ADVERTISEMENT

കൊച്ചി ∙ കേരളത്തിൽനിന്നുള്ള വിവിധ റെയിൽ പദ്ധതികളോടു കർണാടക മുഖം തിരിച്ചു നിൽക്കുന്നതിനാൽ മറ്റു വഴികൾ തേടണമെന്ന ആവശ്യം ശക്തമാകുന്നു. നിലമ്പൂർ–നഞ്ചൻഗുഡിനു പിന്നാലെ തലശ്ശേരി–മൈസൂരു പദ്ധതിക്കും കർണാടകം എതിർപ്പറിയിച്ചിട്ടുണ്ട്. കബനി നദിക്കു കുറുകെ തുരങ്കം നിർമിക്കാമെന്ന നിർദേശം പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു കർണാടക എതിർക്കുന്നത്.

കർണാടകയിലേക്കുള്ള കേരളത്തിന്റെ പദ്ധതികളോടൊന്നും അവർ താൽപര്യം കാണിക്കുന്നില്ലെന്നതാണു കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. 2 പദ്ധതികളാണു കേരളം ശുപാർശ ചെയ്തത്. നിലമ്പൂർ–നഞ്ചൻഗുഡ്, തലശ്ശേരി–മൈസൂർ എന്നിവ. എതിർപ്പു കടുത്തതോടെ വയനാട് ജില്ലയിലെ കൽപറ്റ വരെ രണ്ടായി പോകുന്ന പാതകൾ അവിടെനിന്നു മീനങ്ങാടി–ബത്തേരി വഴി മൈസൂരുവിലേക്കു പൊതുവായ ഒരു പാതയിലൂടെ സഞ്ചരിക്കുന്ന തരത്തിലുള്ള പദ്ധതിയാണു കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസിഎൽ) നിർദേശിച്ചിരുന്നത്.

എന്നാൽ, ഇതിനോടും കർണാടക താൽപര്യം കാണിക്കുന്നില്ല. കർണാടക സഹകരിക്കാത്ത സാഹചര്യത്തിൽ സമയം കളയാതെ കേരളം കേന്ദ്രത്തെ സമീപിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. രാജ്യത്ത് ഒട്ടേറെ വന്യജീവി സങ്കേങ്ങൾക്കു സമീപത്തു കൂടി റെയിൽ പാതകൾ കടന്നു പോകുന്നുണ്ട്. കർണാടകയിൽ തന്നെ ഒട്ടേറെ പാതകൾ പശ്ചിമഘട്ടത്തിലൂടെ ഉണ്ടെന്നിരിക്കെ അവർ ഉയർത്തുന്ന എതിർപ്പു പ്രഹസനമാണെന്നു കേരളത്തിലെ സംഘടനകൾ കുറ്റപ്പെടുത്തുന്നു.

Kanha-Pench-Corridor-2
വന്യജീവികളുടെ സഞ്ചാരത്തിനു തടസ്സം വരാത്ത രീതിയിൽ നിർമിച്ചിരിക്കുന്ന എൻഎച്ച് 44 ആകാശപാതയ്ക്കടിയിലൂടെ തടസ്സമില്ലാതെ നടന്നു നീങ്ങുന്ന കടുവ.

കഴിവതും വനമേഖല ഒഴിവാക്കിയുള്ള അലൈൻമെന്റാണു കബനി നദിക്കരയിലൂടെ കെആർഡിസിഎൽ പദ്ധതിക്കായി ആലോചിച്ചത്. വന്യജീവി സങ്കേതങ്ങൾക്കു കുറുകെ ആകാശപാതകളോ തുരങ്കങ്ങളോ നിർമിച്ചാണ് ഇപ്പോൾ രാജ്യത്തു ദേശീയപാതകൾ നിർമിച്ചിരിക്കുന്നത്. ഈ മാതൃക ഇവിടെയും സ്വീകരിക്കാൻ കഴിയും.

മധ്യപ്രദേശിലെ പെഞ്ച് ടൈഗർ റിസർവിനു മുകളിലൂടെയാണു ദേശീയപാത 44 ന്റെ നാഗ്പുർ–സിയോണി സെക്‌ഷൻ കടന്നു പോകുന്നത്. 37 കിലോമീറ്റർ ദൂരമുള്ള പാതയിൽ 5 അടിപ്പാതകളും 4 ചെറിയ പാലങ്ങളുമാണുള്ളത്. ഇതു  മൃഗങ്ങളുടെ സഞ്ചാര പാതകൾ തടസ്സപ്പെടാതിരിക്കാൻ സഹായിക്കുന്നു. 2009ലാണു ദേശീയപാത അതോറിറ്റി പദ്ധതി ആരംഭിച്ചത്. 1170 കോടി രൂപയായിരുന്നു ചെലവു കണക്കാക്കിയത്. പരിസ്ഥിതി വാദികൾ എതിർപ്പുമായി എത്തിയതോടെ വന്യമൃഗങ്ങളുടെ തടസ്സമില്ലാത്ത സഞ്ചാരത്തിനായി തുരങ്ക പാതകളും പാലങ്ങളും നിർമിക്കാൻ ദേശീയപാത അതോറിറ്റി തയാറാവുകയായിരുന്നു. 

240 കോടി രൂപയാണു പദ്ധതിയിൽ അധികമായി ചെലവഴിച്ചത്. ആനത്താരകൾ സംരക്ഷിക്കാൻ അസമിലെ ലുംഡിങ്ങിൽ എൻഎച്ച് 54ൽ 2 ആനത്താരകൾ സംരക്ഷിച്ചു കൊണ്ടാണു റോഡിന്റെ ഡിസൈൻ തയാറാക്കിയിരിക്കുന്നത്. ഹരിദ്വാർ–ഡെറാഡൂൺ ഹൈവേയിലും 3 തുരങ്കപാതകൾ ആനകൾക്കായി നിർമിച്ചിച്ചിട്ടുണ്ട്. വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനായി ഇത്തരം നടപടികൾ സ്വീകരിക്കുമ്പോൾ പദ്ധതി ചെലവു ഗണ്യമായി വർധിക്കുമെന്നതാണു പ്രശ്നം. എന്നാൽ കർണാടക പോലെ എതിർപ്പുയർത്തുന്ന സംസ്ഥാനങ്ങളിൽ ഇതല്ലാതെ മറ്റു പോംവഴികളില്ല. പദ്ധതിയുമായി ബന്ധപ്പെട്ടു കർണാടകയ്ക്കു കത്തയച്ചു സമയം പാഴാക്കാതെ കേന്ദ്രസർക്കാർ മധ്യസ്ഥതയിൽ ചർച്ച നടത്തണം.

നിലമ്പൂർ–കൽപറ്റ പാതയുടെ സർവേ കെആർഡിസിഎൽ ആരംഭിച്ചിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചു. കർണാടയുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമില്ലാതെ സർവേയുമായി മുന്നോട്ടു പോകേണ്ടെന്ന നിലപാടാണു സർക്കാരിനുള്ളതെന്നാണു സൂചന. പദ്ധതി നടപ്പാക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നു കെആർഡിസിഎൽ അധികൃതർ പറഞ്ഞു. നിലവിലുള്ള റോഡിനടിയിലൂടെ തുരങ്ക പാത നിർമിക്കുന്നതുൾപ്പെടെയുള്ള സാധ്യതകൾ പരിഗണിക്കാവുന്നതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

English Summary: Karnataka stalls Kerala's proposal to develop Thalassery-Mysuru rail line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com