ADVERTISEMENT

നിലമ്പൂർ ചുള്ളിയോട് പാർട്ടി ഓഫിസിൽ നിന്നു പുറത്തിറങ്ങി വാഹനത്തിലേയ്ക്കു നടക്കുമ്പോഴാണ് സഖാക്കളുടെ മുഖത്തേയ്ക്ക് എതിർഭാഗത്തെ കോൺഗ്രസ് പാർട്ടി ഓഫിസിൽ നിന്ന് ഒരു ടോർച്ച് വെളിച്ചം അടിക്കുന്നത്. ‘ആരാടാ’ എന്ന കുഞ്ഞാലിയുടെ ഉറച്ച ചോദ്യത്തിനു മറുപടിയായി വന്നത് ഒരു തോക്കിൽ നിന്നു തുപ്പിയ തീയുണ്ട. സഖാവ് കുഞ്ഞാലി വെടിയേറ്റു വീണു. 1969 ജൂലൈ 26 നാണ് കുഞ്ഞാലി വെടിയേറ്റു വീണത്. 28 ന് ആശുപത്രിയിൽ മരിച്ചു. രാജ്യത്തു തന്നെ ഒരു പക്ഷെ എംഎൽഎ ആയിരിക്കെ വെടിയേറ്റു മരിച്ച ആദ്യത്തെ ആൾ കുഞ്ഞാലിയാണെന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ബഷീർ ചുങ്കത്തറ പറയുന്നത്. കുഞ്ഞാലിയുടെ 25ാം രക്തസാക്ഷി ദിനത്തിൽ സഹയാത്രികരെ തേടിപ്പിടിച്ചു സ്മരണിക പ്രസിദ്ധീകരിക്കുകയും ജീവചരിത്രം രചിക്കുകയും എല്ലാ വർഷവും കുഞ്ഞാലി സ്മരണ പ്രഭാഷണം നടത്തുകയുമെല്ലാം ചെയ്യുന്നയാളാണ് ബഷീർ. കുഞ്ഞാലിയുടെ ചരിത്രം കാണാപ്പാഠമാക്കി അതൊരു ദൗത്യം പോലെ ഏറ്റെടുത്തിരിക്കുന്നയാൾ

∙ എരിഞ്ഞു തീരുമായിരുന്നു; ആര്യാടൻ ഒന്നാം പ്രതി

സഖാവ് കുഞ്ഞാലിക്കു വെടിയേറ്റ വിവരം കാട്ടുതീ പോലെ പ്രചരിച്ചു. സഖാക്കൾ പാർട്ടി ഓഫിസിലേയ്ക്ക് ഒറ്റയ്ക്കും കൂട്ടംകൂടിയും ഓടിയെത്തി. വെടിയുണ്ട കോൺഗ്രസ് പാർട്ടി ഓഫിസിൽ നിന്നാണ് വന്നതെന്ന കാര്യത്തിൽ പാർട്ടിയിൽ ആര്‍ക്കും സംശയമില്ലായിരുന്നു. തിരിച്ചടിക്കാൻ തന്നെയാണ് തീരുമാനം. കോൺഗ്രസ് ഓഫിസ് വളഞ്ഞ് തീയിടാൻ വട്ടംകൂട്ടി. തൊട്ടടുത്തുള്ള റേഷൻ കടയിൽ പോയി മണ്ണെണ്ണ എടുത്തു കൊണ്ടു വന്നവരിൽ നിലമ്പൂരിൽ ഇപ്പോഴുമുള്ള ആലിക്കുട്ടി ഉൾപ്പടെയുള്ളവരുണ്ട്. മൂന്നു ബാരൽ മണ്ണെണ്ണ എടുത്തുകൊണ്ടു വന്ന് കത്തിക്കാനായിരുന്നു ശ്രമമെന്ന് ആലിക്കുട്ടി ഓർമിക്കുന്നു. കോൺഗ്രസ് ഓഫിസിനുള്ളിൽ അന്ന്ആര്യാടൻ മുഹമ്മദ് ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളുണ്ടായിരുന്നു. വിവരം അറിഞ്ഞു പൊലീസ് അവിടേയ്ക്കു പാഞ്ഞെത്തി. അല്ലായിരുന്നെങ്കിൽ സംഭവിക്കാനിരുന്നത് വലിയ ദുരന്തമാകുമായിരുന്നു. ആര്യാടൻ ഉൾപ്പടെയുള്ളവരെ അതിനകത്തിട്ടു കത്തിക്കുന്നതിനായിരുന്നു പ്രവർത്തകരുടെ നീക്കം. പൊലീസ് എത്തി എല്ലാവരെയും അറസ്റ്റു ചെയ്തു കൊണ്ടു പോയി.

