ADVERTISEMENT

കൊൽക്കത്ത ∙ ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവായ കൊൽക്കത്തയിലെ സോണാഗച്ചി  കാലത്തിനനുസരിച്ച്  ഓൺലൈൻ ആകുന്നു.  കോവിഡ് ആദ്യ തരംഗത്തിൽ കുറച്ചുപേർ മാത്രമാണ് ഓൺലൈൻ സെക്സിൽ ഏർപ്പെട്ടിരുന്നെങ്കിൽ രണ്ടാംതരംഗത്തോടെ വലിയൊരു ശതമാനം പെൺകുട്ടികൾ നിലനിൽപ്പിനായി ഓൺലൈനിലേക്ക് മാറി.

സോണാഗച്ചിയിൽ മാത്രം 11,000 ലൈംഗികത്തൊഴിലാഴികൾ ഉണ്ടെന്നാണ് കണക്ക്. ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും നേപ്പാളിൽ നിന്നും ഇവിടെ പെൺകുട്ടികൾ എത്തുന്നു. 

കോവിഡ് ആദ്യ തരംഗത്തിൽ തന്നെ ലോക്ഡൗൺ മൂലം ഇവർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇതോടെയാണ് പലരും ഓൺലൈനിലേക്ക്  മാറിയത്. പലരും കൊൽക്കത്തയിൽ ജോലി ചെയ്തു വീടുകളിലേക്ക്  പണം അയയ്ക്കുന്നവരാണ്. 

∙ ഗൂഗിൾ പേ, ബാങ്ക് ട്രാൻസ്ഫർ

ഫോൺ സെക്സ്, വിഡിയോ സെക്സ് എന്നിവയിൽ ഏർപ്പെടുന്നവർ ഗൂഗിൾ പേ വഴിയും ബാങ്ക് ട്രാൻസ്ഫർ വഴിയുമാണ്  ഇടപാടുകാരില്‍നിന്ന്‌ പണം വാങ്ങുന്നത്. ചില എൻജിഒകൾ സ്മാർട്ട് ഫോൺ വാങ്ങി നൽകുകയും ചെയ്തു. നോട്ട് നിരോധനം തൊട്ടു തന്നെ പലരും വെർച്വൽ സെക്‌സിലേക്ക് മാറിയിരുന്നതായും ലോക്‌ഡൗൺ ഇതിന്റെ ആക്കം കൂട്ടിയതായും ലൈംഗികത്തൊഴിലാഴികൾക്കിടയിൽ പ്രവർത്തിക്കുന്ന ദർബാർ മഹിളാ സമന്വയ കമ്മിറ്റിയുടെ അഡ്വക്കസി ഓഫിസർ മഹേശ്വതാ മുഖർജി പറഞ്ഞു.

Sonagachi--edited-3

യുഎസിലെ ഹാർവഡ് മെഡിക്കൽ സ്കൂളും യേൽ സ്കൂൾ ഓഫ് മെഡിസിനും  ചേർന്ന് ലോക്ഡൗൺ കാലത്ത് ഇന്ത്യയിലെ ചുവന്ന തെരുവുകളിലെ പ്രത്യാഘാതങ്ങളെക്കുറിച്ചു നേരത്തേ പഠനം നടത്തിയിരുന്നു. ലോക്‌ഡൗണിനും നോട്ടുനിരോധനത്തിനും പുറമെ സോണാഗച്ചിയിലെ ലൈംഗികത്തൊഴിലാളികൾക്ക് നേരത്തേ തന്നെ തൊഴിൽ നഷ്ടം ഉണ്ടായിരുന്നതായി ദർബാർ മഹിളാ സമന്വയ സമിതി ചൂണ്ടിക്കാട്ടുന്നു. 

ഓൺലൈൻ എസ്കോർട്ട് സർവീസുകൾ വ്യാപിക്കുക വഴി 25% വരുമാന നഷ്ടമാണ് ഇവർക്കുണ്ടായതായി കണക്കാക്കപ്പെടുന്നത്.  സോണാഗച്ചിയിൽ വരാതെ പലരും സുരക്ഷിതമെന്ന് കരുതി ഓൺലൈൻ  എസ്കോർട്ട് സർവീസുമായി ബന്ധപ്പെടുകയാണ്. പക്ഷേ പലരും ഇവിടെ കബളിപ്പിക്കപ്പെടുകയാണെന്ന് ദർബാർ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ലൈംഗികത്തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന ബംഗാളിലെ ഏറ്റവും വലിയ സംഘടനയാണ് ദർബാർ.

