‘പ്രധാനമന്ത്രി പറഞ്ഞതു നടപ്പാക്കി, സ്‌നേഹം കൊണ്ട് മിസോറം കീഴടക്കി: ഇനി ഗോവയിൽ’

PS Sreedharan Pillai Photo Credit: rajbhavan.mizoram.gov.in
മിസോറമിലെ ഷാംപെയ് ജില്ല സന്ദർശിക്കുന്ന പി.എസ്.ശ്രീധരന്‍പിള്ള. ഫയൽ ചിത്രം: rajbhavan.mizoram.gov.in
SHARE

തിരുവനന്തപുരം ∙ ഒരു വര്‍ഷവും ഒൻപതു മാസവും; കേരളത്തിന്റെ മണ്ണില്‍നിന്നെത്തി സ്‌നേഹം കൊണ്ടു മിസോറം കീഴടക്കിയാണ് പി.എസ്.ശ്രീധരന്‍പിള്ള പുത്തന്‍ദൗത്യവുമായി ഗോവയിലേക്കു എത്തുന്നത്. മിസോറമിലേക്കു പോകുന്നതിനു മുന്‍പായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക നിര്‍ദേശം നല്‍കി: ‘സംഘര്‍ഷാന്തരീക്ഷമല്ല, കഴിയുന്നത്ര അവരോട് സഹകരിക്കാന്‍ ശ്രമിക്കണം’. ആ വാക്കുകള്‍ പ്രാവര്‍ത്തികമാക്കി, രാജ്ഭവനിലെ പ്രോട്ടോകോള്‍ ലംഘിച്ച് ഗവര്‍ണര്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയപ്പോള്‍ മിസോറമില്‍ അരങ്ങേറിയതു ചരിത്രം.

മിസോറം ഗവര്‍ണറായിരിക്കെ 2019 ഡിസംബറിലാണു തലസ്ഥാന നഗരമായ ഐസ്വാളിന്റെ പ്രാന്തപ്രദേശത്തുള്ള അനാഥാലയം ശ്രീധരന്‍പിള്ളയും ഭാര്യയും സന്ദര്‍ശിക്കുന്നത്. 2 മാസം മുതല്‍ 18 വയസ്സുവരെ പ്രായമുള്ള 28 കുട്ടികളാണ് ഗന്‍ സാബ്ര എന്നു പേരുള്ള അനാഥാലയത്തിലുണ്ടായിരുന്നത്. കുട്ടികള്‍ പാടിയ സ്വീകരണ ഗാനത്തിന്റെ അര്‍ഥം കൂടെയുണ്ടായിരുന്ന എഡിസി വിശദീകരിച്ചു. ‘ഗവര്‍ണര്‍ക്കും കുടുംബത്തിനും ദീര്‍ഘായുസ്സും സര്‍വവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നായിരുന്നു പ്രാര്‍ഥന’. പിന്നീടാണു വേദനിക്കുന്ന ആ യാഥാര്‍ഥ്യം ഗവര്‍ണര്‍ മനസ്സിലാക്കിയത്.

കുട്ടികളെല്ലാവരും എച്ച്‌ഐവി ബാധിതരാണ്. ബിരുദാനന്തര ബിരുദധാരിയായ ലൂസിയാണ് ആ കേന്ദ്രത്തിന്റെ നടത്തിപ്പുകാരി. ‘സ്വന്തം ജീവിതം അപകടപ്പെടുത്തി, യാതൊരു പ്രതിഫലവും പറ്റാതെ ജീവിക്കുന്ന അവരുടെ മുഖത്തു ഞാന്‍ ദൈവത്തെ കാണുകയായിരുന്നു’- ശ്രീധരന്‍പിള്ള പറയുന്നു. അവരുടെ പ്രവര്‍ത്തനത്തിലെ മികവ് ബോധ്യമായതിനെത്തുടര്‍ന്ന് പത്മശ്രീ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യാന്‍ ഗവര്‍ണര്‍ തീരുമാനിച്ചു. പിന്നെയും ലൂസി ഗവര്‍ണറെ അദ്ഭുതപ്പെടുത്തി. ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും അവാര്‍ഡുകള്‍ വേണ്ടെന്നുമായിരുന്നു നിലപാട്. പത്മശ്രീക്കുവേണ്ടി പലരും പരക്കംപായുന്നതിനിടയിലെ വേറിട്ടൊരു കാഴ്ചയായിരുന്നു അത്.

