‘കൊച്ചിൻ ഷിപ്പ്‌യാഡിലെ അഫ്ഗാൻ പൗരന്റെ തട്ടിപ്പ് ഗുരുതര സുരക്ഷാ വീഴ്ച’; ദുരൂഹത

cochin-shipyard-afghan
കൊച്ചിന്‍ ഷിപ്പ് യാഡ്. പിടിയിലായ അഫ്ഗാന്‍ പൗരന്‍ ഈദ് ഗുല്‍ (ഇന്‍സെറ്റില്‍)
SHARE

കൊച്ചി∙ വ്യാജ രേഖകൾ ചമച്ചു കൊച്ചിൻ ഷിപ്പ്‍യാഡിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ പൗരൻ ഈദ് ഗുല്‍ അറസ്റ്റിലായ സംഭവം ഗൗരവമായി എടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ. സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നാണ് ഐബി ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. 

പ്രതിരോധ സേനയ്ക്കായി വിമാനവാഹിനിയുടെ നിർമാണം പുരോഗമിക്കുന്ന ഷിപ്പ്‌യാഡിൽ ഇയാൾ ജോലി ചെയ്തത് ഗുരുതര സുരക്ഷാ വീഴ്ചയെന്നാണ് ഏജന്‍സികള്‍ വിലയിരുത്തുന്നത്. ചാരപ്രവർത്തനം ഉൾപ്പടെ അന്വേഷണ പരിധിയിൽ വരുമെന്നാണ് ഏജൻസികൾ നൽകുന്ന സൂചന.

അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു രോഗിയുടെ സഹായി എന്ന പേരിലാണ്  ഇയാൾ ഇന്ത്യയിൽ എത്തിയത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ രോഗിയെന്ന പേരിൽ എത്തിയ ആളെ സംബന്ധിച്ച വിശദമായ വിവരം ശേഖരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇയാൾ എവിടെപ്പോയി എന്നതിനെക്കുറിച്ചും അറിവില്ല. ഇവർ ഡൽഹിയിലാണ് വന്നിറങ്ങിയത് എന്നും ഇവിടെ ഒരു ഹോട്ടലിൽ താമസിച്ചിരുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. രോഗിയായി എത്തിയത് മുജാഹിദ് അഹമ്മദ് എന്നയാളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഇതെല്ലാം ദുരൂഹതയ്ക്കു വഴിയൊരുക്കിയിട്ടുണ്ട്. 2018ലാണ് ഈദ് ഗുൽ കൊച്ചി കപ്പൽ നിർമാണ ശാലയിൽ ജോലിക്കു കയറിയത്. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തി അറസ്റ്റു ചെയ്ത ഇയാളെ നിലവിൽ റിമാൻഡു ചെയ്തിരിക്കുകയാണ്. ഇന്ന് പൊലീസ് ഇയാൾക്കായി കസ്റ്റഡി അപേക്ഷ നൽകുന്നുണ്ട്.

ഈദ് ഗുലിനെ ഷിപ്പ് യാർഡിൽ ജോലിക്കെത്തിച്ച കരാറുകാരനെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. കപ്പൽ നിർമാണശാലയിൽ തുടർച്ചയായുണ്ടാകുന്ന സുരക്ഷാ പാളിച്ചകൾ ആശങ്ക ഉയർത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ചും വിമാനവാഹിനിയുമായി ബന്ധപ്പെട്ടുള്ള വീഴ്ചകൾ. 2019ൽ വിമാനവാഹിനിയുടെ നിർമാണത്തിനിടെ ഇതിന്റെ ഹാഡ് ഡിസ്ക്, പ്രോസസർ തുടങ്ങിയവ മോഷണം പോയത് വലിയ വാർത്തയായിരുന്നു. 

eid-gul-cochin-shipyard

കരാർ തൊഴിലാളികളായി എത്തിയ ബിഹാർ, രാജസ്ഥാൻ സ്വദേശികൾ പണത്തിനു വേണ്ടി നടത്തിയ മോഷണമാണെന്നു തിരിച്ചറിഞ്ഞ എൻഐഎ ഇതു കാണിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. 2019 ഫെബ്രുവരിക്കും സെപ്റ്റംബറിനും ഇടയിൽ പ്രതികൾ വിമാന വാഹിനി കപ്പലിന്റെ പെയിന്റിങ് കരാര്‍ ജോലിക്കെത്തിയതായിരുന്നു. ഇതിനിടെ കപ്പലില്‍ നിന്നു കംപ്യൂട്ടര്‍ പ്രോസസർ, റാം തുടങ്ങിയവ മോഷ്ടിച്ചു വില്‍പന നടത്തുകയായിരുന്നു. ഇവ പിന്നീട് അന്വേഷണം സംഘം കണ്ടെത്തുകയും ചെയ്തിരുന്നു. 

നിർണായക സുരക്ഷാ മേഖലയായ കൊച്ചിൻ ഷിപ്പ് യാഡിൽ കരാർ തൊഴിലാളികളെ നിയോഗിക്കുമ്പോൾ അവരുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന നിര്‍ദേശം തഴയപ്പെട്ടതാണ് ഇത്തരത്തിലുള്ള വീഴ്ചകൾക്ക് ഇടയാക്കുന്നത് എന്ന ആക്ഷേപം  ഉയർന്നിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ആയിരത്തിലധികം പുറം കരാർ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 

English Summary: Serious security lapse lead to the joining of Afghan fraudster in Cochin Shipyard, says Central Agencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA