ 90 ദിവസത്തിനകം തന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നിലവിൽ കൊല്ലം ജില്ലാ ജയിലിലാണ് സൂരജ്. വിചാരണ ഉടൻ തന്നെ പൂർത്തിയാകും.

കൊന്നു, ഇഞ്ചിഞ്ചായി...

2019 മാർച്ച് 21ന് ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ 27കാരിയായ തുഷാരയുടെ മൃതദേഹത്തിന്റെ തൂക്കം വെറും 20 കിലോ ആയിരുന്നു. അസ്ഥിപഞ്‍ജരം തുഷാര തന്നെയാണെന്ന് അറിഞ്ഞപ്പോൾ നാടൊന്നാകെ ഞെട്ടി. കാലങ്ങളായി പഞ്ചസാര വെള്ളവും അരി കുതിർത്തതും മാത്രം നൽകി പട്ടിണിക്കിട്ട് കൊല്ലുകയായിരുന്നു തുഷാരയെ. ഒപ്പം ദുർമന്ത്രവാദവും. കാരണം സ്ത്രീധനത്തിന്റെ പേരിലുള്ള തർക്കം. ഭക്ഷണം ലഭിക്കാത്തത് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും ന്യുമോണിയയുമാണ് മരണത്തിലേക്ക് നയിച്ചതെന്നും ക്രൂരമായ മർദനം നേരിട്ടിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും കണ്ടെത്തി. 2013ലായിരുന്നു ഇവരുടെ വിവാഹം.

3 മാസം കഴിഞ്ഞപ്പോൾ രണ്ടുലക്ഷം രൂപ സ്ത്രീധനം ഭർത്താവ് ചന്തുലാൽ ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാർ നൽകിയില്ല. തുടർന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. തുഷാരയെ കാണാൻ ബന്ധുക്കൾ എത്തിയാൽ പോലും മടക്കി അയയ്ക്കും. അവർ വന്നതിന്റെ പേരിൽ തുഷാരയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. 27 തവണ പൊലീസിൽ പരാതി നൽകിയെങ്കിലും പരാതികൾ പ്രാദേശിക നേതാക്കൾ ഒതുക്കിത്തീർക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

നാട്ടുകാരുമായി ബന്ധമില്ലാതെ തീർത്തും ദുരൂഹമായ ചുറ്റുപാടിലാണ് തുഷാരയുടെ ഭർത്താവ് ചന്തുലാലും മാതാവ് ഗീതാലാലും കഴിഞ്ഞിരുന്നത്. വീടിനും ചുറ്റും കമ്പിവേലി. തകരഷീറ്റു കൊണ്ടു മറച്ച പരിസരം. വീട്ടുകാർ താമസിച്ചിരുന്നത് തകരഷീറ്റു കൊണ്ടുണ്ടാക്കിയ താൽക്കാലിക ഷെഡിൽ. വീടിന്റെ കവാടത്തിനോടു ചേർന്ന പൂജാമുറിയിലാണ് തുഷാരയെ പൂട്ടിയിട്ടിരുന്നത്. ഗീതാലാൽ ആഭിചാരക്രിയകൾ നടത്തിയിരുന്നതായി നാട്ടുകാർ ആരോപിച്ചിരുന്നു. ആഡംബര വാഹനങ്ങളിൽ അപരിചിതരായ ആളുകൾ പതിവായി ഇവിടെ എത്തിയിരുന്നു. കുരുതികൊടുക്കുന്ന കോഴികളുടെയും പൂച്ചകളുടെയും തലകൾ പരിസരത്ത് പതിവായി കണ്ടിരുന്നു. ശത്രുനിഗ്രഹത്തിനായാണ് പൂജകൾ നടത്തുന്നതെന്നായിരുന്നു സംസാരം. സ്ത്രീധന പീഡനത്തിന്റെ പേരിലാണ് പൊലീസ് ചന്തുലാലിനും ഗീതാലാലിനും എതിരെ കേസെടുത്തത്. നിലവിൽ വിചാരണ പൂർത്തിയായിട്ടില്ല. ഒന്നരയും മൂന്നും വയസ്സുള്ള 2 പെൺമക്കളുമുണ്ടായിരുന്നു ഇവർക്ക്.