PS Sreedharan, Narendra Modi Photo: rajbhavan.mizoram.gov.in
ശ്രീധരൻ പിള്ള, നരേന്ദ്ര മോദി. ചിത്രം: rajbhavan.mizoram.gov.in

കേരളത്തില്‍നിന്നു മിസോറമിലേക്കുള്ള ദൂരം നാലായിരത്തിലധികം കിലോമീറ്റര്‍. അതിലേറെ അകലമുണ്ടായിരുന്നു ആ നാട്ടിലെ ജനങ്ങളും ഗവര്‍ണര്‍മാരുമായി. ബിജെപിക്കാരായ നേതാക്കളെ കൊണ്ടു തള്ളുന്നയിടമെന്ന ആക്ഷേപം ഉയര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ കനത്ത പ്രതിഷേധത്തില്‍. പൗരത്വ നിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2019ലെ റിപ്പബ്ലിക് ദിന ചടങ്ങുകള്‍ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ബഹിഷ്‌കരിച്ചു. മാധ്യമങ്ങള്‍ ബിജെപിയുടെ നയത്തിനെതിരെ തുടരെ വാര്‍ത്തകള്‍ നല്‍കുന്നു. ഇതിനിടയിലാണ് ആലപ്പുഴ വെണ്‍മണി സ്വദേശിയായ ശ്രീധരന്‍ പിള്ള 2019 ഒക്ടോബറില്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം ഗവര്‍ണറായി എത്തുന്നത്. 

മിസോറമിലേക്കു തിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ വാക്കുകളായിരുന്നു മനസ്സില്‍. സാധാരണക്കാരില്‍ സാധാരണക്കാരനായി ഗവര്‍ണര്‍ തങ്ങളോടൊപ്പം ചേരുന്ന അപൂര്‍വനിമിഷങ്ങള്‍ക്കു മിസോറം ജനത സാക്ഷ്യം വഹിച്ചു. മിസോറമിലെ അനുഭവങ്ങള്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുമ്പോള്‍ പി.എസ്.ശ്രീധരന്‍ പിള്ള വാചാലനായി: 

‘സ്‌നേഹം നല്‍കിയാല്‍ സ്‌നേഹം തിരിച്ചു കിട്ടുമെന്ന് മിസോറം പഠിപ്പിച്ചു. സ്‌നേഹം കൊണ്ട് എല്ലാവരെയും അനുകൂലമാക്കാന്‍ കഴിയും. ഞാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി. എല്ലാ അനാഥാലയങ്ങളും സന്ദര്‍ശിച്ചു. അനാഥാലയങ്ങള്‍ക്കു രാജ്ഭവന്‍ ഫണ്ടില്‍നിന്നു സഹായം അനുവദിച്ചു. ആര്‍ക്കു വേണമെങ്കിലും നേരിട്ടു ഫോണ്‍ വിളിക്കാന്‍ അനുവാദം നല്‍കി. എഡിസി ഫോണ്‍ എടുക്കുന്ന പതിവുരീതി അവസാനിപ്പിച്ച് നേരിട്ടു ഫോണെടുത്തു. കാണാന്‍ അനുവാദം ചോദിക്കുന്ന ഒരാള്‍ക്കുപോലും അനുമതി നിഷേധിച്ചില്ല. മിസോറമില്‍ എന്‍ജിഒകള്‍ വളരെ ശക്തമാണ്. അവരുമായി നല്ല ബന്ധം സ്ഥാപിച്ചു. കോവിഡ് കാരണം വിമാനത്താവളം അടച്ച് സഞ്ചാരികള്‍ കുടുങ്ങിയപ്പോള്‍ രാജ്ഭവന്‍ തുറന്നു കൊടുത്തു. അത് ചരിത്രത്തില്‍ ആദ്യമായിരുന്നു’- ശ്രീധരന്‍പിള്ള പറയുന്നു.

PS Sreedharan Pillai Reetha Sreedharan Photo: rajbhavan.mizoram.gov.in
പി.എസ്.ശ്രീധരൻ പിള്ളയും ഭാര്യ റീത്ത ശ്രീധരനും മിസോറമിൽ ടൂറിസ്റ്റ് കേന്ദ്രം സന്ദർശിച്ചപ്പോൾ. ചിത്രം: rajbhavan.mizoram.gov.in

