ADVERTISEMENT

തിരുവനന്തപുരം∙ സ്ത്രീധന പീഡമെന്ന് വനിതാ ഡോക്ടര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്ത യുവഡോക്ടര്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം. പെണ്‍കുട്ടി ഭര്‍ത്താവിന്റെ വട്ടപ്പാറയിലുള്ള വീട്ടില്‍നിന്നും വിഴിഞ്ഞത്തുള്ള സ്വന്തം വീട്ടില്‍ ഒരു ദിവസം താമസിച്ചതിന്റെ പേരിലായിരുന്നു അവസാനമായി തര്‍ക്കം ഉണ്ടായത്.

ഡോക്ടറായ പെണ്‍കുട്ടി  വീടിനടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ഭര്‍ത്താവിന്റെ വീട്ടില്‍നിന്നും അങ്ങോട്ടുമിങ്ങോട്ടും ഒരു ദിവസം 90 കിലോമീറ്ററോളം  സഞ്ചരിക്കുന്നുണ്ട്. സുഖമില്ലാത്തതിനാല്‍ യാത്ര ചെയ്യാന്‍ വയ്യെന്നും ഒരു ദിവസം സ്വന്തം വീട്ടില്‍ താമസിച്ചോട്ടെയെന്നും ഭര്‍ത്താവ് ഡോ.സിജോ രാജനോട് ചോദിക്കുകയും ഭര്‍ത്താവ് സമ്മതിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറയുന്നു. പിറ്റേന്നു ജോലിക്കുശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. ഫോണ്‍ വിളിച്ചപ്പോള്‍ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും, ഇനി 2 മാസം കഴിഞ്ഞേ താനും കുടുംബവും വീട്ടിലേക്കു വരൂ എന്നുമായിരുന്നു മറുപടി.

യുവതി മടങ്ങിവരാന്‍ നിര്‍ബന്ധിച്ചതോടെ 11 മണിക്ക് സിജോരാജനും അമ്മ വസന്താരാജനും അച്ഛന്‍ സി.രാജനും സഹോദരന്‍ റിജോ രാജനും വീട്ടിലെത്തി. വീട്ടിലെത്തിയ ഉടനെ വീട് അടിച്ചു തകര്‍ത്തശേഷം യുവതിയാണ് അടിച്ചു തകര്‍ത്തതെന്നു കാട്ടി വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. ഇതിനു പിറ്റേന്നു യുവതി ജോലിക്കുപോകാനായി ഇറങ്ങിയപ്പോഴാണ് സിജോരാജന്‍ മര്‍ദിച്ചത്. ചോദിക്കാനെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെയും സഹോദരനെയും മര്‍ദിച്ചു. ഇതേതുടര്‍ന്ന്, പെണ്‍കുട്ടിയുടെ കുടുംബം വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. തുടര്‍ന്നാണ് സ്ത്രീധന നിരോധന നിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്.

കുടുംബത്തിന്റെ ബാധ്യത തീര്‍ക്കാന്‍ 55 ലക്ഷം രൂപ വേണമെന്നും സഹോദരനു പെട്രോള്‍ പമ്പ് തുടങ്ങാന്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനം. 2020 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. 10 ലക്ഷം രൂപ വിലയുള്ള കാറും 7 ലക്ഷം രൂപയും ആഭരണങ്ങളും  സമ്മാനമായി നല്‍കി. കൂടാതെ 2 ഏക്കര്‍ ഭൂമിയും നല്‍കിയിരുന്നു. ഇതില്‍ റോഡ് സൈഡിലുള്ള 10 സെന്റ് ഭര്‍ത്താവിന്റെ പേരിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടും മര്‍ദിച്ചതായി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് സിജോയും കുടുംബവും കോടതിയില്‍ കീഴടങ്ങിയത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

English Summary: Doctor raise complaint against husband, more revelations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com