ADVERTISEMENT

കൊച്ചി∙ സ്വന്തം മകളെ കൊലപ്പെടുത്തി മുട്ടാർ പുഴയിൽ ഉപേക്ഷിച്ചെന്ന കേസിൽ പിതാവ് സനു മോഹനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 236 പേജുള്ള കുറ്റപത്രം പൊലീസ് കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്.

സുഹൃത്തുക്കളും ബന്ധുക്കളും ഫ്ലാറ്റിലെ താമസക്കാരും എല്ലാമായി 40ൽ അധികം പേരാണ് സാക്ഷിപ്പട്ടികയിലുള്ളത്. കൊച്ചി സിറ്റി പൊലീസ് അന്വേഷിച്ച കേസിന്റെ ചുമതല ഡപ്യൂട്ടി കമ്മിഷണർ ഐശ്വര്യ ഡോങ്റെയ്ക്കായിരുന്നു. തൃക്കാക്കര എസിപി ആർ. ശ്രീകുമാർ, തൃക്കാക്കര സിഐ കെ. ധനപാലൻ എന്നിവരും കേസ് അന്വേഷണത്തിനു നേതൃത്വം നൽകി. 

മകളെ കൊലപ്പെടുത്തി രക്ഷപെടാൻ പദ്ധതിയിട്ട സനു കടബാധ്യതകളിൽനിന്ന് ഒളിച്ചോടി പുതിയൊരാളായി ജീവിക്കാൻ ലക്ഷ്യമിട്ടതായാണ് കുറ്റപത്രത്തിലുള്ളത്. മകളെ കൊലപ്പെടുത്തി താനും ആത്മഹത്യ ചെയ്തെന്നു വരുത്തി തീർക്കാനായിരുന്നു ശ്രമം. സാഹചര്യ തെളിവുകളാണ് ഇയാൾക്കെതിരെ ഉള്ളത്. വൈഗയെ കൊലപ്പെടുത്തി താനും ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന സനു മോഹന്റെ മൊഴി വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗോവയിൽ ലഹരിയിൽ വിഷം കലർത്തി കഴിക്കാൻ ശ്രമിച്ചെന്നും കൈഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നുമെല്ലാമുള്ള മൊഴി പൊലീസ് അന്വേഷണത്തിൽ ശരിയല്ലെന്നായിരുന്നു കണ്ടെത്തൽ.

കഴിഞ്ഞ മാർച്ച് 22നാണ് മുട്ടാർ പുഴയിൽ മുങ്ങി മരിച്ച നിലയിൽ വൈഗയുടെ മൃതദേഹം കണ്ടെത്തുന്നത്. തലേ ദിവസം സനുമോഹൻ ഭാര്യയ്ക്കും മകൾക്കും ഒപ്പം ആലപ്പുഴയിലെ ബന്ധുവീട്ടിലെത്തി ഭാര്യയെ അവിടെ ആക്കിയശേഷം രാത്രിയിൽ മകളുമായി കങ്ങരപ്പടിയിലെ ഇവർ താമസിക്കുന്ന ഹാർമണി ഫ്ലാറ്റിലെത്തിയിരുന്നു. തുടർന്നു ഫ്ലാറ്റിൽനിന്നു പുറത്തു പോയ ശേഷം ഇരുവരെയും കാണാതാകുകയുമായിരുന്നു.

ഇതു കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വൈഗയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടരന്വേഷണങ്ങളിൽ സനു മോഹൻ മകളെ കൊലപ്പെടുത്തി സംസ്ഥാനം വിട്ടതാകാമെന്ന് തിരിച്ചറിഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ ഇയാൾ പിടിയിലാകുകയുമായിരുന്നു.

English Summary: Daughter murder case: Charge sheet against Sanu Mohan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com