ADVERTISEMENT

ആലപ്പുഴ∙ ചെറു പാര്‍ട്ടികള്‍ രൂപീകരിച്ച് ഭരിക്കുന്ന പാര്‍ട്ടികളുടെ ഘടകകക്ഷികളായ ശേഷം തൊഴില്‍ തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു. അടുത്തിടെ വ്യത്യസ്ത തൊഴില്‍ തട്ടിപ്പു കേസുകളിലെ പ്രതികള്‍ ഇരകളെ പരിചയപ്പെട്ടതും ജോലി വാഗ്ദാനം ചെയ്തതും എന്‍ഡിഎയുടെ ഘടകകക്ഷികളെന്ന മറവിലാണ്.

ചെങ്ങന്നൂരില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്തത് ബിജെപിയുടെ മുന്‍ ജനപ്രതിനിധിയും എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ നേതാവും ഉള്‍പ്പെടുന്ന സംഘമാണ്. കായംകുളത്ത് ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായതാകട്ടെ, എന്‍ഡിഎയുടെ മറ്റൊരു ഘടകകക്ഷിയായ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന ചെയര്‍മാന്‍! 

നേതാക്കള്‍ മാത്രമുള്ള പാര്‍ട്ടികള്‍ രൂപീകരിച്ച് ഭരണ മുന്നണികളുടെ ഘടകകക്ഷികളായ ശേഷം തട്ടിപ്പും അഴിമതിയും നടത്താനുള്ള അവസരം സൃഷ്ടിക്കുന്നതു വ്യാപകമാണ്. പലപ്പോഴും പരാതികള്‍ ഉയരുമ്പോള്‍ മാത്രമാണ് ഇക്കാര്യം പുറത്തറിയുന്നതെന്നു മാത്രം.

എഫ്‌സിഐയില്‍ ജോലി: എഫ്‌സിഐ മുന്നറിയിപ്പ് നല്‍കിയിട്ടും തട്ടിപ്പ്

എന്‍ഡിഎയുടെ ഘടകകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടിയുടെ പേരിലാണ് എറണാകുളം തൈക്കൂടം വൈറ്റില മുണ്ടേലി നടയ്ക്കാവില്‍ വീട്ടില്‍ ലെനിന്‍ മാത്യു ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) സ്റ്റേറ്റ് കണ്‍സല്‍റ്റേറ്റീവ് കമ്മിറ്റി അംഗമായത്. എന്നാല്‍, ആ പദവി ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ലെനിന്‍ മാത്യുവിന്റെ അംഗത്വം റദ്ദാക്കി 2020 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനു ശേഷവും എഫ്‌സിഐ ബോര്‍ഡ് മെംബര്‍ എന്ന ബോര്‍ഡ് പതിച്ച കാര്‍ ഇയാള്‍ ഉപയോഗിക്കുന്നുവെന്ന് പരാതികളുണ്ടായിരുന്നു. എഫ്‌സിഐയുടെ പേര് ദുരുപയോഗം ചെയ്ത് ലെനിന്‍ മാത്യു തട്ടിപ്പു നടത്താനിടയുണ്ടെന്നും നടപടിയെടുക്കണമെന്നും എഫ്‌സിഐ കൊച്ചി ഡിവിഷനല്‍ മാനേജര്‍ 2020 ജൂലൈയില്‍ പാലാരിവട്ടം പൊലീസിനു പരാതിയും നല്‍കിയിരുന്നു.

