ADVERTISEMENT

പാലക്കാട്∙ ഗാര്‍ഹിക പീഡനത്തെക്കുറിച്ചു പരാതിപ്പെട്ട സ്ത്രീയോടു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ഇടതുപക്ഷ അനുഭാവികൾ ഉൾപ്പെടെ രംഗത്തെത്തിയിരിക്കുകയാണ്. പ്രതിപക്ഷം മുൻപ് തന്നെ ചൂണ്ടിക്കാണിച്ച കാര്യങ്ങൾ അന്നൊക്കെ മൗനംകൊണ്ടു നേരിട്ടവർ ഇപ്പോൾ പരസ്യമായി രംഗത്തുവരുന്നതിനെ കോൺഗ്രസ് നേതാവ് വി.ടി ബൽറാം വിമർശിച്ചു. ഇടതു അനുകൂലികളായ പലരും ഇതുവരെ ജോസഫൈന്റെ പ്രവർത്തികൾക്കും വാക്കുകൾക്കുമെതിരെ മിണ്ടാതിരുന്നിട്ട്. ഇപ്പോൾ പ്രതികരിക്കുന്നതിന് പിന്നിലെ കാരണവും ബൽറാം പറയുന്നു.

‘ഏതാനും മാസങ്ങൾക്കുള്ളിൽ കാലാവധി കഴിഞ്ഞ് എം.സി. ജോസഫൈനെ ആ സ്ഥാനത്തുനിന്നു സ്വാഭാവികമായി മാറ്റുമ്പോഴോ നിൽക്കക്കള്ളിയില്ലാതെ അതിന് മുൻപ് തന്നെ അവർക്ക് ഒഴിഞ്ഞു പോവേണ്ടി വന്നാലോ ‘പിണറായി ഡാ’ എന്ന് പോസ്റ്റിടാൻ വേണ്ടി മുൻകൂട്ടി കളമൊരുക്കി വക്കുകയാണീ അഭിനവ വിമർശകർ. അപ്പോഴും അവരെ അഞ്ച് വർഷം കേരള ജനതയ്ക്കുമേൽ കെട്ടിയേൽപ്പിച്ച ‘സംവിധാന’ങ്ങൾക്കു യാതൊരു ഓഡിറ്റിങ്ങും ഉണ്ടാകരുത് എന്ന് അവർക്ക് നിർബന്ധമുണ്ടെന്നു മാത്രം.’ അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

അഞ്ച് വർഷമാണ് കേരളത്തിൽ വനിതാ കമ്മിഷന്റെ കാലാവധി. ഇപ്പോഴത്തെ കമ്മിഷൻ വന്നിട്ട് നാലര വർഷം കഴിയാറായി. എന്നിട്ടിപ്പോൾ മാത്രമാണ് പല 'ഇടതുപക്ഷ’, ‘സ്ത്രീപക്ഷ’ ‘നവോത്ഥാനപക്ഷ’ പ്രൊഫൈലുകൾക്കും എംസി ജോസഫൈൻ അത്ര ഫൈനല്ല എന്ന് പറയാൻ നാവു പൊന്തുന്നത്. ജോസഫൈൻ പുതുതായി അപ്രതീക്ഷിതമായ തരത്തിൽ എന്തോ പെരുമാറി എന്ന മട്ടിൽ.

ഈ നാലര വർഷവും വനിതാ കമ്മീഷൻ അധ്യക്ഷയുടെ രീതികൾ ഇങ്ങനെത്തന്നെയായിരുന്നു എന്ന് കേരളത്തിലാർക്കും അറിയാത്തതല്ല. ഒരു അർധ ജുഡീഷ്യൽ അധികാര സ്ഥാനത്തിരിക്കുന്ന നിഷ്പക്ഷയും നീതിബോധവുമുള്ള വ്യക്തി എന്ന നിലയിലല്ല, സിപിഎം എന്ന പാർട്ടിക്ക് വേണ്ടി പാർട്ടി നിയമിച്ച വെറും പാർട്ടിക്കാരി എന്ന നിലയിൽത്തന്നെയായിരുന്നു ജോസഫൈൻ എന്നും പ്രവർത്തിച്ചിരുന്നത്. അവരുടെ ഈ അറഗൻസും എമ്പതിയില്ലായ്മയും തുടക്കം മുതലേ പ്രകടമായിരുന്നു.

