ADVERTISEMENT

കോട്ടയ്ക്കൽ(മലപ്പുറം) ∙ ആയുർവേദാചാര്യനും കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയുമായ ഡോ.പി.കെ.വാരിയർ (100) വിടവാങ്ങി. കോവിഡാനന്തര ചികിത്സയ്ക്കുശേഷം ആര്യവൈദ്യശാലാ നഴ്സിങ് ഹോമിൽ വിശ്രമത്തിൽ കഴിയവേ ഉച്ചയ്ക്കു പന്ത്രണ്ടോടെയായിരുന്നു അന്ത്യം. വൈകിട്ട് അഞ്ചരയോടെ തറവാട്ടുവളപ്പിൽ സംസ്കരിച്ചു. കഴിഞ്ഞമാസം 8ന് ആണ് അദ്ദേഹത്തിന്റെ നൂറാം ജന്മദിനം (ശതപൂർണിമ) ആഘോഷിച്ചത്.

1921 ജൂൺ 5ന് (ഇടവത്തിലെ കാർത്തിക നക്ഷത്രം) തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ആറു മക്കളിൽ ഇളയവനായാണ് പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാരിയർ എന്ന പി.കെ.വാരിയരുടെ ജനനം. 1947 ൽ ആര്യവൈദ്യശാലാ ഫാക്ടറിയുടെ മാനേജരായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. മാനേജിങ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠൻ പി.എം.വാരിയർ വിമാന അപകടത്തിൽ മരിച്ചതിനെത്തുടർന്ന് 1953 മുതൽ‌ പി.കെ.വാരിയരായിരുന്നു മാനേജിങ് ട്രസ്റ്റി.

ആയുർവേദത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച് 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിനു സമർപ്പിക്കുകയുണ്ടായി. ധന്വന്തരി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അംഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്കാരം, സി.അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാരിയരെത്തേടിയ ബഹുമതികളിൽ ചിലതുമാത്രം.

pk-warrier-6
പ്രസിഡന്റ് പ്രതിഭാ പാട്ടീലിൽനിന്നു പത്മഭൂഷൺ സ്വീകരിക്കുന്ന ഡോ. പി.കെ.വാരിയർ.(ഫയൽ ചിത്രം).

കേരള ആയുർവേദ മണ്ഡലം, അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചു. ‘സ്‌മൃതിപർവ’മെന്ന പേരിൽ രചിച്ച ആത്മകഥ സംസ്‌ഥാന സാഹിത്യ അക്കാദമി അവാർഡിന് അർഹമായി. കവയിത്രി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ: ഡോ. കെ.ബാലചന്ദ്രൻ വാരിയർ, പരേതനായ കെ.വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്രൻ വാരിയർ.

malappuram-pk-1954
ഡോ.പി.കെ.വാരിയർ. 1954 ലെ ചിത്രം.

ശതം പിന്നിട്ട ജീവിതഗാഥ

എത്ര കുറുക്കിയാലും ഒറ്റക്കുറിപ്പടിയിൽ ഒതുങ്ങുന്നതല്ല പി.കെ.വാരിയരുടെ ജീവിതം. ആയുസ്സിന്റെ നൂറു വർഷങ്ങൾക്കിടയിൽ കടന്നുപോകാത്ത വഴികളില്ലെന്നുതന്നെ പറയാം. യൗവനത്തിൽ പഠനമുപേക്ഷിച്ച വിപ്ലവകാരിയായി, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ സാധാരണക്കാരനായ ഫാക്ടറി മാനേജറായി, പിന്നീടതിനെ ചരിത്രനേട്ടങ്ങളിലേക്കു നയിച്ച അമരക്കാരനായി, ലോകം വിശ്വസിക്കുന്ന മഹാ വൈദ്യനായി. കാണെക്കാണെ തിടം വച്ചുപോകുന്ന ജീവിതം. ഒരു വഴിയിലും പിന്നോട്ടു ചവിട്ടിയില്ല. ചവിട്ടിയ വഴികളിലൊന്നും മറ്റൊരു കാൽപാടും ഒപ്പത്തിനെത്തിയുമില്ല.

ശതമണിയുന്ന ഔഷധഗന്ധി... ഡോ.പി.കെ.വാരിയർക്കു നൂറുവയസ്സു തികയുന്ന വേളയിൽ മലയാള മനോരമ ഞായറാഴ്ചപ്പതിപ്പിൽ വന്ന ലേഖനം വായിക്കാം >>

1921ൽ തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടെയും കുഞ്ചിവാരസ്യാരുടെയും ആറു മക്കളിൽ ഇളയവനായാണ് പന്നിയമ്പള്ളി കൃഷ്ണൻകുട്ടി വാരിയർ എന്ന പി.കെ.വാരിയരുടെ ജനനം. ഇടവമാസത്തിലെ കാർത്തിക നക്ഷത്രം (ഇത്തവണ ജൂൺ 8). 