∙ കനലായി മാറിയ സൈനികൻ

1924ൽ മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിലാണ് കുഞ്ഞാലിയുടെ ജനനം. ചെറിയ പ്രായത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടു. വിദ്യാർഥിയായിരിക്കെ തന്നെ ഉമ്മയെ സഹായിക്കാൻ ബീഡിക്കമ്പനിയിൽ പണിക്കു പോയിത്തുടങ്ങി. അന്നത്തെ ബീഡിത്തൊഴിലാളികൾ ഏറെയും പാർട്ടി അനുഭാവികളായിരുന്നു. പാർട്ടിയോടുള്ള അനുഭാവം അന്നേ മനസിൽ കയറിക്കൂടി. തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ കണ്ടും കേട്ടും അനുഭവിച്ചുമാണ് വളർന്നതും. പഠനം കഴിഞ്ഞു വീട്ടിൽ നിൽക്കുന്ന കാലമായപ്പോഴേയ്ക്കു കമ്യൂണിസ്റ്റു ചിന്തകൾ തലയ്ക്കു പിടിച്ചു. എന്നാൽ 1934 മുതൽ 1942 വരെ രാജ്യത്തു കമ്യൂണിസ്റ്റു പാർട്ടിക്കു നിരോധനമായിരുന്നു. പണിയില്ലാതെ നിൽക്കുമ്പോൾ 1942 ൽ സൈന്യത്തിൽ ചേരാൻ തീരുമാനിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിക്കെതിരെ ബ്രിട്ടൻ സോവിയറ്റ് യൂണിയനൊപ്പം ചേർന്ന് സഖ്യകക്ഷിയായി നിലകൊള്ളുന്ന കാലം. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകൾ നാസിപടയ്ക്കെതിരെ അണിനിരക്കാനും ആഹ്വാനം നിലനിൽക്കുന്നു. പട്ടാളത്തിൽ ചേരുന്നതും കമ്യണിസ്റ്റു പ്രവർത്തനമെന്നുറപ്പിച്ച് പല രാജ്യങ്ങളിലും സഖ്യസേനയുടെ ഭാഗമായി. 1945 ആയപ്പോഴേയ്ക്ക് നിലകളും നിലപാടുകളും മാറിമറിഞ്ഞു. സർക്കാരുകൾ സൈനികരെ കുറച്ചു തുടങ്ങി. യുദ്ധം രൂക്ഷമായി നിൽക്കെ ‘മൈ ഡിയർ ബോയ്സ്’ എന്ന് ഇന്ത്യൻ സൈനികരെ വിളിച്ച ഇംഗ്ലിഷ് സേനാ മേധാവികൾ യുദ്ധം കഴിഞ്ഞതോടെ മോശം പരാമർശങ്ങളിൽ ഇന്ത്യൻ സൈനികരെ അഭിസംബോധന ചെയ്തു തുടങ്ങിയെന്ന് അന്നു സൈന്യത്തിലുണ്ടായിരുന്ന, പിന്നീടു സ്വാതന്ത്ര്യ സമര സേനാനിയായ കൊണ്ടോട്ടിക്കാരൻ ഓടയ്ക്കൽ മുഹമ്മദ് ഓർക്കുന്നു.

