ADVERTISEMENT

ആലപ്പുഴ ∙ അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മുൻ മന്ത്രി ജി.സുധാകരൻ അടക്കമുള്ളവര്‍ക്ക് വീഴ്ച പറ്റിയെന്ന ആരോപണം അന്വേഷിക്കുന്ന സിപിഎം കമ്മിഷന്‍ തെളിവെടുപ്പ് ആരംഭിച്ചു. ജി.സുധാകരന്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ തെളിവു നല്‍കാനെത്തി. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ.തോമസ് എന്നിവരാണ് കമ്മിഷനംഗങ്ങള്‍.

ഞായറാഴ്ച നടത്തുമെന്നറിയിച്ചിരുന്ന തെളിവെടുപ്പ് നേരത്തെയാക്കുകയായിരുന്നു. സുധാകരന്‍ മത്സരിക്കാതിരുന്ന തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എച്ച്.സലാം വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിലും ലഭിച്ച വോട്ടിലും കുറവുണ്ടായി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സുധാകരനടക്കമുള്ളവര്‍ക്ക് വീഴ്ച സംഭവിച്ചതായാണ് ആക്ഷേപമുയര്‍ന്നത്. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും സുധാകരനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു.

അമ്പലപ്പുഴ എംഎല്‍എ എച്ച്.സലാമും എ.എം.ആരിഫ് എംപിയുമടക്കമുള്ളവര്‍ ജില്ലാ കമ്മിറ്റിയില്‍ സുധാകരനെതിരെ വിമര്‍ശനമുന്നയിച്ചു. വിമര്‍ശനങ്ങളുയര്‍ന്ന ജില്ലാ നേതൃയോഗങ്ങളിലും തിരഞ്ഞെടുപ്പ് അവലോകന രേഖ അംഗീകരിച്ച സംസ്ഥാന കമ്മിറ്റിയിലും സുധാകരന്‍ പങ്കെടുത്തിരുന്നില്ല. അമ്പലപ്പുഴയില്‍ സീറ്റ് ലഭിക്കാത്തതിന്റെ എതിര്‍പ്പ് പ്രചാരണത്തിനിടെ പ്രകടിപ്പിച്ചുവെന്നായിരുന്നു പ്രധാന ആരോപണം.

അമ്പലപ്പുഴയിലെ സ്ഥാനാര്‍ഥി എസ്ഡിപിഐക്കാരനാണെന്ന് പ്രചാരണം ചിലര്‍ നടത്തിയെങ്കിലും അത് പ്രതിരോധിക്കാന്‍ സുധാകരന്‍ ശ്രമിച്ചില്ലെന്നായിരുന്നു സലാമിന്റെ പ്രധാന ആരോപണം. കുടുംബയോഗങ്ങളിലെ ശരീരഭാഷ വോട്ടര്‍മാര്‍ക്ക് തെറ്റായ സൂചനകള്‍ നല്‍കുന്നതായിരുന്നു, മണ്ഡലത്തില്‍ വികസന രേഖ പുറത്തിറക്കിയില്ല തുടങ്ങിയ ആക്ഷേപങ്ങളും ഉയര്‍ന്നു. സംസ്ഥാന നേതൃത്വത്തിനും പരാതികള്‍ ലഭിച്ചിരുന്നു. 

സംസ്ഥാന കമ്മിറ്റിയില്‍ ആലപ്പുഴ ജില്ലയില്‍നിന്നുളള അംഗങ്ങളും സുധാകരനെതിരെ വിമര്‍ശനമുന്നയിച്ചു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി അമ്പലപ്പുഴ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. 25ന് കമ്മിഷന്‍ തെളിവെടുപ്പിനെത്തുമെന്നായിരുന്നു ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ അറിയിച്ചിരുന്നത്.

എന്നാല്‍ വെള്ളിയാഴ്ച ആലപ്പുഴയിലെത്തിയ കമ്മിഷനംഗങ്ങളായ എളമരം കരീമും കെ.ജെ.തോമസും ജില്ലാ സെക്രട്ടറി ആര്‍.നാസറുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച രാവിലെ 9 മുതല്‍ തെളിവെടുപ്പ് ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പരാതി ഉന്നയിച്ചവരില്‍നിന്ന് കമ്മിഷന്‍ വിവരങ്ങള്‍ ശേഖരിക്കും. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിലെ സിപിഎം അംഗങ്ങളില്‍നിന്നും വിശദാംശങ്ങള്‍ തേടും. ഞായറാഴ്ചയും തെളിവെടുപ്പ് തുടരും. അടുത്ത സംസ്ഥാന കമ്മിറ്റിക്ക് മുന്‍പ് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന.

English Summary: CPM Commission started probe on Ambalappuzha Election allegations against G. Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com