ADVERTISEMENT

കൊച്ചി∙ ജൂൺ, ജൂലൈ മാസങ്ങളിൽ 15400 പോയിന്റിനും 15960 പോയിന്റിനുമിടയിൽ കൺസോളിഡേഷനിലായിപ്പോയ ഇന്ത്യൻ സൂചികകൾ ഓഗസ്റ്റിൽ 16000 പോയിന്റ് മറികടക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ വിപണി. മെറ്റൽ, ഇൻഫ്രാ, സിമന്റ്, ഐടി, റിയൽറ്റി സെക്ടറുകൾ ജൂലൈ മാസത്തിൽ മുന്നേറ്റം നേടിയപ്പോൾ, ബാങ്കിങ്, ഫാർമ, എഫ്എംസിജി സെക്ടറുകൾക്കു മുന്നേറാനാകാതെ പോയതാണ് ഇന്ത്യൻ സൂചികകളുടെ മുന്നേറ്റം തടസപ്പെടുത്തിയത്.

മറ്റ് ഏഷ്യൻ വിപണികളുടെ തകർച്ചയും ഡെൽറ്റ വേരിയെന്റിന്റെ വ്യാപനവും വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും ഇന്ത്യൻ വിപണിക്കു ഭീഷണിയാണെങ്കിലും മികച്ച റിസൾട്ടുകളും മികച്ച റീട്ടെയ്ൽ പങ്കാളിത്തവും സൈക്ലിക്കൽ സെക്ടറുകളിൽ വാങ്ങൽ ആരംഭിച്ചതും ആർബിഐയുടെ പോളിസി മീറ്റിങ്ങും വാഹന വിൽപനക്കണക്കുകളും ഇന്ത്യൻ വിപണിക്കു പ്രതീക്ഷയാണ്. വിപണിയുടെ പുതിയ ആഴ്ചയിലെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ. 

ഉൽപന്ന വില വർധനവിന്റെ പശ്ചാത്തലത്തിൽ മെറ്റൽ, സിമന്റ്, ഷുഗർ സെക്ടറുകൾ ഈ ആഴ്ചയിലും മുന്നേറിയേക്കാം. റിയൽറ്റി, ഇൻഫ്രാ സെക്ടറുകൾ ‌ദീർഘ കാല മുന്നേറ്റത്തിനു തയാറെടുക്കുന്നതും ബാറ്ററി, പവർ, പൊതു മേഖല ഓഹരികളിൽ നിക്ഷേപക താൽപര്യം വർധിക്കുന്നതും ദീർഘ കാല നിക്ഷേപകർ ശ്രദ്ധിക്കുക.

വീഴുന്ന ചൈനയും, പടരുന്ന ഡെൽറ്റയും

കഴിഞ്ഞ ആഴ്ച അമേരിക്കൻ ടെക് ഭീമന്മാരടക്കം ഏറ്റവും മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചെങ്കിലും കമ്പനികളുടെ മോശം ഔട്ട് ലുക്കുകളും ഫെഡിന്റെ പ്രഖ്യാപനങ്ങളും അമേരിക്കൻ വിപണിയെ അടുത്ത നിലയിലേയ്ക്കുയരുന്നതിൽ നിന്നു തടഞ്ഞു. അമേരിക്കൻ ഫെഡ് ഡോവിഷ് ശൈലി തൽക്കാലം തുടരുമെങ്കിലും അമേരിക്കൻ ഇക്കണോമിക് ഡേറ്റകൾ മെച്ചപ്പെട്ടു വരുന്ന മുറയ്ക്കു ഫെഡിന്റെ ബോണ്ട് വാങ്ങൽ തോതു കുറച്ചു കൊണ്ടു വരുമെന്നു കൂടി പ്രഖ്യാപിച്ചത്, അമേരിക്കൻ വിപണിയിൽ ഒരു റിവേഴ്‌സ് ഇഫക്ടിനു കാരണമായിത്തുടങ്ങി. അടുത്ത ആഴ്ചയിലെ പിഎംഐ, ജോബ് ഡേറ്റകളും അൺ എംപ്ലോയ്‌മെന്റ് റേറ്റും കൂടുതൽ മാറ്റങ്ങളോടെ തയ്യാറായിക്കൊണ്ടിരിക്കുന്ന ബൈഡന്റെ ഇൻഫ്രാ സ്ട്രക്ച്ചർ പ്ലാനും അമേരിക്കൻ വിപണിക്കു പ്രധാനമാണ്.