ഉഷ്ണവീര്യവും ശീതവീര്യവും തരാതരംപോലെ ചേർന്ന മരുന്നുകൂട്ടു പോലെയായിരുന്നു ആ ജീവിതയാത്ര. യൗവനത്തിൽ രാഷ്ട്രീയത്തിന്റെ ഉഷ്ണവീര്യം കൊണ്ടു ചുവന്നു. ബോധ്യങ്ങളും മനസ്സുമുറച്ചപ്പോൾ പുലരിയിലെ മഞ്ഞുകണം പോലെ തണുത്തു. എൻജിനീയറാകാൻ മോഹമുണ്ടായിട്ടും കുടുംബപാരമ്പര്യം നയിച്ചത് വൈദ്യപഠനത്തിലേക്കാണ്. വലിയമ്മാവൻ വൈദ്യരത്നം പി.എസ്.വാരിയരിൽ നിന്നു തുടങ്ങിയ ആയുർവേദ പാതയിലൂടെയുള്ള നടത്തം പക്ഷേ, അധികം നീണ്ടില്ല.

P-K-Warrier
ഡോ. പി.കെ. വാരിയര്‍

1942 ൽ ക്വിറ്റ് ഇന്ത്യാ സമരാവേശത്തിൽ പഠനമുപേക്ഷിച്ചു. വീടുവിട്ട് വിപ്ലവകാരിയായി. മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാംപിലായിരുന്നു പിന്നീട് കുറെക്കാലം. ഒളിവിലുള്ള നേതാക്കൾക്കു രഹസ്യസന്ദേശമെത്തിക്കലും ഫാഷിസ്റ്റ് വിരുദ്ധ പ്രചാരണവുമായിരുന്നു അന്നത്തെ പ്രധാന പണി. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാക്കളെയെല്ലാം പരിചയപ്പെടുന്നതും ഹൃദയബന്ധം സ്ഥാപിക്കുന്നതും ഇക്കാലത്താണ്. സജീവ രാഷ്ട്രീയമല്ല ജീവിതവഴിയെന്നു തിരിച്ചറിഞ്ഞ പി.കെ.വാരിയർ അമ്മാവന്റെ വഴിയിലേക്കു തന്നെ തനിയേ തിരിച്ചുവന്നു. വൈദ്യപഠനം പുനരാരംഭിച്ചു. പഠനം പൂർത്തിയാക്കും മുൻപ് ഇരുപത്തിനാലാം വയസ്സിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ട്രസ്റ്റീ ബോർഡിൽ അംഗമായി.

കോട്ടയ്ക്കൽ ആര്യവൈദ്യശാല എന്ന നീലബോർഡിന് ഇന്നു രാജ്യം മുഴുവൻ ബ്രാഞ്ചുകളുണ്ടെങ്കിൽ അതിനെ വളർത്തി വലുതാക്കിയ വിശ്വാസ്യതയ്ക്കും വൈഭവത്തിനും ഒറ്റ ബ്രാഞ്ചേ ഉണ്ടായിരുന്നുള്ളൂ: പി.കെ.വാരിയർ. 1947ൽ ‘അടുക്കള’ എന്നു പേരുള്ള ആര്യവൈദ്യശാലാ ഫാക്ടറിയുടെ മാനേജരായാണ് പി.കെ.വാരിയർ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഡിഎ ഉൾപ്പെടെ 112.50 രൂപയായിരുന്നു മാസ ശമ്പളം. മാനേജിങ് ട്രസ്റ്റിയായിരുന്ന ജ്യേഷ്ഠൻ പി.എം.വാരിയർ വിമാന അപകടത്തിൽ മരിച്ചതിനെത്തുടർന്ന് 1953ൽ‌ പി.കെ.വാരിയർക്ക് ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുക്കേണ്ടി വന്നു.

