ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സിനു ലോകാരോഗ്യ സംഘടന 2-3 മാസത്തിനുള്ളിൽ അടിയന്തര ഉപയോഗാനുമതി നൽകുമെന്നു കേന്ദ്ര സർക്കാർ. രാജ്യസഭയിലാണു സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, വാക്സീന്റെ അംഗീകാരത്തിനായുള്ള വിവരങ്ങൾ ലോകാരോഗ്യ സംഘടനയ്ക്കു ജൂലൈ ഒൻപതിനു നൽകിയിരുന്നു. സെപ്റ്റംബർ–ഒക്ടോബറോടെ നടപടികൾ പൂർത്തിയാകുമെന്നാണു കരുതുന്നത്.

എന്നാൽ, ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചത് ‘അടുത്ത 4–6 ആഴ്ചയിൽ’ കോവാക്സിന് അംഗീകാരം കിട്ടുമെന്നായിരുന്നു. അതായത് ഓഗസ്റ്റിൽ. ഇതിൽനിന്നു വ്യത്യസ്തമായ വിവരമാണു കേന്ദ്ര സർക്കാർ സഭയെ അറിയിച്ചത്. കോവിഡ് ഭീഷണി മാറിയിട്ടില്ലാത്തതിനാൽ, കോവാക്സിന് അനുമതി കിട്ടുന്നതു വാക്സിനേഷന്റെ വേഗം കൂട്ടുന്നതിലടക്കം വലിയ മാറ്റമുണ്ടാക്കുമെന്നാണു കരുതുന്നത്.

കോവിഡ് വാക്സിനേഷൻ പദ്ധതിക്കായി 35,000 കോടി രൂപയാണു സർക്കാർ നീക്കിവച്ചിട്ടുള്ളതെന്നും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ രാജ്യസഭയെ അറിയിച്ചു. വാക്സിനേഷൻ പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ മന്ത്രി, 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഡിസംബറോടെ കുത്തിവയ്പ് നൽകാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

(Photo: PRAKASH SINGH / AFP)
(Photo: PRAKASH SINGH / AFP)

കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണ ഡേറ്റ പ്രതീക്ഷ നൽകുന്നതാണെന്നും ഓഗസ്റ്റിൽ അംഗീകാരം കിട്ടിയേക്കുമെന്നുമായിരുന്നു സൗമ്യ സ്വാമിനാഥൻ പറഞ്ഞത്. ‘കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഡേറ്റ നല്ലതും പ്രോത്സാഹജനകവുമാണ്. കൊറോണ വൈറസ് വകഭേദങ്ങളിലും വാക്സീൻ പരിശോധിച്ചിട്ടുണ്ട് എന്നതു നല്ല കാര്യമാണ്. ഡെൽറ്റ വേരിയന്റിനെതിരായ ഫലപ്രാപ്തി താരതമ്യേന കുറവാണെങ്കിലും മൊത്തത്തിലുള്ള പ്രകടനം ഉയർന്നു നിൽക്കുന്നു. അവ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുമുണ്ട്’– സൗമ്യ പറഞ്ഞു. ഗുരുതര ലക്ഷണങ്ങളുള്ള കോവിഡിനെതിരെ 93.4 ശതമാനവും ലക്ഷണങ്ങളില്ലാത്തതിനെതിരെ 63.6 ശതമാനവും കോവാക്സിൻ ഫലപ്രാപ്തി പ്രകടമാക്കിയെന്നാണു റിപ്പോർട്ട്. 

English Summary: Covaxin's WHO Approval Likely By September-October; Centre Clarifies Vaccination Deadline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com