ഇതിനിടെ നാട്ടിൽ നിന്നു രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കുഞ്ഞാലി കമ്യൂണിസ്റ്റുകാരനാണെന്നു കാണിച്ച് ഊമക്കത്തു ചെല്ലുന്നു. ഇതൊരു അവസരമായി കുഞ്ഞാലി ഉൾപ്പടെ നിരവധിപ്പേരെ സൈന്യത്തിൽ നിന്നു പിരിച്ചു വിട്ടു. നാട്ടിൽ തിരിച്ചെത്തിയ കുഞ്ഞാലി വീണ്ടും രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. അന്ന് പ്രായം 22 മാത്രം. മൈസൂരിൽ ബീഡിത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ഒരു കൊണ്ടോട്ടിക്കാരൻ സഖാവിന് ആരോഗ്യ കാരണങ്ങളാൽ പാർട്ടി പ്രവർത്തനം തുടരാൻ സാധിക്കില്ലെന്നു വന്നതോടെ ആ ഉത്തരവാദിത്തം കുഞ്ഞാലിക്കായി. ചെറിയ പ്രായമാണെങ്കിലും പല ഭാഷകൾ കൈകാര്യം ചെയ്യുമെന്നതും ലോക പരിചയവും അതിലേറെ പാർട്ടിയോടുള്ള കൂറും കുഞ്ഞാലിയെ അവിടേയ്ക്ക് അയയ്ക്കാൻ പാർട്ടി നേതൃത്വത്തിനു പ്രചോദനമായി. ഏതാനും വർഷം അവിടെ പ്രവർത്തിച്ചു തിരിച്ചു വരുന്ന കാലമായപ്പോഴേയ്ക്ക് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചിരുന്നു.

∙ കാളികാവുകാരനായി മാറിയ കുഞ്ഞാലി

നിലമ്പൂർ മേഖലയിൽ ഇക്കാലത്ത് വെള്ളക്കാരുടെയും ജന്മിമാരുടെയും നിരവധി തോട്ടങ്ങളുണ്ട്. ഇവിടെ പ്രവർത്തിക്കാൻ കണ്ണൂരിൽ നിന്നുള്ള ഒരു ഈശ്വരൻ നമ്പൂതിരിക്കായിരുന്നു ചുമതല. മാതാവിനു സുഖമില്ലാതെ ഇദ്ദേഹത്തിനു തിരിച്ചു പോകേണ്ടതായി വന്നതോടെ ഈ ചുമതല ഏൽപിക്കാൻ കുഞ്ഞാലി കൊള്ളാമെന്നു തോന്നി. അങ്ങനെയാണ് ഏറനാടിന്റെ ചുമതലയേറ്റ് അദ്ദേഹം കാളികാവുകാരനായി മാറുന്നത്. ഉമ്മയെയും കാളികാവിലേയ്ക്കു കൊണ്ടു വന്നു. എഐടിയുസിയാണ് കുഞ്ഞാലിയുടെ പ്രവർത്തന മേഖല. അവസാനം വരെ പ്രവർത്തിച്ചതും ഇതിലായിരുന്നു. പിന്നീടാണ് സിഐടിയു രൂപീകരിക്കപ്പെടുന്നത്.

ജന്മിത്ത വിരുദ്ധ സമരം രൂക്ഷമായിക്കൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. തൊഴിലാളികളെ മർദിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്ന തോട്ടം മുതലാളിമാരും മാനേജർമാരുമായിരുന്നു അന്നുണ്ടായിരുന്നത്. മാനേജർമാർ താമസിക്കുന്ന ക്വാർട്ടേഴ്സിനു സമീപം സ്ത്രീകൾക്കു പോകാൻ പോലും പറ്റാത്ത കാലം. കുഞ്ഞാലിയുടെ വരവോടെയാണ് തൊഴിലാളിയുടെ മേൽ കൈവയ്ക്കാൻ മാനേജർമാർക്ക് അൽപമെങ്കിലും പേടിയുണ്ടായത്.

തൊഴിലാളിയെ അടിച്ചെന്നു പറഞ്ഞാൽ കുഞ്ഞാലി അവരെ തിരിച്ചടിച്ചിരിക്കും. ഒത്ത അഭ്യാസിയും കരുത്തനുമായിരുന്നു കുഞ്ഞാലി എന്നതിനാൽ ഒന്നിലധികം പേരെ അടിച്ചു വീഴ്ത്താൻ കുഞ്ഞാലി ഒരാൾ മതിയായിരുന്നു. പൊലീസിനെതിരെ പോലും ഒറ്റയ്ക്കു തിരിഞ്ഞു നിൽക്കുമായിരുന്നു അദ്ദേഹം. പെണ്ണുങ്ങളുടെ ദേഹത്തു കൈ വെച്ചാൽ ചോദിക്കാൻ ഒരു നേതാവുണ്ടായി അവർക്ക്. പാട്ടം കുറയ്ക്കണം എന്നു പറയുന്ന കുടിയാനെതിരെ കള്ളക്കേസ് കൊടുത്ത് കുടുക്കുന്നതും അന്നു പതിവായിരുന്നു. ഇതിനെല്ലാം എതിരെ ജന്മിമാരുടെ വീടു വളയൽ ഉൾപ്പടെയുള്ള പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയത് കുഞ്ഞാലിയായിരുന്നു. ഇതെല്ലാം പാർട്ടിക്ക് തൊഴിലാളികൾക്കിടയിൽ പാർട്ടിക്കു പെട്ടെന്നു വേരോടാൻ സഹായിച്ചു.