നേതൃത്വം ഏറ്റെടുക്കുന്ന കാലഘട്ടത്തിൽ 9 ലക്ഷം രൂപ മാത്രമായിരുന്നു ആര്യവൈദ്യശാലയുടെ വാർഷിക വരുമാനമെങ്കിൽ ഇന്നത് 400 കോടി രൂപയ്ക്കു മുകളിലായി. രണ്ടായിരത്തിലധികം പേർ നേരിട്ടു ജോലി നോക്കുന്നു, രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ശാഖകൾ, പ്രതിവർഷം 5 ലക്ഷത്തിലധികം രോഗികൾക്കു സൗഖ്യമേകുന്ന ആതുരസേവനം. എന്തിന്, മരുന്നിൽച്ചേർക്കാൻ മാത്രം പ്രതിമാസം 2 കിലോ സ്വർണം ആവശ്യമുള്ളത്ര പൊന്നാക്കി ആര്യവൈദ്യശാലയെ അദ്ദേഹം മാറ്റിയെടുത്തു. ധർമാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഉദാഹരണങ്ങളാണ്. 1953 മുതൽ നാളിതുവരെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സാരഥ്യം പി.കെ.വാരിയർക്കാണ്. ഇന്ത്യയിൽത്തന്നെ ഇത്രയുംകാലം ഒരു സ്ഥാപനത്തിന്റെ മേധാവിയായിരുന്നയാൾ അപൂർവമായിരിക്കും.

ഡോ. പി.കെ.വാരിയരുടെ ജീവിതം ഒറ്റനോട്ടത്തിൽ

1921 ജൂൺ 5: തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടെയും പന്നിയംപള്ളി കുഞ്ചി വാരസ്യാരുടെ മകനായി ജനനം.
ഗവ. രാജാസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം.
1940: കോട്ടയ്ക്കൽ ആര്യവൈദ്യ പാഠശാല (ഇന്നത്തെ ആയുർവേദ കോളജ്)യിൽ വൈദ്യപഠനം തുടങ്ങി.
1942: ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കാൻ പഠനമുപേക്ഷിച്ചു. മഞ്ചേരിയിലെ കമ്യൂണിസ്റ്റ് ക്യാംപിലായിരുന്നു കുറേക്കാലം. പിന്നീട് തിരിച്ചെത്തി വൈദ്യപഠനം പൂർത്തിയാക്കി
1945: ആര്യവൈദ്യശാലാ ട്രസ്റ്റി ബോർഡ് അംഗം.
1947: ആര്യവൈദ്യശാലാ ഫാക്ടറി മാനേജരായി ജോലിക്കു കയറി. മാധവിക്കുട്ടി കെ.വാരിയരുമായുള്ള വിവാഹം.
1953: ജ്യേഷ്ഠൻ പി.എം.വാരിയർ മരിച്ചതിനെത്തുടർന്ന് മാനേജിങ് ട്രസ്റ്റിയായി ചുമതലയേറ്റു
1981: ഷഷ്ടി പൂർത്തി ആഘോഷം. അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1985: ഇറ്റലി സന്ദർശനം.
1987: ഡെൻമാർക്ക് സന്ദർശനം.
1989: ഇറ്റലി സന്ദർശനം.
1990: യുഎസ്എസ് ആർ സന്ദർശനം.
1994: കാനഡ, ഫ്രാൻസ് സന്ദർശനം.
1996: റഷ്യ സന്ദർശനം.
1997: ഭാര്യയുടെ വിയോഗം. ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ആയുർവേദ മഹർഷി പുരസ്കാരം നൽകി
1998: യുഎസ്എ സന്ദർശനം.
1999: പത്മശ്രീ. വിജയവാഡ അക്കാദമി ഓഫ് ആയുർവേദയുടെ മില്ലേനിയം ഗോൾഡ് മെഡൽ. കാലിക്കറ്റ് സർവകലാശാല ഡിലിറ്റ് എന്നിവ ലഭിച്ചു.
2001: ധന്വന്തരി അവാർഡ്, ആദി സമ്മാൻ പുരസ്കാരം .
2002: കേരള മാനേജ്മെന്റ് അസോസിയേഷൻ മാനേജ്മെന്റ് ലീഡർഷിപ് അവാർഡ്, സ്പെയ്ൻ സന്ദർശനം.
2003: രണ്ടാം തവണയും അഖിലേന്ത്യ ആയുർവേദ കോൺഗ്രസ് പ്രസിഡന്റ്, പി.എസ്.ജോൺ സ്മാരക അവാർഡ്, പതഞ്ജലി പുരസ്കാരം. ഇംഗ്ലണ്ട്, ഷാർജ സന്ദർശനം.
2004 സി.അച്യുത മേനോൻ അവാർഡ്
2005: ശതാഭിഷേകം. മാനേജിങ് ട്രസ്റ്റി ആയിട്ട് 50 വർഷം . ആത്മകഥയായ ‘സ്മൃതിപർവം’ പ്രകാശനം. ജർമനി സന്ദർശനം.
2009: അഷ്ടാംഗരത്നം അവാർഡ്
2010: പത്മഭൂഷൺ.
2011: നവതി ആഘോഷം.
2021: നൂറാം ജന്മദിനം (ശതപൂർണിമ)
2021 ജൂലൈ 10: അന്തരിച്ചു

English Summary: PK Warrier passed away 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com