ADVERTISEMENT

കൊല്ലം ∙ രാജ്യത്തെ സേനാ വിഭാഗങ്ങൾക്ക് ആവശ്യമായ ആയുധങ്ങളും മറ്റ് അനുബന്ധ പ്രതിരോധ സാമഗ്രികളും നിർമിക്കുന്ന ആയുധ നിർമാണ ശാലകളെല്ലാം വിഭജിച്ചു ഏഴു പൊതുമേഖലാ കമ്പനികളാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെച്ചൊല്ലി രാജ്യത്തു ചർച്ച ചൂടുപിടിക്കുന്നു. ആയുധ നിർമാണ മേഖലയുടെ സ്വകാര്യവത്കരണത്തിനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു.

റിലയൻസ്, അദാനി ഗ്രൂപ്പ്, ലാർസൻ ആൻഡ്‌ ടൂബ്രോ തുടങ്ങിയ വൻകിട കോർപറേറ്റു കമ്പനികൾ ഈ മേഖലയിലേക്കു കടന്നുവരാനുള്ള താൽപര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചു കഴിഞ്ഞ പശ്ചാത്തലത്തിലാണു പ്രതിപക്ഷ ആരോപണം ചൂടുപിടിക്കുന്നത്. 10  സംസ്ഥാനങ്ങളിലെ 24 കേന്ദ്രങ്ങളിലായി 41 ഓർഡനൻസ് ഫാക്ടറികൾ, 9 ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, 3 മേഖലാ മാർക്കറ്റിങ് കേന്ദ്രങ്ങൾ, 4 മേഖലാ സുരക്ഷാ കൺട്രോൾ കേന്ദ്രങ്ങൾ എന്നിവയാണ് കൊൽക്കത്ത ആസ്ഥാനമായ ഓർഡനൻസ് ഫാക്ടറി ബോർഡിനു കീഴിലുള്ളത്‌.

അറുപതിനായിരം ഏക്കറിലധികം ഭൂമിയും ബഹുനില കെട്ടിടങ്ങളും അസംഖ്യം വാഹനങ്ങളും അത്യന്താധുനിക സാങ്കേതിക സംവിധാനങ്ങളോടു കൂടിയ യന്ത്ര സാമഗ്രികളും ഉയർന്ന സുരക്ഷാ സംവിധാനങ്ങളും ഓർഡനൻസ് ഫാക്ടറികൾക്ക് സ്വന്തമായുണ്ട്.  രാജ്യത്തെ 3 പ്രധാന സേനാവിഭാഗങ്ങൾക്കു പുറമേ കേന്ദ്ര പാരാ മിലിട്ടറി ഫോഴ്സിനും സംസ്ഥാന പൊലീസ് സേനകൾക്കും ആവശ്യമായ ആയുധങ്ങൾ, കവചിത വാഹനങ്ങൾ, ടാങ്കുകൾ, ബുള്ളറ്റ് പ്രൂഫ്‌ ജാക്കറ്റുകൾ, പാരച്യൂട്ടുകൾ, തണുപ്പിൽ നിന്നും കടുത്ത മഞ്ഞിൽ നിന്നും രക്ഷ നേടാനുള്ള വസ്ത്രങ്ങൾ, തുടങ്ങി എല്ലാ ഉൽപന്നങ്ങളും  നിർമ്മിക്കുന്ന ഈ ഫാക്ടറികളെല്ലാം ഗുണനിലവാരം നിശ്ചയിക്കുന്ന ISO-9000 സർട്ടിഫിക്കറ്റ് ലഭിച്ചവയുമാണ്. 

∙ വാജ്പേയി അന്നു പുകഴ്ത്തി, കേന്ദ്രം ഇന്നു മറന്നു

1999 ലെ കാർഗിൽ യുദ്ധ സമയത്ത് ഓർഡനൻസ് ഫാക്ടറികൾ നൽകിയ സംഭാവനകളെ പുകഴ്ത്തി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി പാർലമെന്റിൽ നടത്തിയ പ്രസംഗം ഈ സ്ഥാപനങ്ങളുടെ മഹത്വം വെളിവാക്കുന്നതാണ്. അതീവ രഹസ്യമായി രൂപകൽപന ചെയ്യേണ്ടതും സർക്കാരിന്റെ പരിപൂർണ സുരക്ഷയിലും മേൽനോട്ടത്തിലും മാത്രം നിർമ്മിക്കേണ്ടവയുമായ പ്രതിരോധ ഉപകരണങ്ങൾ സ്വകാര്യ കമ്പനികൾ നിർമ്മിച്ചു വിപണനം നടത്തുമ്പോഴുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങളും സുരക്ഷാ ആശങ്കകളും കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ കാതൽ. വാജ്പേയി അന്നു പുകഴ്ത്തിയെങ്കിൽ ഇന്നത്തെ കേന്ദ്ര സർക്കാർ അതു ഓർക്കുന്നുപോലുമില്ലത്രെ. 

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഈ സ്ഥാപനങ്ങളിൽ 80000 ൽപരം തൊഴിലാളികളാണു ജോലി ചെയ്യുന്നത്. കമ്പനിവത്കരണം നടപ്പായാൽ, സർക്കാർ ജീവനക്കാരായി ജോലിയിൽ പ്രവേശിച്ച ഇത്രയും തൊഴിലാളികൾ സ്വകാര്യ കമ്പനി തൊഴിലാളികളായി വിരമിക്കേണ്ടുന്ന സ്ഥിതിയുണ്ടാകും. 