രാജ്യത്തിനു പുറത്തു ലിസ്റ്റ് ചെയ്ത കോർപറേറ്റുകൾക്കെതിരെ നടപടിയെടുത്തു തുടങ്ങിയ കോർപറേറ്റുകളെ വരുതിയിലാക്കാനുള്ള ചൈനീസ് സർക്കാരിന്റെ നടപടികൾ ചൈനീസ് വിപണിക്കു പുറമെ ഹോങ്കോങ്, സിങ്കപ്പൂർ വിപണികൾക്കും കെണിയാകുന്നത് ഇന്ത്യൻ വിപണിക്കും വിനയാണ്. ജപ്പാൻ ഓസ്ട്രേലിയ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിൻ ഡെൽറ്റ പടരുന്നതും ഏഷ്യൻ വിപണികൾക്കു നാളെ മോശം തുടക്കം നൽകിയേക്കാം.

ആർബിഐ പോളിസി മീറ്റിങ്

ആർബിഐയുടെ പോളിസി മീറ്റിങ്ങും അതിനു മുന്നോടിയായി ബാങ്കിങ് സെക്ടറിലെ ചാഞ്ചാട്ടങ്ങളും എസ്ബിഐയുടെ റിസൾട്ടും അടുത്ത ആഴ്ചത്തെ ഇന്ത്യൻ വിപണി ചലനങ്ങൾക്കു ചുക്കാൻ പിടിക്കും. എച്ച്ഡിഎഫ്സി ബാങ്കിലും കോട്ടക്ക് മഹിന്ദ്ര ബാങ്കിലും വാങ്ങൽ തുടങ്ങിയതും ഐസിഐസിഐ ബാങ്കിൽ നിക്ഷേപകർക്കു പ്രിയമേറുന്നതും ഇന്ത്യൻ വിപണി പ്രതീക്ഷയോടെ കാണുന്നു. ആർബിഐ പോളിസി നിരക്കുകളിൽ മാറ്റങ്ങൾ കൊണ്ടു വന്നേക്കില്ല എന്നതും കൂടുതൽ വീഴ്ച നേരിട്ട സെക്ടറുകളിലേക്കു പണമെത്തിക്കാനുള്ള നടപടികൾക്കു തുടക്കമിട്ടേക്കാവുന്നതും പ്രതീക്ഷയാണ്. ഹോസ്പിറ്റാലിറ്റി സെക്ടർ വീണ്ടും പ്രതീക്ഷയിലാണ്.

ഓഹരികളും സെക്ടറുകളും

∙ ഡോക്ടർ റെഡ്ഡീസിന്റെ മോശം റിസൾട്ടിനു പിന്നാലെ വലിയ വിൽപന സമ്മർദത്തിലായ ഇന്ത്യൻ ഫാർമ സെക്ടറിനു സൺ ഫാർമയുടെ വിപണി പ്രതീക്ഷക്കയ്പ്പുറം പോയ ഫലം വലിയ ഉണർവാണു നൽകിയത്. കോവിഡ് സംബന്ധിയായ ഔഷധങ്ങൾക്കൊപ്പം സൺ ഫാർമ ഓൺകോളജി, ഓഫ്

താൽമോളജി, ഡെർമറ്റോളജി ഔഷധങ്ങളിലും വലിയ വിൽപന മുന്നേറ്റം ഇന്ത്യയ്ക്കകത്തും പുറത്തും നേടിയതും ഫാർമ സെക്ടറിൽ പുതിയ തരംഗത്തിനു വഴി വെച്ചേക്കാം.