∙ പുല്ലങ്കോട്ടുകാരൻ ദിവാകരൻ പറഞ്ഞ കഥ

40 പറ അടയ്ക്കാൻ ബാക്കിയുള്ള, കർഷകനായ തന്റെ പിതാവ് ഇളവു നൽകണമെന്ന അഭ്യർഥനയുമായാണ് ജന്മിയുടെ അടുത്തെത്തുന്നത്. അഭ്യർഥന സ്വീകരിക്കാതെ വന്നതോടെ പാട്ടക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഇതോടെ കുടിയാനോടു പകരം വീട്ടാനായി ജൻമിയുടെ തീരുമാനം. ഇയാൾ 40 എന്നത് 400 എന്ന് എഴുതിച്ചേർത്ത് കേസുകൊടുത്തു. പിന്നാലെ കർഷകനെ ജപ്തി ചെയ്യാൻ തീരുമാനിക്കുന്നു. ഈ നോട്ടീസ് കിട്ടിയതോടെ കർഷകൻ അങ്കലാപ്പിലായി. എന്നാൽ ഈ വിവരം അറിഞ്ഞ കുഞ്ഞാലി സ്ഥലത്തെത്തുന്നു. വീട്ടിൽ പിതാവ് ഉണ്ടായിരുന്നില്ല. അമ്മയോട് ശത്രുവല്ല, മിത്രമാണ് എന്നു പറഞ്ഞു പരിചയപ്പെടുത്തി. കുഞ്ഞാലി വന്നിരുന്നു എന്നു പറയണം എന്നു പറഞ്ഞു, ഒപ്പം നാലഞ്ചു പായും കുറച്ചു വെളിച്ചവും കരുതാനും ആവശ്യപ്പെട്ടു. വൈകിട്ടു ഒരു മീറ്റിങ്ങ് കൂടാനാണെന്നും പറഞ്ഞു. കുറച്ചു കർഷകരെ കൂട്ടി അന്നു മീറ്റിങ്ങ് കൂടി. പിന്നാലെ ജന്മിയുടെ വീടു വളയലും ചോദ്യം ചെയ്യലുമെല്ലാം ഉണ്ടായി. പ്രത്യാഘാതം ഭയന്ന ജന്മി പരാതിയിൽ നിന്നും ജപ്തിയിൽ നിന്നും പിൻമാറിയെന്നാണ് ചരിത്രം.

∙ അമിത ധൈര്യം ദൗർബല്യമായ കുഞ്ഞാലി

സ്മരണികയ്ക്കായി ഇമ്പിച്ചി ബാവ കുഞ്ഞാലിയെ ഓർക്കുന്നത് ഇങ്ങനെ: അമിത ധൈര്യം ദൗർബല്യമായിരുന്നു കുഞ്ഞാലിക്ക്. 20 പേർ തല്ലാൻ നിൽക്കുന്നത് അറിഞ്ഞാൽ അവിടേയ്ക്കു രണ്ടു പേരേ ഉള്ളെങ്കിലും ധൈര്യമായി ചെല്ലും. ചിലപ്പോൾ തല്ലുകൊള്ളും, അല്ലെങ്കിൽ കൈക്കരുത്തുകൊണ്ടു ജേതാവായി തിരികെ വരും. പലപ്പോഴും അതു ദോഷമാണെന്ന് അദ്ദേഹം മാത്രം മനസിലാക്കിയില്ല. വെടിവയ്പ് ഉണ്ടായ ദിവസവും അതു തന്നെയാണ് സംഭവിച്ചത്.

