ADVERTISEMENT

കൊച്ചി∙കേരളത്തിലെ വിവിധ ജയിലുകളിൽ അടിയന്തരാവസ്ഥക്കാലത്ത് 18 മാസത്തോളം ജയിൽ വാസമനുഭവിച്ചവർ, പൊലീസ് മർദനമേറ്റവർ പുതിയ കാലത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ‌യു‌‌ടെ നിഴലിൽ തമ്പാൻ തോമസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ പീഡനകഥകൾ നേരിട്ടും ഓൺലൈനായും വിവരിച്ചത് വേറിട്ട അനുഭവമായി.

പ്രഖ്യാപിത അടിയന്തരാവസ്ഥയെക്കാൾ ഭയാനകം അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുൻ എംപി അഡ്വ. തമ്പാൻ തോമസ് പറഞ്ഞു. അന്ന് അടിയന്തരാവസ്ഥ വ്യക്തിഗതമായിരുന്നെങ്കിൽ ഇന്നത്തേത് സ്ഥായിയായ ഘടനാമാറ്റം വരുത്തുന്നതും മതാധിഷ്ഠിതവും സേച്ഛാധിപത്യപരവുമാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ അപകടകരമായ വളർച്ച‌യ്ക്ക് സഹായകരമായ നടപടികളാണ് മോദി ഭരണകൂടം പിന്തുടരുന്നത്. 18 മാസം ജയിൽ വാസമനുഭവിച്ച തമ്പാൻ തോമസിന്റെ അമ്മ മരിച്ചത് അക്കാലത്താണ്.

അടിയന്തരാവസ്ഥ കാലത്ത് കണ്ണൂർ, വിയ്യൂർ, പൂജപ്പുര എന്നീ സെൻട്രൽ ജയിലുകളിലെ മിസ തടവുകാരായിരുന്ന എബ്രാഹം പി. മാനുവൽ, എം.കെ. കണ്ണൻ, എം.ടി. കുര്യൻ, ഡിഐആർ തടവുകാരായിരുന്ന കെ.പി. ജോബ്, അലി അക്ബർ എന്നിവർ പ്രസംഗിച്ചു. അറസ്റ്റുണ്ടാകുമെന്ന് സുഹൃത്തായ പൊലീസുകാരനിൽനിന്ന് അറിഞ്ഞ അലി അക്ബറിനെ അൽപകാലം സഹായിച്ചത് കലാഭവൻ സ്ഥാപകനായ ഫാ.ആബേലാണ്. അലി അക്ബറിനെ ഏലിയാസ് എന്ന് പേരുമാറ്റി ആബേലച്ചൽ രാജഗിരിയിലെ പള്ളിവക കെട്ടി‌ടത്തിൽ 17 ദിവസം താമസിപ്പിച്ചെങ്കിലും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

പേരുമാറ്റിയതിനു പുറമേ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്നൊക്കെ പറയാനും ആബേലച്ചൻ പഠിപ്പിക്കുകയും ചെയ്തു! സംഭാവന കൊടുക്കാത്തതിന്റെ പേരിലാണ് ധനാഢ്യനായ കരിമ്പിൽ കുഞ്ഞമ്പു അറസ്റ്റിലായതെന്ന് ജയിലിൽ ഒപ്പമുണ്ടായിരുന്ന എബ്രഹാം പി. മാനുവൽ പറഞ്ഞു. എന്നാൽ കർണാടക മുഖ്യമന്ത്രി ദേവരാജ് അരശ് ഇടപെട്ട് കുഞ്ഞമ്പുവിനെ മോചിപ്പിച്ചു. 

പക തീർക്കാൻ പൊലീസ് കുഞ്ഞമ്പുവിന്റെ സ്റ്റാർ ഹോട്ടലിൽ മാനേജരായിരുന്ന കെ. സുധാകരനെ അറസ്റ്റ് ചെയ്തു. സംഘടനാ കോൺഗ്രസ് അനുഭാവി മാത്രമായിരുന്ന ആ സുധാകരനാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്. പൊലീസ് മർദനമേറ്റ് ധാരാളം പരുക്കുകളുമായി അവശനായാണ് പിണറായി വിജയൻ ജയിലിൽ എത്തിയത്. പൊലീസുകാർ അദ്ദേഹത്തെ എടുത്തുകൊണ്ടുവരികയായിരുന്നെന്ന് എബ്രഹാം പറഞ്ഞു. ജോസഫ് ജുഡ്, മനോജ് സാരംഗ്, എൻ പത്മനാഭൻ, ടോമി മാത്യു എന്നിവരും പ്രസംഗിച്ചു.

English Summary : Jailmates during emergency period met again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com