സിപിഎം നേതാക്കൾക്കെതിരെ ആരോപണങ്ങളുയർന്ന ഘട്ടങ്ങളിലൊക്കെ ജോസഫൈൻ സ്വീകരിച്ച ഇരട്ടത്താപ്പുകൾ ഇപ്പോഴത്തെ പല വിമർശകരും അന്ന് കണ്ടതായിപ്പോലും നടിച്ചിരുന്നില്ല. പീഡനത്തിനിരയാകുന്ന വനിത സഖാക്കളെ നിശബ്ദരാക്കാൻ സിപിഎമ്മിന്റെ ഖാപ് പഞ്ചായത്ത് തീവ്രതാ മാനദണ്ഡങ്ങളുപയോഗിച്ച് കടന്നു വരുമ്പോഴും "ഞങ്ങളുടെ പാർട്ടി ഒരു കോടതിയാണ്, പൊലീസാണ്" എന്ന് പറഞ്ഞ് പാർട്ടിയെ മഹത്വവൽക്കരിക്കാനാണ് ജോസഫൈൻ ശ്രമിച്ചത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു ദലിത് വനിതയെ സിപിഎം സംസ്ഥാന സെക്രട്ടറി അശ്ലീല ഭാഷയിൽ അധിക്ഷേപിച്ചപ്പോൾ ‘അദ്ദേഹത്തെ പലരും ശക്തമായ ഭാഷയിൽ വിമർശിച്ചിട്ടുണ്ടല്ലോ, അത് തന്നെയാണ് ഏറ്റവും വലിയ ശിക്ഷ’ എന്ന് വിധിയെഴുതിയ പാർട്ടിക്കാരിയാണ് സഖാവ് എം.സി. ജോസഫൈൻ. അന്നൊക്കെ അതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയവരെ വട്ടം കൂടി വന്ന് ആക്രമിക്കാനായിരുന്നു പലർക്കും തിടുക്കം.

അല്ലെങ്കിൽത്തന്നെ സിപിഎമ്മിന്റെ എല്ലാ നിയമനങ്ങളും ഇങ്ങനെത്തന്നെയാണല്ലോ. അതിൽ ചിലത് എങ്ങാനും ക്ലിക്കായാൽ ഉടനെ അവരെ "വളർത്തിയെടുത്ത സംവിധാന''ത്തിന് ക്രെഡിറ്റ് എടുക്കണം, വാഴ്ത്തിപ്പാടണം. ക്ലിക്കായില്ലെങ്കിലോ, ആ വ്യക്തികളെ സെലക്റ്റീവായി തള്ളിപ്പറഞ്ഞ് "സംവിധാന"ത്തിന്റെ മഹത്വ പരിവേഷം അപ്പോഴും സംരക്ഷിക്കണം. 53 ലക്ഷത്തോളം ഹോണറേറിയവും യാത്രാബത്തയും ഇതിനോടകം കൈപ്പറ്റിയ വനിതാ കമ്മിഷനും 11 കോടിയിലേറെ പൊതു ഖജനാവിന് ബാധ്യതയായ ഭരണ പരിഷ്കാര കമ്മിഷനുമൊക്കെ എന്ത് ക്രിയാത്മക സംഭാവനയാണ് കേരളത്തിന് നൽകിയത് എന്നതിനുത്തരം പറയേണ്ടത് ആ വ്യക്തികൾ മാത്രമല്ല, അവരെ നിയമിച്ച "സംവിധാനം" കൂടിയാണ്.

ചുരുക്കിപ്പറഞ്ഞാൽ, ഏതാനും മാസങ്ങൾക്കുള്ളിൽ കാലാവധി കഴിഞ്ഞ് എം.സി. ജോസഫൈനെ ആ സ്ഥാനത്തുനിന്ന് സ്വാഭാവികമായി മാറ്റുമ്പോഴോ, നിൽക്കക്കള്ളിയില്ലാതെ അതിന് മുൻപ് തന്നെ അവർക്ക് ഒഴിഞ്ഞു പോവേണ്ടി വന്നാലോ "പിണറായി ഡാ" എന്ന് പോസ്റ്റിടാൻ വേണ്ടി മുൻകൂട്ടി കളമൊരുക്കി വക്കുകയാണീ അഭിനവ വിമർശകർ. അപ്പോഴും അവരെ അഞ്ച് വർഷം കേരള ജനതയ്ക്കു മേൽ കെട്ടിയേൽപ്പിച്ച "സംവിധാന"ങ്ങൾക്ക് യാതൊരു ഓഡിറ്റിങ്ങും ഉണ്ടാകരുത് എന്ന് അവർക്ക് നിർബന്ധമുണ്ടെന്ന് മാത്രം.

English Summary: VT Balram Reaction On Allegation Against MC Josephine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com