ഈ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ല. അതിനിടയില്‍ വ്യാപകമായി ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ തട്ടിപ്പു നടത്തുകയും ചെയ്തു. മുളക്കുഴ പഞ്ചായത്തംഗമായിരുന്ന ബിജെപി നേതാവ് മുളക്കുഴ കാരയ്ക്കാട് മലയില്‍ സനു എന്‍.നായര്‍ (48), ബുധനൂര്‍ താഴുവേലില്‍ രാജേഷ് കുമാര്‍ (38) എന്നിവരെ കൂട്ടിയാണ് ലെനിന്‍ മാത്യു ചെങ്ങന്നൂരില്‍ തൊഴില്‍ തട്ടിപ്പ് നടത്തിയത്. എഫ്‌സിഐയിലും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് 11 പേരില്‍ നിന്ന് 1.85 കോടി രൂപയാണ് പ്രതികള്‍ തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. ഈ കേസില്‍ സനു എന്‍. നായരും രാജേഷ് കുമാറും പൊലീസില്‍ കീഴടങ്ങിയെങ്കിലും മുഖ്യ പ്രതി ലെനിന്‍ മാത്യു കടന്നു കളഞ്ഞു. തട്ടിപ്പിനിരയായ ഉദ്യോഗാര്‍ഥികളെ പരിചയപ്പെടാനെത്തിയപ്പോഴും എഫ്‌സിഐ ബോര്‍ഡ് മെംബര്‍ എന്ന ബോര്‍ഡ് വച്ച വാഹനമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.

മുതിര്‍ന്ന ബിജെപി നേതാക്കളുടെ വിശ്വസ്തനെന്നു ധരിപ്പിച്ചാണു പലരില്‍നിന്നും പണം തട്ടിയത്. ബിജെപി കേന്ദ്ര മന്ത്രിമാരോടും നേതാക്കളോടുമൊപ്പമുള്ള ഫോട്ടോകള്‍ കാണിച്ചു വിശ്വാസ്യത ഉറപ്പ് വരുത്തി. സനു ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അരീക്കര ഡിവിഷനില്‍നിന്നു ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. എഫ്‌സിഐ കേന്ദ്ര ബോര്‍ഡ് അംഗമെന്ന നിലയിലാണു ലെനിന്‍ മാത്യുവിനെ പരിചയപ്പെടുത്തിയത്. എഫ്‌സിഐയുടെ ബോര്‍ഡ് വച്ച കാറും ഇവര്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലെ എഫ്‌സിഐ ഓഫിസുകള്‍ക്കു സമീപത്തെ ഹോട്ടലുകളില്‍ താമസിപ്പിച്ചു അഭിമുഖം നടത്തിയെന്നും പരാതിക്കാര്‍ പറയുന്നു. എഫ്‌സിഐയുടെ പേരില്‍ വ്യാജ അപ്പോയിന്റ്‌മെന്റ് ഓര്‍ഡറും നല്‍കി. 

പിഎസ്പി പഴയ പിഎസ്പിയല്ല

പട്ടം താണുപിള്ള ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ അംഗമായിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പേരിലാണ് പുതിയ രാഷ്ട്രീയ സംഘടനയുണ്ടാക്കി ആലപ്പുഴ കുതിരപ്പന്തി സായികൃപയില്‍ കെ.കെ.പൊന്നപ്പന്‍ (76) ബിജെപിയുടെ ഘടകകക്ഷിയായി എന്‍ഡിഎയില്‍ ചേര്‍ന്നത്. എത്ര പ്രവര്‍ത്തകര്‍ ഈ പാര്‍ട്ടിയിലുണ്ടെന്ന് നേതാക്കള്‍ക്കു പോലും അറിയില്ല. മുന്‍പ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന പൊന്നപ്പന്‍ പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിങ്‌സ് ചെയര്‍മാനായിരുന്നു. സംസ്ഥാനത്ത് എന്‍ഡിഎ വിപുലീകരിച്ചപ്പോഴാണ് പൊന്നപ്പന്‍ ചെയര്‍മാനായ പിഎസ്പി ഘടകകക്ഷിയായത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മേയ് 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആലപ്പുഴയില്‍ എടത്വായിലെത്തിയപ്പോള്‍ ഘടകകക്ഷി നേതാവ് എന്ന നിലയില്‍ പൊന്നപ്പന്‍ വേദി പങ്കിട്ടിരുന്നു. പല പ്രമുഖ ബിജെപി നേതാക്കള്‍ക്കൊപ്പം ചിത്രങ്ങളെടുക്കുകയും അതുപയോഗിച്ച് തട്ടിപ്പു നടത്തുകയും ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്തെന്നു കായംകുളം മേനാമ്പള്ളി സ്വദേശി നല്‍കിയ പരാതിയിലാണ് പൊന്നപ്പനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വിവരം പുറത്തായതോടെ ഒട്ടേറെ പരാതികള്‍ ഇയാള്‍ക്കെതിരെ പൊലീസിനു മുന്നിലെത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇഎസ്‌ഐയില്‍ ജോലി നല്‍കാമെന്നും മെഡിക്കല്‍ സീറ്റ് നല്‍കാമെന്നും വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തതായും പരാതികളുണ്ട്.

