‘കേരളത്തിൽ ഹീറ്റ് വേവ് സാഹചര്യം കൂടി, പ്രളയം വർധിച്ചു’; ഇനിയെന്തു സംഭവിക്കും?

INDIA-WEATHER-CYCLONE-TAUKTAE
മുംബൈ തീരത്തേക്ക് അടിച്ചു കയറുന്ന തിരമാലകൾ. 2021 മേയിലെ ചിത്രം: Sujit Jaiswal / AFP
SHARE

ന്യൂഡൽഹി∙ വേനൽക്കാലത്ത് ഇന്നേവരെയില്ലാത്ത വിധം ചൂട്, മഴക്കാലത്ത് ഭീതിപ്പെടുത്തുന്ന പ്രളയം, എല്ലാം തച്ചുതകർക്കും വിധം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചുഴലിക്കാറ്റുകൾ... കേരളത്തിലെ കാലാവസ്ഥാ സാഹചര്യം മാറിമറയുകയാണ്. ഇന്ത്യയുടെ ആകെ കാലാവസ്ഥയിലും ഈ മാറ്റം പ്രകടം. ഇക്കഴിഞ്ഞ 20 വർഷത്തിനിടെ വെള്ളപ്പൊക്കം കാരണമുണ്ടാകുന്ന മരണം കേരളത്തിൽ വർധിച്ചിരിക്കുകയാണ്. വെള്ളപ്പൊക്ക മരണനിരക്ക് ആന്ധ്ര പ്രദേശ്, അസം, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കുറഞ്ഞപ്പോഴാണ് കേരളത്തിലെ ഈ വർധന. എന്താണ് ഈ കാലാവസ്ഥാ മാറ്റങ്ങളുടെ കാരണം? ഇതിനെ പ്രതിരോധിക്കാനാകുമോ? ഉത്തരങ്ങളുമായി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറിയും മലയാളിയുമായ എം. രാജീവൻ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു 

m-rajeevan
എം.രാജീവൻ.

19 വർഷം 82 വെള്ളപ്പൊക്കം! 

രാജ്യത്തു 2000 മുതൽ 2019 വരെയുള്ള സമയത്തു പ്രതിവർഷം 82 (കൃത്യമായി പറഞ്ഞാൽ 82.50) വെള്ളപ്പൊക്കമുണ്ടായെന്നാണു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം തയാറാക്കിയ റിപ്പോർട്ട്. 1980–1999 വരെയുള്ള സമയത്ത് ഇതു 64.25 മാത്രമായിരുന്നു. ഇടിമിന്നൽ അപകടങ്ങൾ 1980–1999 കാലത്ത് വർഷം ശരാശരി 31.85 ആണു രേഖപ്പെടുത്തിയിരുന്നതെങ്കിൽ  2000–2019 ആയപ്പോൾ ഇതു 93.40 ആയി വർധിച്ചു. മരണത്തിലും 37.9 ശതമാനത്തിന്റെ വർധനവുണ്ടായി. തീവ്രകാലാവസ്ഥാ സാഹചര്യങ്ങളും അതു കാരണമുള്ള മരണവും കേരളം, ആന്ധ്ര, ബിഹാർ, ഒഡീഷ, അസം, മഹാരാഷ്ട്ര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വർധിച്ചു വരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

kerala-floods-2018
കേരളത്തിലെ 2018 പ്രളയത്തിന്റെ ആകാശക്കാഴ്‌ച.

രാജ്യത്തെ തീവ്രകാലാവസ്ഥാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് എം. രാജീവൻ, ഭൗമശാസ്ത്ര മന്ത്രാലയത്തിലെ കമൽജിത്ത് റേ, കാലാവസ്ഥാ വകുപ്പിലെ ആർ.കെ. ഗിരി, ഗവേഷകരായ എസ്.എസ്. റേ, എ.പി. ദിംറി എന്നിവരുടെ നേതൃത്വത്തിൽ തയാറാക്കിയ ഗവേഷണ പ്രബന്ധത്തിലാണു വിവരങ്ങൾ. 1970 മുതൽ 2019 വരെയുള്ള 50 വർഷത്തെ രാജ്യത്താകെയുള്ള കണക്കുകൾ ക്രോഡീകരിച്ചാണു പഠന റിപ്പോർട്ട് തയാറാക്കിയത്. 

