ADVERTISEMENT

കൊച്ചി∙ കേരളത്തിനു പുതിയ ട്രെയിനുകൾ ലഭിക്കാത്തതിനു കാരണം ടെർമിനൽ സൗകര്യങ്ങളുടെ കുറവാണെന്നു പറയുന്ന റെയിൽവേ, നിലവിലുള്ള സൗകര്യങ്ങൾ കൃത്യമായി ഉപയോഗിക്കുന്നില്ലെന്നു വിവരാവകാശ മറുപടി തെളിയിക്കുന്നു. ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈൻ ഉപയോഗത്തിൽ തിരുവനന്തപുരം, കൊച്ചുവേളി ഡിപ്പോകളാണു രാജ്യത്ത് ഏറെ പിന്നിൽ.

ട്രെയിനുകളുടെ പ്രാഥമിക അറ്റകുറ്റപ്പണിക്ക് (പ്രൈമറി മെയിന്റനൻസ്) 6 മണിക്കൂറും രണ്ടാം ഘട്ട അറ്റകുറ്റപ്പണിക്കു (സെക്കൻഡറി മെയിന്റനൻസ്) 4 മണിക്കൂറുമാണു ഡൽഹി ഡിവിഷനിൽ എടുക്കുന്നതെങ്കിൽ ദക്ഷിണ റെയിൽവേയ്ക്കു കീഴിലുള്ള തിരുവനന്തപുരത്തും കൊച്ചുവേളിയിലും ഇതിനു രണ്ടിനും 8 മണിക്കൂർ വീതമുള്ള സ്ലോട്ടുകളാണു നൽകിയിരിക്കുന്നത്. ദക്ഷിണ റെയിൽവേയിൽ തന്നെ മറ്റു പല കോച്ചിങ് ഡിപ്പോകളിലും ഇതിലും കുറഞ്ഞ സമയം കൊണ്ടു ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. 

2017 ജൂൺ 14ലെ കോച്ച് അറ്റകുറ്റപ്പണി സംബന്ധിച്ച റെയിൽവേ ബോർഡ് ഉത്തരവിന്റെ നഗ്നമായ ലംഘനമാണു കേരളത്തിൽ നടക്കുന്നതെങ്കിലും ദക്ഷിണ റെയിൽവേ ആസ്ഥാനത്തെ ചീഫ് മെക്കാനിക്കൽ എൻജീനിയർ അനങ്ങിയിട്ടില്ലെന്നാണ് ആക്ഷേപം. 

6 പിറ്റ്‌ലൈനുകളുള്ള നിസാമുദ്ദീനിൽ 12 ട്രെയിനുകളുടെ പ്രാഥമിക അറ്റകുറ്റപ്പണിയും 23 ട്രെയിനുകളുടെ രണ്ടാം ഘട്ട അറ്റകുറ്റപ്പണിയുമാണു നടക്കുന്നതെങ്കിൽ 5 പിറ്റ്‌ലൈനുകളുള്ള തിരുവനന്തപുരത്തു 12 ട്രെയിനുകളുടെ പ്രാഥമിക അറ്റകുറ്റപ്പണിയും 3 ട്രെയിനുകളുടെ രണ്ടാം ഘട്ട അറ്റകുറ്റപ്പണിയും മാത്രമാണു നടക്കുന്നത്. കൊച്ചുവേളിയിൽ 3 പിറ്റ്‌ലൈനുകളിൽ 8 ട്രെയിനുകളുടെ പ്രാഥമിക അറ്റകുറ്റപ്പണിയും 4 ട്രെയിനുകളുടെ രണ്ടാം ഘട്ട പരിശോധനയുമാണു നടക്കുന്നത്. എല്ലാം 8 മണിക്കൂർ സ്ലോട്ടുകൾ. 

സ്ലോട്ട് നിർണയത്തിലെ ഗുരുതരമായ വീഴ്ചയാണു ഡിവിഷനിൽ നടന്നിരിക്കുന്നത്. റെയിൽവേ ബോർഡ് ഉത്തരവു പാലിച്ചാൽ ഇപ്പോഴുള്ളതിന്റെ രണ്ടിരട്ടി ട്രെയിനുകൾ തിരുവനന്തപുരത്തു കൈകാര്യം െചയ്യാൻ കഴിയുമെങ്കിലും കണക്കിലെ ഈ കള്ളക്കളി മൂലം അതിനു സാധിക്കില്ല. ഒരു ട്രെയിനിന്റെ അറ്റകുറ്റപ്പണി വിചാരിച്ചതിലും നേരത്തെ തീർന്നാലും 8 മണിക്കൂർ സ്ലോട്ട് കഴിയാതെ അടുത്ത ട്രെയിൻ അറ്റകുറ്റപ്പണിക്ക് എടുക്കേണ്ടതില്ലെന്നതാണു മെച്ചം. 

സ്ലോട്ടുകൾ റെയിൽവേ ബോർഡിന്റെ ഉത്തരവ് അനുസരിച്ചു പുനക്രമീകരിച്ചാൽ തിരുവനന്തപുരത്തു 6 ട്രെയിനുകളുടെയും   കൊച്ചുവേളിയിൽ 5 ട്രെയിനുകളുടെയും കൂടി പ്രാഥമിക അറ്റകുറ്റപ്പണിക്കുള്ള സൗകര്യമുണ്ട്. രണ്ടാം ഘട്ട പരിശോധന മാത്രമുള്ള ട്രെയിനുകളാണെങ്കിൽ ഇതിന്റെ രണ്ടിരട്ടിയും കൈകാര്യം ചെയ്യാൻ കഴിയും. 

