ADVERTISEMENT

കണ്ണൂർ∙ മകളുടെ വിയോഗം അറിയാതെ അച്ഛൻ മാധവൻ കർമനിരതനായി നിന്നത് രണ്ടു മണിക്കൂറിലേറെ. കൊയിലി ആശുപത്രിക്കു സമീപം ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മാധവൻ. ടിവിയിൽ വാർത്ത കണ്ടതോടെ അമ്മ കരഞ്ഞുതളർന്ന് അവശയായിരുന്നു. ബന്ധുക്കൾ മാധവനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 5.30 വരെ ഗതാഗത നിയന്ത്രണത്തിലായിരുന്ന മാധവനെ പൊലീസ് ഉദ്യോഗസ്ഥരാണ് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നത്.

നടുക്കം മാറാതെ നാറാത്ത്

മാനസയുടെ മരണവാർത്ത കേട്ട നടുക്കം വിട്ടു മാറിയിട്ടില്ല, ജില്ലയ്ക്കാകെ. നാറാത്ത് പ്രദേശവും മേലൂർ പ്രദേശവും ഒരുപോലെ ഞെട്ടലിലാണ്. നാറാത്ത് രണ്ടാം മൈലിലുള്ള മാനസയുടെ വീടിനു സമീപത്തെ 4 വീടുകളും അടുത്ത ബന്ധുക്കളുടേതാണ്. മാനസയുടെ അച്ഛൻ മാധവന്റെ സഹോദരൻമാരായ ഭാസ്കരൻ, വിജയൻ, കൃഷ്ണൻ, പ്രഭാകരൻ എന്നിവരെല്ലാം അടുത്തടുത്താണു താമസിക്കുന്നത്. സഹോദരി ലീലയും നാറാത്തു തന്നെയാണു താമസം.

മാനസയുടെ അമ്മ വീട്ടുകാർ പുതിയതെരുവിലാണ്. അവധിക്കു നാട്ടിലെത്തിയാൽ പകുതി ദിവസവും മാനസ പുതിയതെരുവിലെ വീട്ടിലുണ്ടാകും. അമ്മാവൻമാരുമായി നല്ല അടുപ്പമാണുള്ളത്. മാനസയുടെ മരണവിവരം ടിവിയിലൂടെയാണ് ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. ഉടൻ തന്നെ ബന്ധുക്കളെല്ലാം ഓടിയെത്തി. നാട്ടുകാരും വീടിനു ചുറ്റും ഓടിക്കൂടി. മൂന്നാഴ്ചയ്ക്കു മുൻപ് അവധിക്കു വീട്ടിലെത്തിയ കണ്ട മാനസ മരിച്ചെന്നു വിശ്വസിക്കാൻ നാട്ടുകാർക്കുപോലും കഴിയുന്നില്ല.

രഖിലിന്റെ കുടുംബം മേലൂരിൽ

കണ്ണൂർ പള്ളിയാംമൂല സ്വദേശിയാണ് രഖിലിന്റെ പിതാവ് രഘൂത്തമൻ. 25 വർഷം മുൻപ് ചെമ്മീൻ കൃഷിയുമായി ബന്ധപ്പെട്ടാണ് മേലൂരിൽ എത്തിയത്. രഖിൽ അധികവും പള്ളിയാംമൂലയിൽ അച്ഛന്റെ സഹോദരിമാർക്കൊപ്പമായിരുന്നു താമസം. ഇടയ്ക്ക് മേലൂരിലെ വീട്ടിലും എത്താറുണ്ടായിരുന്നു. ബെംഗളൂരുവിൽ എംബിഎ കഴിഞ്ഞ രഖിൽ പിന്നീട് ഇന്റീരിയർ ഡിസൈനിങ് രംഗത്തേക്കു മാറിയെന്നാണു നാട്ടുകാർക്കുള്ള വിവരം. ഇപ്പോൾ എറണാകുളത്ത് ഏതോ കോഴ്സിനു പഠിക്കുകയാണെന്നാണു നാട്ടുകാർ കരുതിയിരുന്നത്. നാട്ടുകാരുമായി രാഖിലിനു ബന്ധമൊന്നും ഉണ്ടായിരുന്നില്ല.

English Summary: Kothamangalam Manasa murder, Kannur Narath in shock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com