ADVERTISEMENT

ന്യൂഡൽഹി∙ 1975ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ വിമർശിച്ച് കോൺഗ്രസിനെ ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സംവിധാനങ്ങളുടെ സംഘടിതമായ തകർച്ചയാണ്’ ആ 21 മാസ കാലഘട്ടം സാക്ഷ്യം വഹിച്ചതെന്നും മോദി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ വിമർശനം.

‘അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ ഒരിക്കലും മറക്കപ്പെടാനാകില്ല. 1975 മുതൽ 1977 വരെയുള്ള കാലം സാക്ഷ്യം വഹിച്ചത് സംവിധാനങ്ങളുടെ സംഘടിതമായ തകർച്ചയാണ്. ഇന്ത്യയുടെ ജനാധിപത്യ മികവ് ശക്തിപ്പെടുത്താൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാമെന്ന് പ്രതിജ്ഞ ചെയ്യാം. ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കായി ജീവിക്കാം’ – ട്വീറ്റിൽ അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയിൽ എന്തൊക്കെ വിലക്കപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കി ബിജെപി തയാറാക്കിയ ചെറു വിഡിയോയും ഉൾപ്പെടുത്തി ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ പറയുന്നു – ‘ഇങ്ങനെയാണ് കോൺഗ്രസ് നമ്മുടെ ജനാധിപത്യ സ്വഭാവത്തെ ചവിട്ടിയരച്ചത്. ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിച്ച് അടിയന്തരാവസ്ഥയെ എതിർത്ത മഹാന്മാരെ നമ്മൾ ഓർമിക്കണം’.

ഇന്ദിരാ ഗാന്ധി 1975ൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ഇന്ത്യൻ ജനാധിപത്യത്തിന്റെ അവിശ്വസനീയമായ ഏടാണെന്ന് ചിത്രങ്ങൾ കോർത്തുള്ള വിഡിയോയിൽ പറയുന്നു. ഇതിനു പിന്നാലെ ആറു ഫോട്ടോകൾ തുടരെതുടരെ വന്ന് ഇക്കാര്യങ്ങളെല്ലാം വിലക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നുവോ എന്ന ചോദ്യം ചോദിക്കുന്നു. വിഖ്യാത ഗായകൻ കിഷോർ കുമാറിന്റെ പാട്ടുകൾ, ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ് എന്നീ വിപ്ലവ നേതാക്കളെക്കുറിച്ചുള്ള സിനിമകൾ, രബീന്ദ്രനാഥ ടാഗോർ, മഹാത്മാ ഗാന്ധി തുടങ്ങിയവരുടെ ഉദ്ധരണികളും, പ്രതിഷേധങ്ങളും വിലക്കിന്റെ പരിധിയിൽ പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം വിഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു.

46 വർഷങ്ങൾക്കുമുൻ ജൂൺ 25നാണ് ഇന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

English Summary: "Can You Believe What All Were Banned?" PM Shares Post On Emergency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com