പ്രോട്ടോകോള്‍ ബുക്കിന്റെ കാഠിന്യത്തില്‍നിന്നു ജനങ്ങളുടെ ഗുഡ് ബുക്കിലേക്കു കയറുകയായിരുന്നു ഗവര്‍ണര്‍. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളില്‍ മതിപ്പുതോന്നി ആദ്യം സൗഹൃദഹസ്തം നീട്ടിയത് മിസോറം കോണ്‍ഗ്രസ് പ്രസിഡന്റും  5 തവണ മുഖ്യമന്ത്രിയുമായിരുന്ന ലാല്‍ തന്‍ഹാവ്‌ല. വീട്ടില്‍ കേക്ക് ഉണ്ടാക്കിയാല്‍ ലാല്‍ തന്‍ഹാവ്‌ല കൊടുത്തയയ്ക്കും. വീട്ടിലെ കുളത്തില്‍ മത്സ്യം പിടിച്ചാലും ഒരു പങ്ക് രാജ്ഭവനിലേക്കെത്തും. മിസോറമില്‍ 88 ശതമാനവും ക്രിസ്ത്യാനികളാണ്. വ്യത്യസ്ത സംസ്‌കാരവും. അവരിലൊരാളായി മാറിയപ്പോള്‍ ജനതയുടെ ആശങ്കകളും മാറി. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനാചരണം ചരിത്രത്തില്‍ ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ചടങ്ങായി.

‘ജനങ്ങള്‍ മനസ്സില്‍ നന്മയുള്ളവരാണ്. കുറ്റകൃത്യങ്ങള്‍ കുറവുള്ള സ്ഥലമാണ്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വാഹനം ഹോണടിക്കേണ്ട കാര്യമില്ല. അവര്‍ വണ്ടി ഒതുക്കി കടന്നുപോകാന്‍ സമ്മതിക്കും. റോഡ് സൈഡിലുള്ള വീടാണെങ്കില്‍ മുറ്റം അടിക്കുന്നതിനൊപ്പം റോഡും വൃത്തിയാക്കും. മിസോ സംസ്‌കാരം വ്യത്യസ്തമാണെന്ന ചിന്ത ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങി വരുന്നു’-ശ്രീധരന്‍ പിള്ള പറയുന്നു. ഇന്നര്‍ലൈന്‍ പെര്‍മിറ്റ് വാങ്ങിയേ മിസോറമിലേക്കു വരാന്‍ കഴിയൂ. ജനങ്ങള്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. മൂന്നു ജില്ലകള്‍ ഗവര്‍ണര്‍ നേരിട്ട് ഭരിക്കുന്നു. ഈ ജില്ലകളിലെല്ലാം പോയി താമസിച്ചു. ഗവര്‍ണര്‍ ഈ മൂന്നു ജില്ലകളില്‍ താമസിക്കുന്നത് ആദ്യമായിരുന്നു.

ഗവര്‍ണറുടെ അധികാരം ഉപയോഗിച്ചു മിസോറമിനു പുറത്തുള്ളവര്‍ക്കും പലവിധ സഹായങ്ങളും ചെയ്തു. വിവിധ മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം മലയാളികളെ വിവിധ സംസ്ഥാനങ്ങളില്‍നിന്നു നാട്ടിലെത്തിക്കാനും ഇടപെടല്‍ നടത്തി. കോവിഡ് സമയത്ത് വിദേശത്ത് കുടുങ്ങിയ കേരളത്തിലെ മന്ത്രിയുടെ കുടുംബത്തെ കേന്ദ്രത്തിന്റെ ഇടപെടലില്‍ നാട്ടിലെത്തിക്കാന്‍ സഹായിച്ചത്‌ ശ്രീധരന്‍പിള്ളയായിരുന്നു. നന്ദി അറിയിച്ചുകൊണ്ട് മന്ത്രി എഴുതിയ കത്ത് ഇപ്പോഴും സൂക്ഷിക്കുന്നു അദ്ദേഹം. ചെട്ടിക്കുളങ്ങര സ്വദേശിയായ സൈനികന്‍ നാഗാലാന്‍ഡില്‍ ഹൃദ്രോഗംമൂലം മരിച്ചപ്പോള്‍ കോവിഡ് കാലത്ത് പ്രത്യേക വിമാനത്തില്‍ ശരീരം നാട്ടിലെത്തിക്കാനായത് മറ്റൊരു ഓര്‍മ. വിമാനസര്‍വീസ് ഇല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാതെ അവിടെതന്നെ സംസ്‌കരിക്കേണ്ട അവസ്ഥ. സഹായത്തിനായി ഡിജിപി ആര്‍.എന്‍.രവിയെ ഗവര്‍ണര്‍ വിളിച്ചു. ആര്‍മിയുടെ നിര്‍മാണ വിഭാഗത്തിന്റെ മേധാവി മാവേലിക്കരക്കാരനായിരുന്നു. രണ്ടുപേരും സഹായിച്ചതോടെ പ്രത്യേക വിമാനത്തില്‍ മൃതദേഹം നാട്ടിലെത്തി. കൊച്ചിയില്‍ നാവികസേനയുടെ വിമാനത്താവളത്തിലെത്തിയ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായവും ലഭിച്ചു.

