ADVERTISEMENT

ഹവാന∙ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം നേരിട്ട് ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും നേരിടുന്ന ഘട്ടത്തിലാണ് അതിശക്തമായ പ്രതിഷേധം അരങ്ങേറുന്നത്. പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേലിന്റെ രാജി ആവശ്യപ്പെട്ടാണ് 'ഏകാധിപത്യം തുലയട്ടെ' എന്ന മുദ്രാവാക്യവുമായി ഹവാന മുതല്‍ സാന്റിയാഗോ വരെ തെരുവില്‍ പ്രക്ഷോഭകര്‍ അണിനിരക്കുന്നത്. 

പ്രക്ഷോഭകരെ നേരിടാനായി വന്‍ സൈനികവിന്യാസമാണു നടത്തിയിരിക്കുന്നത്. കണ്ണീർവാതകവും ലാത്തിച്ചാര്‍ജുമായി പൊലീസ് പ്രതിഷേധക്കാരെ തുരത്തി. നിരവധി പേരെ അറസ്റ്റ് ചെയ്തു. ഭക്ഷണം, വൈദ്യുതി എന്നിവയുടെ ദൗര്‍ലഭ്യവും പ്രതിദിന കേസുകള്‍ വര്‍ധിക്കുമ്പോഴും കോവിഡ് മരുന്നുകള്‍ ലഭ്യമല്ലാത്തതുമാണ് പ്രധാനമായും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനു കാരണം. ഡെല്‍റ്റ വകഭേദത്തിന്റെ വരവോടെ ക്യൂബയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഞായറാഴ്ച 6,923 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 47 പേര്‍ മരിച്ചു. ഇതിനൊപ്പമാണ് ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്. ദാരിദ്ര്യത്തിലാണെന്നും സഹായം വേണമെന്നും സൂചിപ്പിച്ച് മിക്ക വീടുകളുടെ മുന്നിലും വെളുത്ത കൊടി കെട്ടിയിരിക്കുകയാണ്. 

CUBA-POLITICS-DEMONSTRATION
പ്രസിഡന്റ് അനുകൂലികള്‍ ആയുധങ്ങളുമായി തെരുവില്‍. (Photo by YAMIL LAGE / AFP)

പ്രക്ഷോഭം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സംവിധാനം ഞായറാഴ്ച ഉച്ച മുതല്‍ റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തെരുവില്‍ നേരിടണമെന്ന് പ്രസിഡന്റ് മിഗേല്‍ ഡൂയസ് കനേല്‍ ആഹ്വാനം ചെയ്തു. ക്യൂബന്‍-അമേരിക്കന്‍ മാഫിയയാണ് പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെന്നും മിഗേല്‍ ആരോപിച്ചു. അമേരിക്കന്‍ ഏജന്‍സികള്‍ പണം മുടക്കിയാണ് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ ഇപ്പോഴത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തയാറായിട്ടില്ലെന്നും മിഗേല്‍ കുറ്റപ്പെടുത്തി. 

അതേസമയം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ക്യൂബന്‍ ഭരണകൂടം തയാറാകണമെന്നും ദാരിദ്ര്യവും അടിച്ചമര്‍ത്തലും അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്യൂബയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയാണ് അമേരിക്ക ചെയ്യേണ്ടതെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപസ് ഒബ്രഡോര്‍ പറഞ്ഞു. മരുന്നുകളും വാക്‌സീനും എത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 

US-CUBA-POLITICS-DEMONSTRATION
ക്യൂബന്‍ സര്‍ക്കാരിനെതിരെ മിയാമിയില്‍ നടന്ന പ്രതിഷേധം. (Photo by Eva Marie UZCATEGUI / AFP)

ക്യൂബയില്‍ പുറത്തുനിന്നു ഒരുതരത്തിലുള്ള ഇടപെടലും അംഗീകരിക്കില്ലെന്നും റഷ്യ വ്യക്തമാക്കി. ക്യൂബന്‍ സര്‍ക്കാരിന്റെ പരമാധികാരം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു. ശീതയുദ്ധ കാലം തൊട്ട് ക്യൂബയ്‌ക്കൊപ്പമുള്ള റഷ്യയാണ് ഇപ്പോഴും സഹായവുമായി രംഗത്തുള്ളത്. 

CUBA-POLITICS-DEMO
ഹവാനയില്‍ പ്രക്ഷോഭകരെ നേരിടാന്‍ പൊലീസ് രംഗത്തിറങ്ങുന്നു.(Photo by YAMIL LAGE / AFP)

ആറു പതിറ്റാണ്ടിലേറെയായി കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള ക്യൂബ, യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതോടെ കടുത്ത പ്രതിസന്ധിയിലായി. അരി ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ ലഭ്യത കുറഞ്ഞു. കോവിഡ് മൂലം ടൂറിസം മേഖലയും തകര്‍ച്ചയിലായതോടെ വ്യാപാരികളും ടാക്‌സി ഡ്രൈവര്‍മാരും ഉള്‍പ്പെടെ പട്ടിണിയിലായി. ഇതോടെ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭവുമായി ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു.

ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കാസ്‌ട്രോ കുടുംബത്തിന്റെ ആറ് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് 2021 ഏപ്രിലിലാണ് പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി സ്ഥാനം റൗള്‍ കാസ്‌ട്രോയില്‍നിന്ന് അറുപതുകാരനായ മിഗേല്‍ ഡൂയസ് കനേല്‍ ഏറ്റെടുത്തത്. 1959 മുതല്‍ 2006 വരെ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ഈ സ്ഥാനത്ത്.

English Summary: Cuba sees biggest anti-government protests in decades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com