∙ നീക്കം നേരത്തെ ഊർജിതമായി

പ്രതിരോധ ഉപകരണ നിർമ്മാണ ശാലകളെ സ്വകാര്യവൽക്കരിക്കുകയോ കോർപറേഷനുകളാക്കുകയോ ചെയ്യണമെന്ന നിർദ്ദേശം നേരത്തെ തന്നെ കേന്ദ്ര സർക്കാരിനു മുന്നിലെതിയിരുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഇത്തരമൊരു നിർദേശം ഉയർന്നെങ്കിലും തൊഴിലാളികളുടെ ശക്തമായ എതിർപ്പിനെത്തുടർന്നു ഉപേക്ഷിക്കുകയായിരുന്നു. 

ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് ഈ ഫയലുകൾ പൊടി തട്ടിയെടുക്കുകയും ഉദ്യോഗ തലത്തിൽ ചർച്ചകൾ ആരംഭിക്കുകയും ചെയ്തതായി നാഷനൽ പ്രോഗ്രസ്സീവ് ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ വർക്കിങ് പ്രസിഡന്റും ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറിയുമായ ജി. ദേവരാജൻ ആരോപിച്ചു.

ഇതേക്കുറിച്ച് പ്രതിപക്ഷം പാർലമെന്റിൽ ചോദ്യം ഉന്നയിച്ചപ്പോൾ തൽക്കാലം സർക്കാർ അങ്ങനെ ചിന്തിച്ചിട്ടില്ല എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ മറുപടി. എന്നാൽ രണ്ടാം മോദി സർക്കാരിൽ മുൻ പ്രതിരോധ മന്ത്രി ധനകാര്യ മന്ത്രിയായി വന്നപ്പോൾ ആദ്യത്തെ കോവിഡ് പാക്കേജിൽ തന്നെ പ്രതിരോധ ഉപകരണ നിർമ്മാണ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 74 ശതമാനമാക്കി ഉയർത്തുകയും മേഖലയെ സ്വകാര്യവൽകരിക്കുമെന്ന സൂചനകളും നൽകിയതായി ദേവരാജൻ ചൂണ്ടിക്കാട്ടുന്നു. 

∙ വിഫലമായി ചർച്ചകൾ 

തൊഴിലാളികൾ വീണ്ടും  പ്രതിഷേധവുമായി രംഗത്തെത്തുകയും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അനിശ്ചിതകാല സമരത്തിനു നോട്ടിസ് നൽകുകയും ചെയ്തു. തൊഴിലാളി സംഘടനകൾ സമര രംഗത്തേക്ക് ഇറങ്ങിയപ്പോൾ കേന്ദ്ര ചീഫ് ലേബർ കമ്മിഷണർ മധ്യസ്ഥ ചർച്ചയ്ക്കു സന്നദ്ധത പ്രകടിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച മധ്യസ്ഥത ചർച്ച ഇക്കഴിഞ്ഞ ജൂൺ 15 നാണ് അവസാനിച്ചത്.

കോർപറേഷൻ/സ്വകാര്യവൽകരണ നീക്കത്തിൽ നിന്നും സർക്കാർ പിന്നാക്കം പോകില്ലെന്നു വ്യക്തമാക്കിയ കേന്ദ്ര സർക്കാർ, തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകളെക്കുറിച്ച് ആശങ്ക വേണ്ടെന്ന ഉറപ്പു നൽകിയെങ്കിലും ആശങ്കകൾക്കു വിരാമമായിട്ടില്ല. തൊഴിലാളികൾ  നിലപാടിൽ ഉറച്ചു നിന്നതോടെ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടുവെന്നു ചീഫ് ലേബർ കമ്മിഷണർ വിധി പറയുകയും റിപ്പോർട്ട് സർക്കാരിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ (ജൂൺ 16) എല്ലാ ഓർഡനൻസ് ഫാക്ടറികളെയും 7 കോർപറേഷനുകളായി വിഭജിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ പ്രതിഷേധ സമരപരിപാടികൾ പുനരാരംഭിക്കാൻ തൊഴിലാളി സംഘടനകളും തീരുമാനിച്ചിരിക്കുകയാണ്. 

∙ സമരങ്ങൾ നിരോധിച്ചത് എന്തിന് ?

കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനത്തിനു പിന്നാലെ, ജൂൺ 30 നു, പ്രതിരോധ ഉപകരണ നിർമാണ മേഖലയിൽ സമരങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചു കൊണ്ടു കേന്ദ്ര സർക്കാർ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിച്ചു. ഇത് അടുത്ത പാർലമെന്റ് സമ്മേളനത്തിൽ നിയമമാകാനാണു സാധ്യത. സമരം ചെയുക, സമരത്തിനു പ്രേരിപ്പിക്കുക, സമരത്തിനു സാമ്പത്തിക സംഭാവന നൽകുക, സമരത്തെക്കുറിച്ചു കൂട്ടം ചേർന്ന് ആലോചിക്കുക തുടങ്ങി സമരമെന്ന വാക്ക് ഉച്ചരിച്ചാൽ പോലും അന്വേഷണം കൂടാതെ സർവീസിൽ നിന്നും പിരിച്ചുവിടാനും രണ്ടു വർഷം വരെ തടവും 15000 രൂപ പിഴയും അനുഭവിക്കേണ്ടി വരുമെന്നുമുള്ള കടുത്ത വ്യവസ്ഥകളാണ് അവശ്യ പ്രതിരോധ സേവന ഓർഡിനൻസിൽ ഉള്ളതെന്നു ദേവരാജൻ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Arms industries in India, Privatisation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com