ഉഷ്ണക്കാറ്റ്, ശൈത്യക്കാറ്റ്, വെള്ളപ്പൊക്കം, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയ തീവ്രകാലാവസ്ഥാ സാഹചര്യം കഴിഞ്ഞ 50 വർഷത്തിനിടെ 7063 തവണയുണ്ടായി. ഇതിൽ ആകെ മരിച്ചതു 1,41,308 പേർ. ഈ കാലഘട്ടത്തിൽ രാജ്യത്താകെ മരിച്ചതിന്റെ 0.038% ആണിത്. 1970–2019 കാലത്ത്, കേരളത്തിൽ പ്രതിവർഷം 10 ലക്ഷം പേരിൽ വെള്ളപ്പൊക്കം കാരണം മരിച്ചവരുടെ നിരക്ക് 1.48 ആയിരുന്നെങ്കിൽ 2000–19 കാലത്തിതു 1.95 ആയി വർധിച്ചു. എന്നാൽ വെള്ളപ്പൊക്ക ബാധിത പ്രദേശമായി അറിയപ്പെടുന്ന ആന്ധ്രയിൽ 1.65ൽ നിന്ന് 0.67 ആയി കുറഞ്ഞു. ഒഡീഷയിൽ 1.66 എന്നതു 0.79 ആയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

kottayam-flood-1
കോട്ടയത്തെ പ്രളയത്തിൽനിന്ന്. ഫയൽ ചിത്രം: മനോരമ

അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങൾ കേരളത്തിൽ അടുത്തിടെയായി വർധിക്കുന്നുണ്ട്. എന്താണ് ഇതിനു കാരണം?

കേരളത്തിന്റെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും സിഗ്നൽ പോലെയാണിതിനെ കാണേണ്ടത്. അറേബ്യൻ സമുദ്രം ചൂടു പിടിച്ചു കിടക്കുന്നു. കഴിഞ്ഞ 20–25 വർഷത്തെ കണക്കുകൾ ഇതാണു കാട്ടുന്നത്. സമുദ്രം ചൂടാകുമ്പോൾ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് വർധിക്കും. അതു മുകളിലെത്തി മഴമേഘങ്ങളും മഴയുമുണ്ടാകും. കേരളത്തിന്റെ ഭൂമിശാസ്ത്രവും മറ്റൊരു ഘടകമാണ്. ഒരു ഭാഗത്ത് കടത്ത്. മറുഭാഗത്ത് മലകൾ. ഇതെല്ലാം ഈ കാലാവസ്ഥാ മാറ്റത്തെ സ്വാധീനിച്ചിട്ടുണ്ട്. 

hot-te-kerala

കേരളത്തിൽ ചൂടുകാറ്റ് സാഹചര്യം തുടരുമോ? 

തുടരുമെന്നു തന്നെയാണു നിഗമനം. അക്കാര്യത്തിൽ സംശയമില്ല. ഇതെല്ലാം ആഗോളതാപനത്തിന്റെ തുടർച്ചയാണ്. ഇതുവരെ ഹീറ്റ്‍ വേവ് റിപ്പോർട്ട് ചെയ്യാത്ത പലയിടത്തും ഇതുണ്ടാകും. ഓർക്കണം ഏതാനും വർഷം മുൻപു കേരളത്തിൽ ഹീറ്റ്‍ വേവ് എന്നൊരു സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോൾ അത് കൂടിവരുന്നു. ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് മിന്നൽ. മിന്നൽ അപകടങ്ങളിലുള്ള മരണം വർധിക്കുന്നു. യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ദിവസങ്ങൾക്കു മുൻപുണ്ടായ സംഭവം ഓർക്കണം. മഹാരാഷ്ട്രയിൽ പ്രതിവർഷം 300–400 മിന്നൽ കാരണമുള്ള മരണങ്ങളുണ്ടാകുന്നുണ്ട്. അതും കൂടാൻ സാധ്യതയുണ്ട്.

ഇത്തരം കാലാവസ്ഥാ മാറ്റങ്ങൾ ഇനി വർധിച്ചു വരുമെന്നാണോ? 

