ADVERTISEMENT

തിരുവനന്തപുരം∙ നടൻ ദിലീപ് കുമാറും ഭാര്യയും നടിയുമായ സൈറ ബാനുവും ആരും തിരിച്ചറിയാതെ തലസ്ഥാനത്തെ വഴികളിലൂടെ നടന്നിട്ടുണ്ട്. സ്വതന്ത്രനായി റോഡിലൂടെ നടക്കണമെന്ന ദിലീപ് കുമാറിന്റെ ആഗ്രഹം സാധിച്ചത് 25 വർഷം മുൻപ് സൂര്യ ഫെസ്റ്റിവെല്ലിനെത്തിയപ്പോഴാണ്. 

ഫെസ്റ്റിവെല്ലിനെത്തിയ ദിലീപ് കുമാറിനു മാസ്കറ്റ് ഹോട്ടലിലെ സ്യൂട്ടിലാണ് താമസം ഒരുക്കിയിരുന്നത്. ലോകമെമ്പാടും അറിയപ്പെടുന്ന നടനും ഭാര്യയും താമസിക്കാനെത്തുന്നതിന്റെ ആഹ്ളാദത്തിലായിരുന്നു ഹോട്ടൽ ജീവനക്കാരും. 3 ദിവസമായിരുന്നു തലസ്ഥാനത്തെ പരിപാടികൾ. അതിനിടയിലാണ് തന്റെ ആഗ്രഹം അദ്ദേഹം സൂര്യകൃഷ്ണമൂർത്തിയെ അറിയിക്കുന്നത്. 

‘എനിക്ക് ഒരു വലിയ ആഗ്രഹം ഉണ്ട്. കുറേ നാളുകളായി മനസിൽ കൊണ്ടുനടക്കുന്ന ആഗ്രഹം. മുംബൈയിലോ മറ്റിടങ്ങളിലോ എനിക്കത് സാധിക്കില്ല. വലിയ തിരക്കുള്ള റോഡിലൂടെ എനിക്കു ഭാര്യയുടെ കൈപിടിച്ച് നടക്കണം’–ദിലീപ് കുമാറിന്‍റെ വാക്കുകൾ സൂര്യകൃഷ്ണമൂർത്തി ഓർത്തെടുക്കുന്നു. ദിലീപ് കുമാറിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള തയാറെടുപ്പുകളായി പിന്നീട്. ഭാര്യ സൈറ ബാനുവിന് ധരിക്കാൻ സാരി നൽകി. തിരിച്ചറിയാതിരിക്കാൻ തലയിലൂടെ സാരി ഇട്ടു. സൂര്യകൃഷ്ണമൂർത്തിയുടെ മുണ്ട് ദിലീപ് കുമാറിനു നൽകി. ഷർട്ടും മേൽമുണ്ടും ധരിപ്പിച്ച് തലയിൽ വയ്ക്കാന്‍ തൊപ്പിയും നൽകി. കെൽട്രോൺ ജംക്‌ഷനിലെ വയലാറിന്റെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് മ്യൂസിയത്തിലേക്ക് ഇരുവരും കൈകോർത്തു പിടിച്ച് നടന്നു. 

ആരെങ്കിലും തിരിച്ചറിഞ്ഞ് ആളുകൂടിയാൽ തിരികെ കൊണ്ടുപോകാനായി കുറച്ചു പിന്നാലെയായി സൂര്യ കൃഷ്ണമൂർത്തിയും നടന്നു. മ്യൂസിയം വരെ നടന്നശേഷം ഇരുവരെയും കാറിൽ കയറ്റി ഹോട്ടലിലേക്കു കൊണ്ടുപോയി. തന്റെ ഏറെ നാളത്തെ ആഗ്രഹം പൂർത്തിയായതിന്റെ സന്തോഷത്തിലായിരുന്നു ദിലീപ് കുമാറെന്നു സൂര്യകൃഷ്ണമൂർത്തി പറയുന്നു. എല്ലാവരോടും നന്ദി പറഞ്ഞാണ് അദ്ദേഹവും ഭാര്യയും മടങ്ങിയത്.

English Summary : Soorya Krishnamoorthy rememebering Dilip Kumar's visit to Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com