ഭക്ഷണമാണ് മിസോറമില്‍ ആകെ വലച്ചത്. ഒടുവില്‍ അതിനെയും മറികടന്നു. ‘മിസോറമിലെ ഭക്ഷണം കൂടുതലും നോണ്‍വെജ് ആണ്. ഞാന്‍ നോണ്‍ വെജ് ആണെങ്കിലും ഭക്ഷണം പാകം ചെയ്യുന്നതിലെ പ്രത്യേകത തുടക്കത്തില്‍ പ്രശ്‌നമായി. അവിടെ മസാല ഉപയോഗിക്കാത്തതിനാല്‍ എരിവുണ്ടാകില്ല. നമ്മുടെ ഭക്ഷണം ഉണ്ടാക്കാനുള്ള കുക്ക് ഉണ്ടെങ്കിലും മസാല ഭക്ഷണത്തില്‍ ഉണ്ടാകില്ല. ഒടുവില്‍ അതിനോടും പൊരുത്തപ്പെട്ടു’- ശ്രീധരന്‍പിള്ള പറയുന്നു.

Farewell to PS Shreedharan Pillai Photo: rajbhavan.mizoram.gov.in
പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് മിസോറമിൽ നൽകിയ യാത്രയയപ്പ്. ചിത്രം: rajbhavan.mizoram.gov.in

ഗവര്‍ണര്‍ ഒരു പഞ്ചനക്ഷത്ര തടവുകാരനാണെന്നാണ് ചൊല്ല്. കോവിഡ് വന്നതോടെ സന്ദര്‍ശകര്‍ ഇല്ലാതായി. തിരക്കൊഴിഞ്ഞതോടെ രണ്ടുവര്‍ഷം കൊണ്ട് എഴുതിയത് 28 പുസ്തകം. അഞ്ച് പുസ്തകം ഉടനെ പുറത്തിറങ്ങും. മിസോറമിലെ മികച്ച പ്രവര്‍ത്തനമാണ് ഗോവ ഗവര്‍ണര്‍ സ്ഥാനത്തേക്കു പരിഗണിക്കാനിടയാക്കിയത്. വികാരനിര്‍ഭരമായ യാത്രയയപ്പാണ് ജനം നല്‍കിയത്. ഗോവയിലെ സത്യപ്രതിജ്ഞയ്ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെയും യാക്കോബായ സഭയുടെയും സീനിയര്‍ ബിഷപ്പുമാര്‍ പങ്കെടുത്തു. 400 കൊല്ലം പഴക്കമുള്ള രാജ്ഭവന്‍ പണ്ട് ബിഷപ്പ് ഹൗസായിരുന്നു. ഇവിടെനിന്നാണ് സഭാ തര്‍ക്കത്തിനിടയാക്കിയ സംഭവങ്ങളുണ്ടായതെന്നും ആ കെട്ടിടത്തില്‍ ഇരു സഭകളുടെയും പ്രതിനിധികളെ ഒന്നിച്ചിരുത്താനായതില്‍ സന്തോഷമുണ്ടെന്നും ശ്രീധരന്‍പിള്ള പറയുന്നു.

ഇനിയല്‍പം കേരള രാഷ്ട്രീയം. കേരളത്തില്‍ പോസിറ്റീവ് രാഷ്ട്രീയം ഇല്ലെന്നാണു ശ്രീധരന്‍പിള്ളയുടെ പക്ഷം. നെഗറ്റീവിസമാണ് കൂടുതലും. നിഷേധാത്മകതയില്‍ അഭിരമിക്കുന്ന പൊതു പ്രവണതയാണ് രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്നത്. പോസിറ്റീവും സര്‍ഗാത്മകതയുമാണ് രാഷ്ട്രീയത്തില്‍ വേണ്ടത്. ഇതിനെ മറികടക്കാന്‍ എങ്ങനെ കഴിയും? എതിരാളിയെ ശത്രുവായി കാണാതെ എതിരാളിയായി കാണുക. സ്‌പോര്‍ട്മാന്‍ സ്പിരിറ്റോടെ കാണുക. അതുകൊണ്ടാണ് ആദ്യം എന്നെ എതിര്‍ത്ത മിസോറമിലെ ആളുകള്‍ പിന്നീട് എന്നോട് അടുത്തത്– ചിരിയോടെ ശ്രീധരന്‍പിള്ള പറഞ്ഞു.

English Summary: Goa Governor PS Sreedharan Pillai shared his Mizoram memories- Exclusive Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA