ADVERTISEMENT

മുംബൈ∙ രാജ്യാന്തര അശ്ലീല സിനിമാ റാക്കറ്റിന്റെ മുഖ്യ ആസൂത്രകരിൽ ഒരാളാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെന്ന് മുംബൈ പൊലീസ്. കുന്ദ്രയും ബന്ധുവായ പ്രദീപ് ബക്ഷിയും ഇന്ത്യയിലും യുകെയിലുള്ള കണ്ടന്റ് പ്രൊഡക്‌ഷൻ കമ്പനികളിലൂടെയാണ് ഇത്തരം സിനിമകൾ നിർമിച്ചിരുന്നതെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. കുന്ദ്രയുടെ സഹോദരീ ഭർത്താവാണ് ബ്രിട്ടിഷ് പൗരൻ കൂടിയായ ബക്ഷി.

ശില്‍പ ഷെട്ടിയും കുന്ദ്രയും ഡയറക്ടർമാരായ വിയാൻ ഇൻഡസ്ട്രീസ് ലിമിറ്റഡ്, ബക്ഷി ചെയർമാനായ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെൻറിൻ ലിമിറ്റഡ് എന്നീ കമ്പനികളുടെ സംയുക്ത മൊബൈൽ ആപ്ലിക്കേഷനാണ് ‘ഹോട്ട്ഷോട്ട്സ് ഡിജിറ്റൽ എന്റർടെയ്ൻമെന്റ്’ എന്നത്. ആപ്പ് വികസിപ്പിച്ചത് കെൻറിൻ ലിമിറ്റഡ് ആണെന്നും മുംബൈ ജോയിന്റ് പൊലീസ് കമ്മിഷണർ (ക്രൈം) മിലിന്ദ് ഭരാംബെ പറഞ്ഞു.

ലോകത്തെ ആദ്യത്തെ 18+ ആപ്പ് എന്നാണ് ഹോട്ട്ഷോട്ട്സ് ആപ്പ് വിശേഷിപ്പിക്കപ്പെടുന്നത്. ആഗോള തലത്തിലെ ഹോട്ട് മോഡലുകളുടെയും സെലിബ്രിറ്റികളുടെയും എക്സ്ക്ലൂസീവ് ചിത്രങ്ങളും ഷോർട്ട് ഫിലിമുകളും ഹോട്ട് വിഡിയോകളുമാണ് ആപ്പിൽ ഉണ്ടായിരുന്നത്. സോഫ്റ്റ് പോണിൽനിന്ന് ഹാർഡ് പോണിലേക്കാണ് ഇവ പോകുന്നത്. സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന ഈ ആപ്പ് ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകൾ തള്ളിയതാണ്. ആപ്പിലെ വിഡിയോകൾ, അതുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകൾ തുടങ്ങിയവ അന്വേഷണത്തിനിടെ മുംബൈ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

2021 ഫെബ്രുവരിയിലാണ് മുംബൈ പൊലീസിന് ഇതു സംബന്ധിച്ച പരാതി ലഭിക്കുന്നത്. വടക്കു പടിഞ്ഞാറൻ മുംബൈയിലെ തീരപ്രദേശമായ മലാഡിലും സമീപത്തെ ഒറ്റപ്പെട്ടുകിടക്കുന്ന മഡ് ദ്വീപിലെ ചില ബംഗ്ലാവുകളിലുമായി അശ്ലീല ചിത്ര നിർമാണം നടക്കുന്നതായി മൽവാനി പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി ലഭിക്കുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷോർട്ട് ഫിലിമുകളിലും വെബ്സീരിസിലും മറ്റു സിനിമകളിലും അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി അഭിനേത്രികളെ മുംബൈയിലെത്തിക്കാറുണ്ടെന്ന ഞെട്ടിക്കുന്ന വിവരം ലഭിക്കുകയായിരുന്നു.

ഓഡിഷനുകൾക്കായി വിളിച്ചുവരുത്തുന്ന ന‌ടിമാരോട് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് പറഞ്ഞ് ഇത്തരം സീന‌ുകളിൽ അഭിനയിപ്പിക്കുകയായിരുന്നു പതിവ്. ആദ്യം ഭാഗികമായി നഗ്നത പ്രദർശിപ്പിച്ചുള്ള സീനുകൾക്കുശേഷം പൂർണ നഗ്നരായി സീനുകൾ ചെയ്യാനും ആവശ്യപ്പെടും. ചിലർ ശക്തമായി എതിർപ്പ് അറിയിക്കും. ചിലർക്ക് വഴങ്ങുകയല്ലാതെ നിവൃത്തിയുണ്ടാകില്ല. എതിർത്തവരിൽ ചിലരാണ് പിന്നീട് പൊലീസിൽ പരാതിപ്പെട്ടത്.

മൽവാനി പൊലീസിന്റെ അന്വേഷണം പിന്നീട് ക്രൈം ബ്രാഞ്ച് – സിഐഡി ആൻഡ് പ്രോപ്പർട്ടി സെൽ ഏറ്റെടുത്തു. ഇതുവരെ കുന്ദ്രയും അയാളുടെ സഹായിയായ റയാൻ ജെ. താർപെയും ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ഞുമലയുടെ തുടക്കം മാത്രമാണിതെന്നാണ് ബോളിവുഡ്, പൊലീസ് വൃത്തങ്ങൾ പറയുന്നത്. ‘പല വലിയ സെലിബ്രിറ്റികളെക്കുറിച്ചും മോഡലുകളെക്കുറിച്ചും ഇത്തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ട്. ഇന്ത്യയിലും വിദേശത്തുമായി രഹസ്യ സങ്കേതങ്ങളിൽ ‘സെക്സ് റേവ് പാർട്ടികൾ’ സംഘടിപ്പിക്കാറുണ്ട്. ഇവിടങ്ങളിൽനിന്നു ചിത്രീകരിക്കുന്നവ ‘ഹോട്ട് കണ്ടന്റ്’ എന്ന പേരിലാണ് വിറ്റഴിക്കപ്പെടുന്നത്’ – മുതിർന്ന നിർമാതാവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

English Summary: Raj Kundra, UK-based kin 'masterminded' global porn racket: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com