അതിതീവ്ര കാലാവസ്ഥാ സാഹചര്യത്തിന്റെ ഉദാഹരണമായി ശക്തമായ പ്രളയം വർധിക്കുന്നതാണു കാണുന്നത്. കേരളത്തിൽ മാത്രമല്ല മറ്റു സ്ഥലങ്ങളിലും ഇതു തന്നെ കാണാം. കേരളത്തിനു വേണ്ടി മാത്രമായി ഒരു പഠനം നടന്നിട്ടില്ല. എന്നാൽ കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ വച്ചുനോക്കിയാൽ ചൂടുകാറ്റ്, പ്രളയം എന്നിവയെല്ലാം കൂടുകയാണ്. 

cyclone
ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കു സമീപത്തുനിന്നുള്ള ടൂട്ടെ ചുഴലിക്കാറ്റുനാളുകളിലെ കാഴ്ച. 2021 മേയിലെ ചിത്രം: Sujit Jaiswal / AFP

ഇതിന്റെ തുടർച്ചയായി എന്തെങ്കിലും പഠനങ്ങൾ നടന്നിട്ടുണ്ടോ?

എന്താണു സംഭവിക്കുന്നതെന്നു വിലയിരുത്തുകയാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെയും കാലാവസ്ഥാ വകുപ്പിന്റെയും ആദ്യ ജോലി. അതു പൂർത്തിയായിട്ടുണ്ട്. കേരളത്തിലെ മാത്രമല്ല, മൊത്തത്തിൽ. കാലാവസ്ഥയ്ക്ക് എന്താണു സംഭവിക്കുന്നതെന്ന് ഇപ്പോൾ വ്യക്തമായി അറിയാം. ഇനി എന്തു സംഭവിക്കുമെന്നുള്ള പ്രവചനം, സൂചനകൾ കണ്ടെത്തുകയാണ് അടുത്ത ഘട്ടം. 40–50 വർഷത്തിനുള്ളിൽ ഈ വ്യതിയാനം ഏതുതരത്തിലാകുമെന്നത്, ‌താപനില കൂടുമോ, പ്രളയം തുടരുമോ എന്നൊക്കെ. അതും ഒരു പരിധി വരെ തീർത്തിട്ടുണ്ട്. 

ഇനിയുള്ള ചോദ്യം ഇതിനെ എങ്ങനെ മാനേജ് ചെയ്യുമെന്നാണ്. അതിനു നമ്മുടെ ദുരന്ത നിവാരണ സംവിധാനം വളരെ ഇംപ്രൂവ് ചെയ്യണം. കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണം. കാലാവസ്ഥാ വകുപ്പിന്റെ ചുമതലയാണ് പ്രവചനം. അത് അവർ കൃത്യമായി നിർവഹിക്കുന്നുണ്ട്. പല കാര്യങ്ങളും വിലയിരുത്താനുണ്ട്. പുതിയ സാങ്കേതിക വിദ്യകൾ സ്വന്തമാക്കുകയും സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയുമെല്ലാം ചെയ്യുന്നുണ്ട്. നിലവിലെ സംവിധാനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. 

Kerala Floods
പത്തനംതിട്ടയിലെ വെള്ളപ്പൊക്കം. ഫയൽ ചിത്രം: മനോരമ

പക്ഷേ, പ്രവചനം സംബന്ധിച്ച് പല പ്രശ്നങ്ങളും ആരോപിക്കപ്പെടുന്നുണ്ടല്ലോ. ഡൽഹിയിൽ ഉൾപ്പെടെ മഴ പ്രവചനത്തിൽ പാളിച്ചയുണ്ടായി? 

ഡൽഹിയിൽ ചെറിയൊരു പിഴവു പറ്റി. ജൂണ് 15നു മഴയെത്തുമെന്ന പ്രവചനം ശരിയായില്ല. നമ്മൾ ഉപയോഗിച്ച മോഡൽ തന്ന സൂചനകൾ അതായിരുന്നു. പ്രവചനങ്ങൾ  എപ്പോഴും 100 ശതമാനം ശരിയാകണമെന്നില്ല. ഒന്നോ രണ്ടോ തവണ പിഴവു പറ്റുന്നത് വലിയ പ്രശ്നമായി പറയാനുമാകില്ല. ഈ വർഷത്തെ 2 ചുഴലിക്കാറ്റും കഴിഞ്ഞ വർഷത്തെ 3–4 ചുഴലിക്കാറ്റുമെല്ലാം ഈ മോഡൽ അനുസരിച്ചാണു കൃത്യമായി പ്രവചിച്ചത്. ചുഴലിക്കാറ്റിന്റെ വേഗവും അതിന്റെ തീവ്രതയുമെല്ലാം കൃത്യമായി പ്രവചിക്കാൻ സാധിക്കുമെങ്കിൽ ഈ മോഡലിനെ അങ്ങനെ കുറ്റം പറയാനാകില്ല. ഒരു പിഴവു പറ്റിയെന്നതിന്റെ പേരിൽ എല്ലാ പ്രവചനം തെറ്റാണെന്നു പറയാനാകില്ല. 