കുറത്തികാട് പൊലീസ് സ്റ്റേഷനില്‍ 2 കേസുകള്‍ പൊന്നപ്പനെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവല്ല സ്വദേശിയായ ദീപ രാജീവും ഈ കേസില്‍ പ്രതിയാണ്. കായംകുളത്തുനിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്തത് പൊന്നപ്പന്‍ അംഗമായ ആന്റി കറപ്ഷന്‍ ബ്യൂറോ എന്ന സംഘടയില്‍പ്പെട്ട കൃഷ്ണപുരം സ്വദേശിനി മുഖേനയാണെന്നും ആലപ്പുഴ സ്വദേശിയായ ജോസും കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.

പുന്നപ്ര സ്വദേശിക്ക് ജോലി നല്‍കാമെന്നു പറഞ്ഞ് 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതി ആലപ്പുഴ സൗത്ത് പൊലീസിലും പൊന്നപ്പനെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

കോവിഡ്: തട്ടിപ്പുകാര്‍ക്കു ചാകര

കോവിഡിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടിയതോടെ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വ്യപാകമാകുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊതുമേഖലാ സ്ഥാപനങ്ങളിലും സൈനിക, അര്‍ധസൈനിക വിഭാഗങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ കൈക്കൂലി വാങ്ങി തട്ടിപ്പു നടത്തുന്ന കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നടത്തുന്ന തട്ടിപ്പുകള്‍ക്കു പുറമെയാണ് ഈ സംഭവങ്ങള്‍. ജോലിക്കു വേണ്ടി എന്തും ചെയ്യാന്‍ തയാറുള്ളവരെയാണ് ഇവര്‍ ഇരകളാക്കുന്നത്. ഭരണ മുന്നണികളില്‍ സ്വാധീനമുണ്ടെന്നു വിശ്വസിപ്പിക്കാന്‍ വ്യാജ രേഖകളും പ്രമുഖര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമാണ് ദുരുപയോഗം ചെയ്യുന്നത്.

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ പത്തനംതിട്ട പെരുന്തുരുത്തി പഴയംചിറയില്‍ ബിനു ചാക്കോയെ (46) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത് ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ്. ഇയാള്‍ 2010 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനസ്വഭാവമുള്ള തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്നു പൊലീസ് പറയുന്നു. മുന്‍പും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ബാങ്ക്, റെയില്‍വേ, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി നല്‍കാമെന്നു പറഞ്ഞാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്.

ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തട്ടിപ്പു നടത്തുന്നവരും വര്‍ധിച്ചിട്ടുണ്ട്. ആലപ്പുഴ പള്ളാത്തുരുത്തിയില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അടുത്തിടെ അറസ്റ്റിലായ നിലമ്പൂര്‍ സ്വദേശി പ്രബീഷ്, സമൂഹമാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വലയില്‍ വീഴ്ത്തി മുതലെടുപ്പ് നടത്തിയിരുന്നു.

English Summary: Small Party leaders in NDA arrested for Job frauds 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com