ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും യുഎസ് രാഷ്ട്രീയത്തിൽ നിർണായക ശക്തിയാണെന്ന് ഓർമിപ്പിച്ച് ഡോണൾഡ് ട്രംപ്. 2021ലെ ആദ്യ ആറു മാസത്തിൽ 100 ദശലക്ഷം ഡോളറിന്റെ (ഏകദേശം 743 കോടി രൂപ) ഫണ്ടാണു ട്രംപും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും സ്വരൂപിച്ചത്. കോവി‍ഡ് പ്രതിസന്ധി മറികടന്നാണ് ഈ നേട്ടം. ഇത്രയേറെ പണം ട്രംപ് എങ്ങനെയാകും വിനിയോഗിക്കുകയെന്ന ചർച്ചകളിലാണു രാജ്യം. 

യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റലിനു നേരെയുണ്ടായ അതിക്രമത്തിന് ആഹ്വാനം ചെയ്തെന്നതുൾപ്പെടെയുള്ള ആക്ഷേപങ്ങൾ ഇല്ലാതാക്കാൻ ട്രംപ് പണമൊഴുക്കുമെന്നാണു യുഎസ് മാധ്യമങ്ങൾ അഭിപ്രായപ്പെടുന്നത്. ക്യാപ്പിറ്റൽ കലാപം അന്വേഷിക്കാൻ സ്വതന്ത്ര കമ്മിഷനെ വയ്ക്കാനുള്ള ജോ ബൈഡൻ ഭരണകൂടത്തിന്റെ നീക്കം സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടി തടഞ്ഞിരുന്നു. ഭൂരിപക്ഷം റിപ്പബ്ലിക്കൻ അംഗങ്ങളും ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത് മുൻ പ്രസിഡന്റ് ട്രംപിനോടുള്ള കൂറു വ്യക്തമാക്കുകയും ചെയ്തു.

പരസ്യപ്പെടുത്തിയ കണക്കുപ്രകാരം ജൂൺ അവസാനം വരെ 100 ദശലക്ഷം ഡോളറാണു വിവിധ മാർഗങ്ങളിലൂടെ റിപ്പബ്ലിക്കൻ പാർട്ടി സ്വരൂപിച്ചത്. ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽനിന്നും പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ഇത്രയും തുക സമാഹരിച്ചുവെന്നതും ശ്രദ്ധേയം. അധികാരത്തിൽ ഇല്ലെങ്കിലും ട്രംപിനു പണം നൽകാൻ വലിയൊരു വിഭാഗം ഇപ്പോഴും തയാറാണെന്ന് ഇതു വ്യക്തമാക്കുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ക്രമക്കേടും ക്യാപ്പിറ്റൽ കലാപക്കേസും അന്വേഷിക്കുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിനുമേൽ ട്രംപ് സമ്മർദം ചെലുത്തിയെന്ന റിപ്പോർട്ടും ഇതിനിടെ കഴിഞ്ഞയാഴ്ച പുറത്തുവന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിർണായക രാഷ്ട്രീയ–സാമ്പത്തിക ശക്തിയായി കിങ്മേക്കറാകാമെന്നാണു ട്രംപിന്റെ കണക്കുകൂട്ടൽ. അനുഭാവികളായ സ്ഥാനാർഥികൾ ഇടക്കാല തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽപോലും പാർട്ടിയെ അടിത്തട്ടിൽ ഏകോപിപ്പിക്കാൻ ട്രംപിനു സാധിക്കുന്നുണ്ട് എന്നാണു വിലയിരുത്തൽ. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നു വ്യാപകമായി ആരോപണമുന്നയിച്ചാണു ട്രംപ് അധികാരത്തിൽനിന്നു പടിയിറങ്ങിയത്. ഇതേ ആരോപണം ഉയർത്തിപ്പിടിച്ചാണു ഫണ്ട് സ്വരൂപിക്കുന്നതും. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരരംഗത്ത് ഉണ്ടാകുമെന്നു ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 

English Summary: Donald Trump now has a $100 million weapon to wield against US democracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com