പുല്ലങ്ങോട് ചില സംഘർഷങ്ങൾ നടക്കുന്ന വിവരം അറിഞ്ഞ് കുഞ്ഞാലി അവിടേയ്ക്കു പോകേണ്ട എന്നായിരുന്നു പാർട്ടിയുടെ തീരുമാനം. പകരം വെള്ളക്കട്ടത്ത് മറ്റൊരു മീറ്റിങ്ങിനു പറഞ്ഞു വിട്ടു. പി.സി. മുഹമ്മദിനായിരുന്നു പുല്ലങ്ങോട്ടെ ദൗത്യം. താൻ അവിടെ പോകാമെന്നു കുഞ്ഞാലി കമ്മിറ്റിയിൽ വാദിച്ചിട്ടും സമ്മതിച്ചില്ല. വെള്ളക്കട്ടത്തെ മീറ്റിങ്ങിൽ പെട്ടെന്നു പോയി അവിടെ നേതാക്കളെ കാര്യങ്ങൾ ഏൽപിച്ചു തിടുക്കത്തിൽ മടങ്ങുകയായിരുന്നു. ചുങ്കത്തറ എത്തി കുറച്ചു പ്രവർത്തരെ സംഘടിപ്പിച്ച് ചുള്ളിയോട്ടേയ്ക്കു വരണമെന്നു പറഞ്ഞ് അദ്ദേഹം അവിടേയ്ക്കു പുറപ്പെട്ടു. അങ്ങനെയാണ് അന്ന് അവിടെ കൂടുതൽ പ്രവർത്തകർ എത്തുന്നതും.

∙ വെടിവയ്പിലേയ്ക്കെത്തിയ സംഘർഷം

ചുള്ളിയോട്ടെ കമ്യൂണിസ്റ്റ് പാർട്ടി – കോൺഗ്രസ് പാർട്ടി ഓഫിസുകൾ റോഡിന് ഇരുവശവും മുഖാമുഖമാണ്. സംഘർഷം നിലനിലനിൽക്കുണ്ടെങ്കിലും പ്രകടമായിരുന്നില്ല. രണ്ടു പാർട്ടി ഓഫിസുകളിലും ആളുകൾ കൂടിയിട്ടുണ്ട്. കോൺഗ്രസ് പാർട്ടി നേതാവായി ആര്യാടനും കമ്യൂണിസ്റ്റു പാർട്ടിയുടെ നേതാവായി കുഞ്ഞാലിയുമുണ്ട്. എഐടിയുസിയിൽ സഹകരിക്കാൻ തീരുമാനിച്ച തോട്ടം മുതലാളിക്കും ചില തൊഴിലാളികൾക്കും എതിരെ ഐഎൻടിയുസി നേതാക്കൾ തിരിഞ്ഞതായിരുന്നു സംഘർഷത്തിന്റെ മൂലകാരണം.

പാർട്ടി പ്രവർത്തകരെക്വാർട്ടേഴ്സിൽ കയറി അടിക്കും എന്നൊക്കെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘടിച്ചിരുന്നത്. തിരിച്ചടിക്കാൻ എതിരാളികളും ഒത്തുകൂടി. രാത്രി പത്തുമണി കഴിഞ്ഞിട്ടും കാര്യമായി ഒന്നും സംഭവിക്കുന്നില്ല. ഇതോടെ മടങ്ങാൻ തീരുമാനിച്ച് പാർട്ടി ഓഫിസിൽ നിന്ന് ഇറങ്ങുന്നു. തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകും എന്നതിലുപരി തോക്കുമായി ഒരാൾ അവിടെ എത്തുമെന്ന് പാർട്ടി പ്രവർത്തർ ആരും നിനച്ചിട്ടുമില്ലായിരുന്നു. ഈ സമയം കോൺഗ്രസ് ഓഫിസിൽ നിന്ന് ഒരു ടോർച്ചടിയുണ്ടാകുന്നു. അപ്പോൾ തന്നെ പ്രകോപിതനാകുന്നതാണ് കുഞ്ഞാലിയുടെ പ്രകൃതം. ‘ആരാടാ’ എന്നു കുഞ്ഞാലി ചോദിച്ചു തീരുന്നതിനു മുമ്പ് വെടിയുണ്ട പതിച്ചു. ആളെ തിരിച്ചറിയാനായിരുന്നു ആ ടോർച്ചടിക്കൽ എന്നു പിന്നീടാണ് മനസിലായത്.

