ADVERTISEMENT

തിരുവനന്തപുരം∙ നിലവിലെ നിയന്ത്രണങ്ങള്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ഉപകരിക്കുന്നില്ലെന്നു പൊലീസ്. കടകള്‍ കൂടുതല്‍ സമയവും ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നാണു പൊലീസിന്‍റെ ശുപാര്‍ശ. വാരാന്ത്യ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കണമെന്ന നിര്‍ദേശവും പൊലീസ് സര്‍ക്കാരിനു മുന്നില്‍വച്ചു. ഇതടക്കം ലോക്ഡൗണ്‍ രീതികള്‍ മാറ്റുന്നതിനു വിദഗ്ധ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഇന്നു തീരുമാനമെടുക്കും. വൈകിട്ട് ചേരുന്ന അവലോകനയോഗം ടിപിആര്‍ അടിസ്ഥാനത്തിലുള്ള അടച്ചില്‍ ഒഴിവാക്കുന്നതു പരിശോധിക്കും. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പാലിച്ച് ഇളവുകള്‍ നല്‍കുക എന്ന വെല്ലുവിളിയാണു സര്‍ക്കാരിന് മുന്നിലുള്ളത്.

ഇളവിനായുള്ള മുറവിളികളും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും ഒരു ഭാഗത്ത്. ശമനമില്ലാതെ തുടരുന്ന രോഗവ്യാപനവും കര്‍ശന നിയന്ത്രണം വേണമെന്ന കേന്ദ്രത്തിന്റെയും സുപ്രീകോടതിയുടെയും നിര്‍ദേശം മറുഭാഗത്ത്. ഇതിന്റെ രണ്ടിനുമിടയില്‍നിന്ന് ഒരു തീരുമാനത്തിനാണു വൈകിട്ട് അഞ്ചരയ്ക്കു ചേരുന്ന അവലോകനയോഗം ശ്രമിക്കുന്നത്. നിലവില്‍ ടിപിആര്‍ നിശ്ചയിക്കുന്ന രീതിയും അതിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണവും ഫലപ്രദമല്ലെന്നു സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ജനജീവിതം മുന്നോട്ട് കൊണ്ടുപോകാനും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും കൂടുതല്‍ ഇളവുകള്‍ വേണമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഈ സാഹചര്യത്തില്‍ സ്വീകരിക്കാവുന്ന ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പും പൊലീസും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.

ടിപിആര്‍ അടിസ്ഥാനത്തിലെ നിയന്ത്രണം മാറ്റാനാണു പൊതുനിര്‍ദേശം. പകരം തദ്ദേശസ്ഥാപനത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി ടിപിആര്‍ നിശ്ചയിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് തലത്തിലേക്കു നിയന്ത്രണം ചുരുക്കാനും നിര്‍ദേശമുണ്ട്. നിലവിലെ ടിപിആര്‍ രീതി തുടരുകയാണങ്കില്‍ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ച് അവിടം മാത്രം അടയ്ക്കുന്നതും പരിഗണനയിലുണ്ട്.

Police-guiding-traffic-lockdown-1248

എന്നാല്‍ ടിപിആര്‍ 10ന് മുകളിലുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്നാണു കേന്ദ്രനിര്‍ദേശം. അതിനാല്‍ നിലവിലെ രീതി തന്നെ തുടര്‍ന്ന് ടിപിആര്‍ പത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കുന്നതും പരിഗണനയിലാണ്. വാരാന്ത്യ ലോക്ഡൗണും പിന്‍വലിച്ചേക്കും. ഓണക്കാലത്ത് വ്യാപാരം സജീവമാകാനായി ഏതാനും ദിവസങ്ങളിലേക്ക് കൂടുതല്‍ ഇളവ് നല്‍കുന്നത് ആലോചനയിലുണ്ടങ്കിലും അത് സുപ്രീംകോടതി നിര്‍ദേശത്തിന് വിരുദ്ധമാകുമെന്നാണ് സര്‍ക്കാരിനു ലഭിച്ച ഉപദേശം. ബലിപെരുന്നാളിനായി പ്രത്യേക ഇളവ് നല്‍കിയതിനെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 

English Summary: Police suggestions for lockdown relaxations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com