ADVERTISEMENT

‘നമുക്കിവിടെ ഒരാളുണ്ടല്ലോ’ എന്നുള്ള ശ്രീനാരായണ ഗുരുദേവന്റെ അരുളപ്പാടാണു സ്വാമി പ്രകാശാനന്ദയുടെ ജീവിതത്തിലെ വഴിത്തിരിവായത്. പ്രകാശാനന്ദയുടെ കുട്ടിക്കാലത്ത് കൊല്ലം പിറവന്തൂർ ഏലിക്കാട്ടൂർ കളത്തരാടി തറവാട് ഗുരുദേവൻ സന്ദർശിച്ചപ്പോൾ അഭിപ്രായപ്പെട്ടത് ഇങ്ങനെയെന്നാണു ചരിത്രം പറയുന്നത്. പ്രകാശാനന്ദയെ മുന്നിൽകണ്ടു ഗുരുദേവൻ നടത്തിയ അരുളപ്പാട് യാഥാർഥ്യമാകും പോലെയാണു ശിവഗിരി മഠത്തിന്റെ അധ്യക്ഷ പദവിയിലേക്കു പ്രകാശാനന്ദ എത്തിയതും. പൊതുവെ മിതഭാഷിയായ സ്വാമി പ്രകാശാനന്ദയുടെ ഭരണകാലത്തു ശിവഗിരിയിലുണ്ടായ വളർച്ച ഇതിനു സാക്ഷ്യം പറയുന്നു.

1923ൽ കൊല്ലം പിറവന്തൂരിൽ ജനിച്ച പ്രകാശാനന്ദയുടെ പൂർവാശ്രമത്തിലെ പേര് കുമാരൻ എന്നായിരുന്നു. ബാല്യകാലം മുതൽക്കുതന്നെ അമ്മയോടൊപ്പം വ്രതാനുഷ്ഠാനങ്ങളിൽ പങ്കുചേർന്നും ഗുരുദേവ കൃതികളും മറ്റു പുണ്യഗ്രന്ഥങ്ങളും പാരായണം ചെയ്തുമാണു വളർന്നത്. വൃശ്ചിക മാസത്തിലെ അനിഴം നക്ഷത്രം കണക്കാക്കിയാണു പിറന്നാൾ ആഘോഷിക്കാറുള്ളത്. കാർഷികവൃത്തിക്കു പേരുകേട്ട കുന്നത്തു വീട്ടിൽ അഞ്ചുമക്കളിൽ ഏറ്റവും ഇളയയാൾ. അന്നൊരിക്കൽ കളത്താരടി തറവാട് സന്ദർശിച്ചപ്പോൾ ‘നമുക്കിവിടെ ഒരാളുണ്ടല്ലോ’ എന്നുള്ള ഗുരുദേവ വചനമാണു തന്നെ ശിവഗിരിയിലേക്ക് ആകർഷിച്ചതെന്നു പ്രകാശനന്ദ പറഞ്ഞിട്ടുണ്ട്.

അന്നു മഹാസമാധിയിൽ പൂജാകാര്യങ്ങൾ നോക്കിനടത്തിയിരുന്ന സുധാനന്ദ സ്വാമിയുടെ സഹായിയായിട്ടായിരുന്നു ആത്മീയ ജീവിതത്തിന്റെ തുടക്കം. കുമാരനിലെ കൗമാരകാലം ആത്മീയതയുടെ ഉൾവിളിയാൽ വേറിട്ടതായിരുന്നു. 23ാം വയസ്സിലാണു ശിവഗിരിയിലെത്തിയത്. അന്നു മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ കീഴിലാണു വൈദികപഠനം നടത്തിയത്. പരിവ്രാജകനായി ദീർഘകാലം സഞ്ചാരം നടത്തിയിരുന്ന പ്രകാശാനന്ദ, കന്യാകുമാരി മുതൽ ഹിമാലയം വരെയുള്ള അനേകം തീർഥ സ്ഥാനങ്ങളും പുണ്യ സങ്കേതങ്ങളും ആരാധനാക്രമങ്ങളും ആശ്രമങ്ങളും കാൽനടയായി സന്ദർശിച്ചിട്ടുണ്ട്. വിന്ധ്യപർവതം, അധികമാരും ചെന്നെത്തയിട്ടില്ലാത്ത ഹിമവൽ സാനുക്കൾ, പുണ്യനദികൾ തുടങ്ങി സ്വാമി സന്ദർശിച്ചിട്ടുള്ള തീർഥസ്ഥാനങ്ങൾക്കു കണക്കില്ല.