∙ സ്പെഷ്യൽറ്റി ജനറിക് ഫാർമസ്യുട്ടിക്കൽ മേഖലയിലെ ലോകത്തെ നാലാമത്തെ കമ്പനിയായ സൺ ഫാർമ കഴിഞ്ഞ കൊല്ലം നഷ്ടം രേഖപ്പെടുത്തിയിടത്ത് 1444 കോടി രൂപയുടെ മൊത്ത അറ്റാദായവും വരുമാനത്തിൽ 28%വും, എബിറ്റ് മാർജിനിൽ 29%വും വളർച്ചയുമാണ് രേഖപ്പെടുത്തിയത്. ദീർഘ കാല കൺസോളിഡേഷൻ പൂർത്തിയാക്കിയ സൺ ഫാർമ 1000രൂപ ലക്ഷ്യം സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു.

∙ ചൈന സ്റ്റീലിന്റെ കയറ്റുമതിക്കു നിയന്ത്രണം ആർപ്പെടുത്തിയത് ഇന്ത്യൻ മെറ്റൽ ഓഹരികൾക്കു വീണ്ടും കുതിപ്പു നൽകി. ടാറ്റ സ്റ്റീൽ, സെയിൽ, ജിൻഡാൽ, ജെഎസ്ഡബ്ല്യു, ഹിൻഡാൽകോ, നാൽകോ മുതലായ ഓഹരികൾ ഇനിയും മുന്നേറ്റം പ്രതീക്ഷിക്കുന്നു.

∙ ചൈനയിലെ വർധിക്കുന്ന ആവശ്യകത മുന്നിൽ കണ്ടു ചൈനീസ് വളം നിർമാണ കമ്പനികൾ കയറ്റുമതി കുറക്കുന്നു എന്ന വാർത്ത വെള്ളിയാഴ്ച ഇന്ത്യൻ ഫെർട്ടിലൈസർ ഓഹരികൾക്ക് ഒരു കുതിപ്പു നൽകി. ആർസിഎഫ്, ഫാക്ട്, കോറോമാൻഡാൽ, ജിഎസ്എഫ്സി മുതലായ ഓഹരികൾ നിക്ഷേപത്തിനു പരിഗണിക്കാം.

∙ ജൂലൈ മാസത്തിലെ വാഹന വിൽപനക്കണക്കുകൾ നാളെ പുറത്തു വരുന്നതു വാഹന മേഖലയ്ക്കു പ്രതീക്ഷയാണ്. തിരുത്തൽ നേരിട്ട ടാറ്റ മോട്ടോഴ്‌സ്, ടിവിഎസ് മോട്ടോർസ്, മുന്നേറ്റം നേടിത്തുടങ്ങിയ അശോക് ലെയ്‌ലാൻഡും പ്രതീക്ഷയിലാണ്.

∙ ട്രാക്ടർ വിൽപനക്കണക്കുകളിൽ മുന്നേറ്റ സാധ്യത മഹിന്ദ്ര, എസ്കോർട്സ് ഓഹരികൾക്കു സാധ്യതയാണ്.

∙ അശോക് ലെയ്‌ലാൻ‍ഡിന്റെ ഇലക്ട്രിക് ട്രക്കു നിർമാണങ്ങൾക്കുള്ള റോഡ് മാപ് പുറത്തിറക്കിയതും യുകെയിലെ സ്വിച്ച് മൊബിലിറ്റിയുമായുള്ള നിക്ഷേപ, നിർമാണ ധാരണകളും ഓഹരിക്ക് അനുകൂലമാണ്. 155 രൂപയാണ് അശോക് ലെയ്‌ലാൻഡിന്. 

∙ ബാറ്ററി ഓഹരികളുടെ മുന്നേറ്റം ശ്രദ്ധിക്കുക. എച്ച്ബിഎൽ പവർ സിസ്റ്റംസ് ദീർഘ കാല നിക്ഷേപത്തിനു യോഗ്യമാണ്.

∙ ഭെൽ നഷ്ടം കുറച്ചത് ഓഹരിയെ ദീർഘ കാല നിക്ഷേപത്തിന് അനുയോജ്യമാക്കുന്നു. 448 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ കമ്പനി വരുമാനം 2966 കോടി രൂപയായി ഉയർത്തി.

∙ അടുത്ത ആഴ്ച ഫലം പ്രഖ്യാപിക്കുന്ന എച്ച്ജി ഇൻഫ്രയിൽ നിന്നു മികച്ച ഫലമാണ് പ്രതീക്ഷിക്കുന്നത്. ഓഹരി ദീർഘകാല നിക്ഷേപത്തിന് അടുത്ത തിരുത്തലിൽ പരിഗണിക്കുക.