∙ പ്രതിമാസം 25,000 മുതൽ രണ്ടര ലക്ഷം വരെ

ദർബാറിന്റെ കണക്കുകൾ പ്രകാരം പ്രതിമാസം 25,000 രൂപ മുതൽ രണ്ടര ലക്ഷം രൂപ വരെ സമ്പാദിക്കുന്നവരാണ് സോണാഗച്ചിയിലെ ലൈംഗികത്തൊഴിലാളികൾ. ഇതിൽ കൂടുതൽ പണം വാങ്ങുന്നവർ കഷ്ടിച്ച് രണ്ടായിരം പേർ മാത്രമേയുള്ളു. പകുതിയോളം പേർ പ്രതിമാസം 70,000 രൂപ വരെ സമ്പാദിക്കുന്നു.

ഇടനിലക്കാരെ ഉപയോഗിച്ച് ബിസിനസ് ചെയ്യുന്ന ഈ രണ്ടുവിഭാഗമാണ് ലോക്ഡൗൺമൂലം തൊഴിൽ നഷ്ടപ്പെട്ടവർ. ബാക്കി ചെറിയ വരുമാനമുള്ള പാവപ്പെട്ട ലൈംഗികത്തൊഴിലാളികൾ തെരുവുകളിൽ ഇറങ്ങി ഉപഭോക്താക്കളെ കണ്ടെത്തുന്നവരാണ്. ഇവരെ കാര്യമായി ലോക്ഡൗൺ ബാധിച്ചിട്ടില്ലെന്നാണ് സംഘടന പറയുന്നത്. ഒരു വിഡിയോ കോളിന് 500 രൂപ മുതൽ ഈടാക്കിയാണ് പലരും വെർച്വൽ സെക്ലിലേക്ക് മാറിയത്.

Sonagachi-edited-2

നോർത്ത് കൊൽക്കത്തയിലാണ് സോണാഗച്ചി. റോഡിന്റെ ഇരുവശത്തുമുള്ള ബഹുനില മന്ദിരങ്ങളാണ് വേശ്യാലയങ്ങളായി പരിണമിച്ചത്. സന്നദ്ധപ്രവർത്തകരുടെ ഇടപെടൽമൂലം എച്ച്ഐവി ഉൾപ്പെടെയുള്ള ലൈംഗിക രോഗങ്ങൾ നിയന്ത്രിക്കാൻ ഇവിടെ കഴിഞ്ഞിട്ടുണ്ട്.

∙ എച്ച്ഐവി നിരക്ക് 5.17%

ആയിരങ്ങൾ തിങ്ങിപ്പാർത്തിട്ടും സോണാഗച്ചിയിലെ എച്ച്ഐവി ബാധിതരുടെ ശതമാനം ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികളിലെ എച്ച്ഐവിയുടെ ദേശീയ ശരാശരിക്ക് തുല്യം മാത്രമാണ്. 5.17 % ലൈംഗികത്തൊഴിലാളികൾ സോണാഗച്ചിയിൽ എച്ച്ഐവി ബാധിതരാണെന്നാണ് റിപ്പോർട്ട്.

കോവിഡിന്റെ രണ്ടാംതരംഗം അവസാനിക്കാനിരിക്കെ സോണാഗച്ചിയിൽ വാക്സിനേഷനുകളും പുരോഗമിക്കുന്നുണ്ട്. ഭൂരിപക്ഷം പേരും  ആദ്യ വാക്സീൻ പൂർത്തിയാക്കിയതായി അധികൃതർ പറയുന്നു. 18 വയസ്സിനു മുകളിലുള്ളവർക്കായി പ്രത്യേക വാക്സീൻ ക്യാംപുകൾ ഇവിടെ നടന്നിട്ടുണ്ട്.

English Summary: Sonagachi shows green light to online to deal with Covid-induced job loss, livelihood challenges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com