Swami Prakashananda, Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്വാമി പ്രകാശാനന്ദ. പ്രഫ. എം.കെ.സാനു, ഹൈബി ഈഡൻ എന്നിവർ സമീപം. (ഫയൽ ചിത്രം)

ചെറുപ്രായത്തിൽ തന്നെ തീർഥാടന കേന്ദ്രങ്ങൾ ഒട്ടുമിക്കതും സന്ദർശിച്ച ശേഷം 35ാം വയസ്സിലാണ് അദ്ദേഹം സന്യാസദീക്ഷ സ്വീകരിച്ചത്. ശിവഗിരിക്കു പുറമെ അരുവിപ്പുറം, കുന്നുംപുറം തുടങ്ങിയ സ്‌ഥലങ്ങളിലും ദീർഘകാലം സേവനമനുഷ്‌ഠിച്ചു. 47ാം വയസ്സിലാണ് ആദ്യമായി ശിവഗിരി ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയായത്. അക്കാലത്താണു സമാധിയിലെ ഗുരുദേവ പ്രതിമയുടെ പ്രതിഷ്‌ഠയും രാജ്യാന്തര തലത്തിൽ ശ്രീനാരായണ ഗുരുദേവ വർഷാചരണവും നടത്തിയത്. 1983ലെ ഷഷ്‌ടിപൂർത്തി വേളയിലുണ്ടായ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്നായിരുന്നു പ്രകാശാനന്ദയുടെ മൗനവ്രതാചരണം.

Swami Prakashananda, Mata Amritanandamayi
മാതാ അമൃതാനന്ദമയി‌യുമായി സംസാരിക്കുന്ന സ്വാമി പ്രകാശാനന്ദ. (ഫയൽ ചിത്രം)

പത്തു വർഷത്തേക്ക് ഒരക്ഷരം ഉരിയാടില്ലെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ, സഹപ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി ഇടയ്‌ക്കുവച്ച് നിർത്തേണ്ടിവന്നു. 1983 ഡിസംബർ 4ന് ഷഷ്ഠിപൂർത്തിയാഘോഷം നടന്നതിന്റെ അടുത്തനാൾ മുതൽ എട്ടുകൊല്ലവും മൂന്നു മാസവുമാണു സ്വാമി മൗനവ്രതം അനുഷ്ഠിച്ചത്. 1995-97 കാലഘട്ടത്തിലാണ് ആദ്യമായി ശിവഗിരിയുടെ അധ്യക്ഷപദവിയിലേക്കു പ്രകാശാനന്ദ കടന്നുവന്നത്. ഗുരുദേവന്റെ സന്യസ്ത ശിഷ്യന്മാർ ലോകക്ഷേമാർഥം പരോപകാരം ചെയ്യുകയെന്ന സ്വധർമം അനുഷ്ഠിക്കുന്നവരാണ്. ഇൗ ശിഷ്യപരമ്പരയെ നയിച്ച്, ഗുരുധർമാനുസാരിയായ സമൂഹത്തിന്റെ പുനഃസൃഷ്ടിക്കായി ആയുസ്സും വപുസ്സും സമർപ്പിച്ച മഹാത്മാവാണു പ്രകാശാനന്ദ.