ശ്വാസംമുട്ടി ഒരു വാതിലിനപ്പുറം...

2019 നവംബർ 11 നാണ് മുളവന പുത്തൻവീട്ടിൽ മോഹനന്റെ മകൾ കൃതി മോഹൻ (25) കിടപ്പുമുറിയിൽ കൊല്ലപ്പെട്ടത്. ഭാര്യയെ തലയണ അമർത്തി ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ ഭർത്താവ് വൈശാഖ് ബൈജു(28)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തതാണ് എന്നായിരുന്നു വൈശാഖിന്റെ മൊഴിയെങ്കിലും ആസൂത്രിതമാണ് എന്ന വാദത്തിൽ കൃതിയുടെ വീട്ടുകാർ ഉറച്ചു നിന്നു. മകളെ പണത്തിന്റെ പേരിൽ നിരന്തരം ചൂഷണം ചെയ്തിരുന്നുവെന്ന് വീട്ടുകാർ ഓർക്കുന്നു. 2019 ഫെബ്രുവരി മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹം. കൃതിയുടെ രണ്ടാം വിവാഹമായിരുന്നു. വൈശാഖിന്റെ ആദ്യ വിവാഹവും.

ആദ്യത്തെ വിവാഹത്തിൽ കൃതിക്ക് 3 വയസ്സുള്ള മകളും ഉണ്ടായിരുന്നു. വിവാഹശേഷം വൈശാഖ് ജോലി തേടി പുറത്തേക്ക് പോയെങ്കിലും ഒന്നര മാസത്തിനു ശേഷം തിരിച്ചെത്തി. പിന്നീട് എജ്യുക്കേഷനൽ കൺസൽറ്റന്റായി പ്രവർത്തിക്കുകയായിരുന്നു. പല ബാങ്കുകളിൽ പല ആവശ്യങ്ങൾ പറഞ്ഞ് 25 ലക്ഷത്തിലധികം രൂപ കൃതിയുടെ വീട്ടുകാരെക്കൊണ്ട് ലോൺ എടുപ്പിച്ചു. അതിനു പുറമേ മറ്റെല്ലാം കൂടി 60 ലക്ഷത്തോളം രൂപയും. അമ്മയുടെ പേരിലുള്ള സ്ഥലം ലോൺ എടുക്കാൻ നൽകണമെന്ന ആവശ്യത്തെത്തുടർന്നാണ് തർക്കം രൂക്ഷമായത്.

വഴക്കും ഉപദ്രവവും രൂക്ഷമായതോടെ കൃതി മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ എത്തുകയായിരുന്നു. പിന്നീട് 2 മാസത്തോളം വധഭീക്ഷണി തുടർന്നു. താൻ കൊല്ലപ്പെട്ടേക്കും എന്ന ഭീതിയിലാണ് കൃതി ഡയറിക്കുറിപ്പുകൾ എഴുതാൻ തുടങ്ങിയത്. താൻ മരിച്ചാൽ സ്വത്തിന് ഏക അവകാശി മകൾ മാത്രമായിരിക്കും എന്ന് കൃതി എഴുതിവെച്ചിരുന്നു. അനുനയ ശ്രമത്തിനായി 2 മാസത്തിനു ശേഷം വൈശാഖ് വീട്ടിലെത്തി. േപടിയുണ്ടായിരുന്നതിനാൽ കിടപ്പുമുറിയുടെ വാതിൽ അടയ്ക്കാൻ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ഞങ്ങൾ സംസാരിക്കുകയാണ് എന്നായിരുന്നു മറുപടി. അതിനിടെ മകളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയിരുന്നു എന്നത് വീട്ടുകാരും അറിഞ്ഞില്ല. സംശയം തോന്നി മുറിയിൽ കടന്നു നോക്കിയതോടെ പ്രതി വാഹനമോടിച്ച് രക്ഷപ്പെട്ടു. അന്വേഷണം എങ്ങുമെത്താതെ പോയതിന്റെ വേദനയിൽ കഴിയുകയാണ് മാതാപിതാക്കൾ. ഒപ്പം കൃതിയുടെ മകളും.

English Summary: Dowry Violence Related Deaths Increasing in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA