ADVERTISEMENT

വാഷിങ്ടൻ ∙ ഹെയ്റ്റി പ്രസിഡന്റ് ഹോവനൽ മോയ്സിനെ വധിച്ച സംഭവത്തിൽ  വെളിപ്പെടുത്തലുകളുമായി അദ്ദേഹത്തിന്റെ ഭാര്യ മാർട്ടിൻ മോയ്സ്. വീട്ടിലേക്കു കയറി അക്രമികൾ പ്രസിഡന്റിനെ കൊലപ്പെടുത്തുന്നതിനിടെ മാർട്ടിൻ മോയ്സിനും ഗുരുതരമായി പരുക്കേറ്റിരുന്നു. മരിച്ചെന്നു കരുതിയാണു കൊലയാളികൾ തന്നെ വിട്ടുപോയതെന്നു മാർട്ടിൻ മോയ്സ് ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. മാർട്ടിൻ മോയ്സ് യുഎസിലെത്തിയാണ് ചികിത്സ തേടിയത്.

‘കൊലയാളികള്‍ വീട്ടില്‍നിന്ന് എന്തോ എടുത്തുകൊണ്ടു പോയി. എന്താണു കൊണ്ടുപോയതെന്ന് അറിയില്ല. ഭര്‍ത്താവ് ഫയലുകള്‍ സൂക്ഷിക്കുന്ന ഷെല്‍ഫില്‍നിന്നാണ് അവരത് എടുത്തത്. ഇതുകൊണ്ടൊന്നും ഭയപ്പെടില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കും.

സാധാരണയായി 30 മുതൽ 50 വരെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വീടിനു മുന്നിൽ നിയോഗിക്കുക. എന്നാൽ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചിട്ടില്ല, മുറിവേറ്റിട്ടു പോലുമില്ല. ഇത് അദ്ഭുതപ്പെടുത്തുന്നു. ഇവിടുത്തെ സംവിധാനത്തിനുള്ളിലുള്ളവര്‍ക്കു മാത്രമേ അദ്ദേഹത്തെ കൊല്ലാൻ കഴിയൂ. ഞങ്ങൾ ഉറങ്ങുകയായിരുന്നു. വെടിയൊച്ച കേട്ടാണ് ഉണർന്നത്. പ്രസിഡന്റ് സുരക്ഷാ ഉദ്യോഗസ്ഥരെ സഹായത്തിനായി വിളിച്ചെങ്കിലും കൊലയാളികൾ ബെഡ്റൂമിൽനിന്നു വെടിയുതിർക്കുകയായിരുന്നു.

കൈകൾക്കും മുട്ടിനുമാണ് മാർട്ടിൻ മോയ്സിനു പരുക്കേറ്റത്. സ്പാനിഷ് ഭാഷ സംസാരിക്കുന്നവരായിരുന്നു കൊലയാളികൾ. ഹെയ്റ്റിയിലെ ഭാഷ ക്രിയോളും ഫ്രഞ്ചുമാണ്. അക്രമത്തിനിടെ ഇവർ ആരോടോ ഫോണിൽ സംസാരിച്ചിരുന്നു. ഇതു ചെയ്തവരെ പിടികൂടണം. അല്ലെങ്കിൽ ചുമതലയേൽക്കുന്ന ഓരോ പ്രസിഡന്റുമാരെയും അവർ കൊലപ്പെടുത്തും’– മാർട്ടിൻ മോയ്സ് പറഞ്ഞു.

സംഭവത്തിൽ പ്രസിഡന്റിന്റെ സുരക്ഷാ തലവനെ ഹെയ്റ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊളംബിയക്കാരായ കൂലിപ്പടയാളികൾ ഉൾപ്പെടെ ഇരുപതോളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഹെയ്റ്റി സ്വദേശികളും വിദേശികളും ചേർന്നാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നും മാർട്ടിൻ മോയ്സ് ആരോപിച്ചു.

English Summary: "They Thought I Was Dead": Wife Of Haiti's Assassinated President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com