ഗുരുദേവനോടുള്ള അചഞ്ചലമായ ഭക്തിയും ഗുരുധർമത്തിൽ അധിഷ്ഠിതമായ ജീവിതചര്യയുമാണു സ്വാമിയുടെ ജീവിതത്തെ ധന്യമാക്കിയത്. 2013ൽ പ്രകാശാനന്ദയ്ക്കു നടൻ മമ്മൂട്ടി അപ്രതീക്ഷിത പിറന്നാൾ സമ്മാനം നൽകിയതു നല്ലൊരോർമയാണ്. നിലയ്‌ക്കാറായ 250 നിരാലംബ ഹൃദയങ്ങൾക്കു ജീവന്റെ തുടിപ്പേകിയ, നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയറിന്റെ നാലാം വാർഷികാഘോഷമായിരുന്നു വേദി. ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്യാനെത്തിയ സ്വാമി പ്രകാശാനന്ദയ്‌ക്കു സംഘടന അപ്രതീക്ഷിത പിറന്നാൾ മധുരം നൽകി. സ്വാമി പ്രകാശാനന്ദയുടെ 91ാം ജന്മദിനമാണ് അന്ന് ആഘോഷിച്ചത്. സ്വാമിയെ മമ്മൂട്ടി പൂമാല അണിയിച്ചും ഖുർആനും ബൈബിളും മഹാഭാരതവും സമ്മാനിച്ചും പിറന്നാൾ കേക്ക് മുറിച്ചുമാണു വരവേറ്റത്.

Swami Prakashananda, Mammootty
നടൻ മമ്മൂട്ടിക്കു മധുരം നൽകുന്ന സ്വാമി പ്രകാശാനന്ദ (ഫയൽ ചിത്രം)

മനുഷ്യനന്മയ്‌ക്കു വേണ്ടിയുള്ള മഹത് വചനങ്ങളാണു ശ്രീനാരായണ ഗുരുവും മുഹമ്മദ് നബിയും യേശു ക്രിസ്‌തുവും പറഞ്ഞിരിക്കുന്നതെന്നും മനുഷ്യൻ അതെല്ലാം മറക്കുന്നതാണു സമൂഹത്തിലെ മൂല്യച്യുതിക്കു കാരണമെന്നുമാണ് പരിപാടി ഉദ്‌ഘാടനം ചെയ്‌തു സ്വാമി പ്രകാശാനന്ദ പറഞ്ഞത്.

Narendra Modi, Swami Prakashananda
ശിവഗിരി മഠാധിപതിയായിരുന്ന വേളയിൽ സ്വാമി പ്രകാശാനന്ദയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)

മനുഷ്യത്വത്തിന്റെ ശ്രേഷ്ഠതയിൽ ലളിതമായ ജീവിതം നയിച്ച് സ്വാമി ഏവർക്കും മാതൃകയായി. ശിവഗിരി മഠാധിപതിയായിരുന്ന വേളയിൽ സ്വാമി പ്രകാശാനന്ദയെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു. സമൂഹത്തിന്റെ നാനാതുറകളിലുള്ള മനുഷ്യരെ സമഭാവനയോടു കാണാൻ സ്വാമിക്കു സാധിച്ചു.

ഏതൊരു കാലത്തും യാതൊന്നിനെയും വേർതിരിക്കാത്ത ഒരു പ്രിയമുണ്ട്, അതാണ് ആത്മപ്രിയം. ‘പ്രിയമൊരുജാതി’യെന്ന് ഗുരുദേവൻ ആത്മോപദേശ ശതകത്തിൽ വ്യക്തമാക്കുന്നത് ഇൗ ആത്മപ്രിയതയാണ്. ആ ആത്മപ്രിയതയുടെ വെളിച്ചമാണു സ്വാമി പ്രകാശാനന്ദ സമൂഹത്തിൽ പ്രകാശിപ്പിച്ചത്. മാനവരാശിക്കു വഴികാട്ടിയായി കൊളുത്തിവച്ച ആത്മീയതയുടെ സ്നേഹപ്രകാശം, ജ്വലിക്കുന്ന കെടാവിളക്ക്.

English Summary: Life story of Sivagiri Mutt Swami Prakashananda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com