കാലാവസ്ഥാ വകുപ്പിന്റെ സാങ്കേതിക സംവിധാനം മെച്ചപ്പെടുത്താൻ പദ്ധതികളുണ്ടോ? 

മന്ത്രാലയത്തിന്റെ പ്ലാൻ പീരീഡ് 2021 മാർച്ചിൽ അവസാനിച്ചു. 2021–26 സമയത്തെ പ്ലാൻ പീരീഡിൽ കാലാവസ്ഥാ പ്രവചനവും അതിന്റെ ആസൂത്രണവുമെല്ലാം മെച്ചപ്പെടുത്താനുള്ള പല സംവിധാനങ്ങളും ഒരുക്കും. അതിനുള്ള ഫണ്ട് ലഭിച്ചിട്ടുണ്ട്. വെതർ ആൻഡ് ക്ലൈമറ്റ് സർവീസസിനു മാത്രമായി ഏകദേശം 2300 കോടി രൂപയാണു ധനകാര്യമന്ത്രാലയം ലഭ്യമാക്കിയിരിക്കുന്നത്. അടുത്ത 5 വർഷത്തേക്ക് ഇതു വിനിയോഗിക്കും. അത്യാധുനിക കംപ്യൂട്ടർ സംവിധാനങ്ങൾ, 20 റഡാറുകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ക്രമീകരിക്കും. 

INDIA-ECONOMY-FISHING

ബ്ലൂ ഇക്കണോമിയുമായി  ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നുണ്ട്? 

കേരളത്തിന്റെ ഉൾപ്പെടെ വികസനത്തെ ഏറെ സഹായിക്കാൻ സാധിക്കുന്നതാണ് ബ്ലൂ ഇക്കണോമി. ഭൗമശാസ്ത്ര മന്ത്രാലയമാണ് ഇതിന്റെ പദ്ധതികൾ ഏകോപിപ്പിക്കുന്നത്. ഫിഷറീസ്, ഷിപ്പിങ്, പോർട്ട്, മിനറൽസ് തുടങ്ങിയ പല മന്ത്രാലയങ്ങൾ ഇതിന്റെ ഭാഗമാണ്. പുതിയ പദ്ധതികൾ ഇവരുമായി ചേർന്ന് ആവിഷ്കരിച്ച് കൂടുതൽ സംരംഭങ്ങൾ  ആരംഭിക്കാനും നിക്ഷേപം വർധിപ്പിക്കാനുമുള്ള സംവിധാനമാണ് ബ്ലൂ ഇക്കണോമിയിൽ നോക്കുന്നത്. ഇതിന്റെ രേഖകൾ അവസാന ഘട്ടത്തിലാണ്. 

കോസ്റ്റൽ  ടൂറിസം കേരളത്തിലുണ്ട്. പക്ഷേ, രാജ്യത്തു പലയിടത്തും സജീവമല്ല. സംരംഭങ്ങൾ വർധിപ്പിക്കാനുള്ള സാധ്യതയാണു നോക്കുന്നത്. അതിൽനിന്നു രാജ്യത്തിന്റെ ജിഡിപിക്കു വളരെ പ്രയോജനമുണ്ടാകും. ഡീപ് സീ ഫിഷിങ് നോക്കുക. ചൈന വളരെയധികം അതിൽ മുതൽമുടക്കുന്നുണ്ട്. അക്വാ കൾച്ചർ, മാരി കൾച്ചർ എന്നിവയ്ക്കെല്ലാം കേരളത്തിൽ സാധ്യതയുണ്ട്. 

English Summary: Interview with M Rajeevan, Secretary of Earth Sciences Ministry on India's Climate Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA