ADVERTISEMENT

കൊച്ചി ∙ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കണ്ണൂർ സ്വദേശി അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യവുമായി കസ്റ്റംസ് ഹൈക്കോടതിയിൽ. കഴിഞ്ഞ ദിവസം ഇയാളുടെ കസ്റ്റഡി ആവശ്യം കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കോടതി തള്ളിയിരുന്നു. തുടർന്നാണു കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചത്. ഏഴു ദിവസത്തേക്കുകൂടി കസ്റ്റഡിയിൽ വേണമെന്ന ആവശ്യമാണു കോടതി തള്ളിയത്.

അർജുൻ ആയങ്കിയുടെ മൊഴിയിലും ഭാര്യയുടെയും മറ്റു പ്രതികളുടെയും മൊഴികൾ തമ്മിലും വൈരുധ്യമുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഭാര്യയുടെ അമ്മ നൽകിയ പണത്തിനു കാർ വാങ്ങി എന്നാണ് അർജുൻ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയത്. എന്നാൽ ഭാര്യയുടെ മൊഴിയിൽ അങ്ങനെയല്ല എന്നു വ്യക്തമായിരുന്നു.

അതിനിടെ, ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ ഹാജരായി. രാവിലെ 11 മണിയോടെയാണ് കൊച്ചിയിലെ ഓഫിസിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഇയാൾ കസ്റ്റംസ് ഓഫിസിൽ ഹാജരായെങ്കിലും നോട്ടിസ് ലഭിച്ച തീയതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു മടക്കി അയച്ചിരുന്നു.

നേരത്തേ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ്, അർജുൻ എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ഷാഫിയുടെ പിന്തുണയിലാണു സംഘം സ്വർണം കടത്തുകയും പൊട്ടിക്കൽ നടത്തുകയും ചെയ്തത് എന്നാണു മൊഴി.  അന്വേഷണ സംഘം ഇയാളുടെ വീട്ടിൽ പരിശോധന നടത്തി ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചിരുന്നു. 

English Summary: Gold smuggling: Customs seeks custody of Arjun Ayanki in Kerala High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com