ADVERTISEMENT

തിരുവനന്തപുരം∙ ഓണക്കാലം ലക്ഷ്യമിട്ട് തിങ്കളാഴ്ച മുതൽ സംസ്ഥാനം പൂര്‍ണമായും തുറക്കുന്നു. ഞായറാഴ്ച ലോക്ഡൗണ്‍ താൽക്കാലികമായി ഇന്ന് അവസാനിക്കും. ബീച്ചുകള്‍ തിങ്കളാഴ്ച മുതലും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ ഇനി ഓണത്തിന് മുന്‍പില്ല. തിങ്കളാഴ്ച മുതല്‍ കടകള്‍ തുറന്നാല്‍ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതല്‍ രാത്രി 9വരെ കടകൾക്ക് പ്രവർത്തിക്കാം. കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന നിര്‍ദേശമുള്ളതു വ്യാപാരമേഖലയ്ക്കു കൂടുതല്‍ ഉണര്‍വ് പകരും. എസി ഇല്ലാത്ത റസ്റ്ററന്റുകളിൽ, ഇരുന്നു കഴിക്കാനുള്ള അനുമതി താമസിക്കാതെ നല്‍കുമെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ സൂചന നല്‍കി.

മാളുകളില്‍ സാമൂഹികഅകലം പാലിച്ച്, ബുധനാഴ്ച മുതല്‍ ജനങ്ങള്‍ക്ക് പ്രവേശിക്കാം. ടൂറിസം മേഖലയും തിങ്കളാഴ്ച മുതല്‍ പൂര്‍ണമായും തുറക്കുകയാണ്. വാക്സീനെടുത്തവര്‍ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് തടസമില്ല. ബീച്ചുകളില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കുടുംബമായി എത്താമെന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ലോക്ഡൗണ്‍ ടൂറിസം മേഖലക്ക് 33,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് കണക്ക്. ബീച്ചുകള്‍ ഉള്‍പ്പെടെ തുറക്കുന്നത് ഓണക്കാലത്ത് സംസ്ഥാനത്തിനു പുത്തന്‍ ഉണര്‍വു നല്‍കും. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary: Beaches to Open from Monday; Shopping Malls on Wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com