കൊച്ചുവേളി–ബാനസവാടി ഹംസഫർ, കൊച്ചുവേളി–മംഗളൂരു അന്ത്യോദയ തുടങ്ങിയ ആഴ്ചയിൽ 3 ദിവസം ഒാടിക്കാവുന്ന ട്രെയിനുകൾ ഇപ്പോൾ ആഴ്ചയിൽ 2 തവണയാണുള്ളത്. ഇവ ആഴ്ചയിൽ 3 വീതമുള്ള സർവീസും അജ്മീർ–എറണാകുളം, പൂണെ–എറണാകുളം തുടങ്ങിയ സർവീസുകൾ  തിരുവനന്തപുരത്തേക്കു നീട്ടണമെന്നുളള ആവശ്യവും ഇനിയും നടപ്പായിട്ടില്ല. ട്രെയിനുകൾ ഓടിക്കാതെ വെറുതേയിടുന്നതു മൂലം കോടികളുടെ നഷ്ടമാണു റെയിൽവേയ്ക്ക് ഉണ്ടാകുന്നത്.

സൗത്ത് സെൻട്രൽ റെയിൽവേ നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ ഒരു എസി കോച്ച് ഒരു മണിക്കൂർ നിർത്തിയിടുമ്പോൾ 2784 രൂപയും സ്ലീപ്പർ കോച്ചിനു 1868 രൂപയും ജനറൽ കോച്ചിനു 1832 രൂപയുമാണു റെയിൽവേയ്ക്കു വരുമാന നഷ്ടമുണ്ടാകുന്നത്. ഈ കണക്കു മുന്നിലുള്ളപ്പോഴാണു ബെംഗളൂരു ഹംസഫറിന്റെയും മംഗളൂരു അന്ത്യോദയുടെയും കോച്ചുകൾ കൊച്ചുവേളിയിൽ വെറുതേയിട്ടിരിക്കുന്നത്. 20 എസി കോച്ചുകളുള്ള ഹംസഫർ ഒരു മണിക്കൂർ വേറുതേയിട്ടാൽ 55,680 രൂപയുടെ നഷ്ടമാണുണ്ടാകുക.

24 മണിക്കൂറാകുമ്പോൾ  നഷ്ടം 13 ലക്ഷത്തിനു മുകളിലെത്തും. ബെംഗളൂരുവിലേക്ക് ആളില്ലെങ്കിൽ ഈ റേക്ക് ഉപയോഗിച്ചു തിരക്കുള്ള മറ്റു റൂട്ടുകളിൽ സ്പെഷൽ ഒാടിച്ചു വരുമാനം കൂട്ടാമെങ്കിലും അതും റെയിൽവേ  ചെയ്യുന്നില്ല. തിരുവനന്തപുരം–മുംബൈ (കൃഷ്ണരാജപുരം വഴി) ട്രെയിൻ ഒന്നിലധികം ദിവസമാണു തിരുവനന്തപുരത്തു വെറുതെയിട്ടിരിക്കുന്നത്. ഈ റേക്ക് ഉപയോഗിച്ചു ഇട ദിവസങ്ങളിൽ ഹൈദരാബാദ് സർവീസ് ശുപാർശ ചെയ്തിരുന്നെങ്കിലും നടപ്പായിട്ടില്ല.

മറ്റു സോണുകളിൽ നിന്നു കേരളത്തിലേക്കു ട്രെയിനോടിക്കാൻ അനുമതി തേടിയുള്ള അപേക്ഷകളിൽ ഇവിടെ ട്രെയിൻ നിർത്താൻ സ്ഥലമില്ല, അറ്റകുറ്റപ്പണിക്കു സ്ലോട്ടില്ലെന്ന പതിവു മറുപടിയാണു ഡിവിഷൻ നൽകുന്നത്. കേരളത്തിലെ എംപിമാർ ട്രെയിൻ ചോദിച്ചാലും ഇതിന്റെ പകർപ്പാണു പതിവായി കൊടുക്കുന്നത്. ഇങ്ങനെ ഡിവിഷൻ നഷ്ടപ്പെടുത്തിയ ഒട്ടേറെ ട്രെയിനുകളുണ്ട്.

മലയാളികൾ ആവശ്യപ്പെട്ട ജബൽപുർ ട്രെയിനാണു തിരുവനന്തപുരത്തു സ്ഥലമില്ലെന്നു പറഞ്ഞു തിരുനെൽവേലിയിലേക്കു തട്ടിയത്. ഈ ട്രെയിൻ സേലം, മധുര വഴി സർവീസ് നടത്തിയതോടെ ട്രെയിനിനു വേണ്ടി നിവേദനം കൊടുത്തു റെയിൽവേ ഓഫിസുകൾ കയറിയിറങ്ങിയ മലയാളി സംഘടനകൾ ഇളിഭ്യരായി. 

ജനങ്ങൾക്കു യാത്രാ സൗകര്യവും റെയിൽവേയ്ക്കു വരുമാനവും കൂട്ടാനുള്ള വഴി അടയ്ക്കുന്ന നടപടി മെക്കാനിക്കൽ വിഭാഗം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. ഏപ്രിൽ 13ന് റെയിൽവേ ബോർഡിൽ നിന്നു സോണുകൾക്കയച്ച കത്തിൽ കഴിഞ്ഞ വർഷം ശുപാർശ ചെയ്ത ട്രെയിനുകളുടെ പട്ടികയിൽ പേരിനു പോലും കേരളത്തിന് ഒരു ട്രെയിൻ ഇല്ലെന്നത് ഇതോടൊപ്പം ചേർത്തു വായിക്കണം. 

English Summary: Trains maintenance work delaying

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com