ആര്യാടൻ ഉൾപ്പടെയുള്ളവരാണ് തന്നെ വെടിവച്ചതിനു പിന്നിൽ എന്ന് മരണക്കിടക്കയിൽ അദ്ദേഹം മൊഴി നൽകി. കുഞ്ഞാലിയുടെ മുറിവു പരിശോധിച്ച ഡോക്ടർമാർ വെടിയേറ്റത് കെട്ടിടത്തിന്റെ മുകളിലെ നിലയിൽ നിന്നുള്ള പാർട്ടി ഓഫിസിൽ നിന്നല്ല എന്നു സ്ഥിരീകരിച്ചു. താഴെ നിന്ന ആരോ വെടിവച്ചതായിരുന്നു. അതുകൊണ്ടു തന്നെ പാർട്ടി ഓഫിസിലുണ്ടായിരുന്ന, കേസിൽ ഒന്നാം പ്രതിയായ ആര്യാടൻ മുഹമ്മദ് ഉൾപ്പടെയുള്ളവരെ കോടതി വെറുതെ വിടുന്ന സാഹചര്യമുണ്ടായി.

കേസിൽ ആര്യാടൻ മുഹമ്മദ് ഒരു വർഷം റിമാൻഡ് പ്രതിയായി തടവിൽ കഴിഞ്ഞിട്ടുണ്ട്. ഇഎംഎസ് മന്ത്രിസഭ ആടി ഉലയുന്ന രാഷ്ട്രീയ സാഹചര്യമായിരുന്നു അന്നു കേരളത്തിൽ. 1969 ജൂലൈ 28നാണ് കുഞ്ഞാലിയുടെ മരണം. നാലു മാസം കഴിഞ്ഞപ്പോഴേയ്ക്ക് സി.അച്യുതമേനോൻ മുഖ്യമന്ത്രി പദത്തിലേയ്ക്കെത്തി. ആഭ്യന്തര മന്ത്രിയായി കരുണാകരൻ വന്നതോടെ കേസ് മാറി മറിഞ്ഞു. കുഞ്ഞാലിയെ വെടിവച്ചു എന്നു കരുതുന്ന കോൺഗ്രസ് അനുഭാവി ഗോപാലൻ എന്നയാളെ 1971ൽ ഒരുപറ്റം പാർട്ടി പ്രവർത്തകർ കുത്തികൊലപ്പെടുത്തി. ഇയാളെ പൊലീസ് കേസിൽ പ്രതി ചേർത്തിരുന്നില്ല.

1964ലാണ് കമ്യൂണിസ്റ്റു പാർട്ടി പിളരുന്നത്. സിപിഎമ്മുകാരെ ചൈനീസ് ചാരൻമാരായി മുദ്രകുത്തി തടവറയിലാക്കി സർക്കാർ. അങ്ങനെ ജയിലിൽ കിടന്നാണ് 1965ൽ റിമാൻഡ് തടവുകാരനായിരിക്കെ കുഞ്ഞാലിക്കുട്ടി മൽസരിച്ച് ആദ്യം എംഎൽഎ ആയത്. സിപിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഗവർണർ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാതെ പിരിച്ചു വിട്ടു.

വീണ്ടും 1967ൽ നടന്ന തിരഞ്ഞെടുപ്പിലും ജയിച്ച് എംഎൽഎ ആയിരിക്കെയാണ് കുഞ്ഞാലിക്കു വെടിയേൽക്കുന്നതും മരിക്കുന്നതും. അതിനു മുമ്പ് 1962ൽ പാർലമെന്റിലേയ്ക്കു മൽസരിച്ചെങ്കിലും ജയിച്ചില്ല. പഞ്ചായത്തിലേയ്ക്കു മൽസരിച്ചു പ്രസിഡന്റായി, ജില്ലാ ബോർഡിലേയ്ക്കു മൽസരിച്ചെങ്കിലും അവിടെയും പരാജയപ്പെട്ടു. കുഞ്ഞാലിയുടെ ഭാര്യ സൈനബ മരിച്ചിട്ട് അധികം വർഷങ്ങളായിട്ടില്ല.അഷ്റഫ്, സെറീന, നിഷാദ്, ഹസീന എന്നിവരാണ് മക്കൾ.


English Summary: K.Kunhali, story of the Nilambur MLA who was killed in a gunfire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com