∙ ജിഒസിഎൽ 300 രൂപക്ക് മുകളിൽ പുതിയ ഉയരങ്ങൾ തേടിയേക്കാം. ഓഹരി വരും പാദങ്ങളിൽ മികച്ച ഫലങ്ങൾ സ്വന്തമാക്കിയേക്കാം.

റിസൾട്ടുകൾ

∙ എച്ച്ഡിഎഫ്സി, പിഎൻബി, ബാലാജി അമിൻസ്, ആർബിഎൽ ബാങ്ക്, ഓറിയന്റൽ സിമന്റ്, രേണുക, ഇമാമി, കാസ്ട്രോൾ, സിജി പവർ, കല്യാണി സ്റ്റീൽ, കാർബൊറാണ്ടം യൂണിവേഴ്സൽ മുതലായ കമ്പനികൾ നാളെ ഫലങ്ങൾ പ്രഖ്യാപിക്കുന്നു.

∙ എസ്ബിഐ, മഹിന്ദ്ര, ഹിൻഡാൽകോ, ടാറ്റ പവർ, സിപ്ല, ബിർള കോർപറേഷൻ, അദാനി എന്റർപ്രൈസസ്, എയർടെൽ, അദാനി പോർട്സ്, ടാറ്റ കൺസ്യൂമർ, ടാറ്റ കെമിക്കൽസ്, വോൾട്ടാസ്, ഡാബർ, ബാർബെക്യു നേഷൻ, അദാനി ഗ്രീൻ, ഷിപ്പിങ് കോർപറേഷൻ, ധാംപുർ, ബോഷ്, അപ്പോളോ ടയർ, ജെകെ ടയർ, ബാലകൃഷ്ണ ഇൻഡസ്ട്രീസ്, ടൈറ്റാൻ, പിഎൻബി ഹൗസിങ്, ഗെയിൽ, അബ്ബോട്ട്, എയു ബാങ്ക്, ബിഎൽ, ബിഇഎംഎൽ, ബെർജർ പെയിന്റ്സ്, ആംബർ ഡോളർ മുതലായ കമ്പനികളും അടുത്ത ആഴ്ച ഫലം പ്രഖ്യാപിക്കുന്നത് ശ്രദ്ധിക്കുക.

ഐപിഒ

വിന്ധ്യാസ്‌ ബയോടെക്, ദേവയാനി ഇന്റർനാഷണൽ, കൃഷ്ണ ഡയഗ്നോസ്റ്റിക്സ്, എക്‌സാരോ ടൈൽസ് എന്നിവയുടെ ഐപിഒ ഓഗസ്റ്റ് നാലിന് ആരംഭിച്ച്, ഓഗസ്റ്റ് ആറിന് അവസാനിക്കുന്നു.

സ്വർണം

ഫെഡ് പ്രഖ്യാപനങ്ങളുടെ പിന്തുണയിൽ 1830 ഡോളർ വരെ എത്തിയ ശേഷം ലാഭമെടുക്കലിൽ വീണ സ്വർണം 1808 ഡോളറിൽ പിന്തുണ ലഭിച്ചാൽ വീണ്ടും 11830 നിലയിൽ ക്രമപ്പെട്ടേക്കാം. ഡെൽറ്റ വൈറസ് വ്യാപനം സ്വർണത്തിന് അനുകൂലമായേക്കാം.

ക്രൂഡ് ഓയിൽ

മികച്ച അമേരിക്കൻ കൺസ്യൂമർ ഡേറ്റാകളും കുറയുന്ന യുഎസ് ക്രൂഡ് ഇൻവെന്ററി കണക്കുകളും ക്രൂഡ് ഓയിലിന് അനുകൂലമാണ്. വർധിക്കുന്ന കോവിഡ് കണക്കുകൾ രാജ്യാന്തര ക്രൂഡ് ഓയിൽ വില ക്രമപ്പെടുത്തിയേക്കാം.

വാട്സാപ്പ്: 8606666722

ഇമെയിൽ: buddingportfolios@gmail.com

English Summary: Stock market weekly analysis

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com