ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ വോട്ടർമാരുടെ റജിസ്ട്രേഷന് ആധാർ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനെ അനുവദിക്കണമെന്നു യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയോട് (യുഐഡിഎഐ) കേന്ദ്ര സർക്കാർ. വിലാസമാറ്റം പോലുള്ള സേവനങ്ങൾ വേഗത്തിലാക്കാൻ ആധാർ ഉപയോഗിക്കാമെന്നും കേന്ദ്ര നിയമ മന്ത്രാലയം സമർപ്പിച്ച നിർദേശത്തിൽ പറയുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5ന് ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്ത ചട്ടങ്ങൾ പ്രകാരം ആധാർ ഉപയോഗിക്കുന്നത്, ‘സദ്ഭരണം, പൊതു പണത്തിന്റെ ചോർച്ച തടയൽ, ജീവിതം എളുപ്പമുള്ളതാക്കൽ, മെച്ചപ്പെട്ട സേവനം സാധ്യമാക്കൽ’ എന്നിവയ്ക്കു സഹായകമാണെന്നു പറയുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു വോട്ടർമാരുടെ റജിസ്ട്രേഷനും ആധാർ ഉപയോഗിക്കാമെന്നു സർക്കാർ പറയുന്നതെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഇരട്ട വോട്ടും കള്ള വോട്ടും ഇല്ലാതാക്കി വോട്ടർപട്ടിക ശുദ്ധീകരിക്കാൻ, ആധാർ ഡേറ്റ ശേഖരിക്കാനും ഉപയോഗിക്കാനുമായി ജനപ്രാതിനിധ്യ നിയമത്തിലും ആധാർ നിയമത്തിലും ഭേദഗതികൾ നിർദേശിച്ച് 2019 ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമ സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് ഇരട്ടിപ്പും കള്ളവോട്ടും തടയാൻ സഹായിക്കും, അതിലൂടെ രാജ്യതാൽപര്യം സംരക്ഷിക്കപ്പെടും. ഈ നടപടി ഭാവിയിൽ വോട്ടിങ്ങിനായും തിരിച്ചറിയൽ കാർഡിന്റെ പരിശോധനയ്ക്കായും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു വഴിയൊരുക്കുമെന്നും കമ്മിഷൻ പറഞ്ഞിരുന്നു.

election-indelible-ink-voting-1248
പ്രതീകാത്മക ചിത്രം

മേൽപറഞ്ഞ ആവശ്യങ്ങൾക്ക് ആധാർ ഉപയോഗിക്കണമെങ്കിൽ അതിനു താൽപര്യപ്പെടുന്ന സ്ഥാപനം യുഐഡിഎഐക്കുള്ള നിർദേശം കേന്ദ്ര സർക്കാരിനു സമർപ്പിക്കണം. നിയമ മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരമാണു യുഐഡിഎഐക്ക് കത്ത് അയച്ചതെന്നും, നിർദിഷ്ട ആധാർ പരിശോധന സ്വമേധയാ ഉള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുഐഡിഎഐയും കേന്ദ്ര സർക്കാരും സമ്മതിച്ചാൽ, ആധാറും വോട്ടർ കാർഡും യോജിപ്പിക്കാൻ ജനപ്രാതിനിധ്യ നിയമം 1950, ആധാർ നിയമം 2016 എന്നിവയിൽ ഭേദഗതികളുടെ ആവശ്യമില്ലെന്നാണു സൂചന.

Voting Machine
പ്രതീകാത്മക ചിത്രം

എച്ച്.എസ്.ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരിക്കെ 2015 ഫെബ്രുവരിയിലാണ് ഇപിഐസിയുമായി (ഇലക്ട്രോണിക് വോട്ടേഴ്സ് തിരിച്ചറിയൽ കാർഡ്) ആധാർ ബന്ധിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചത്. എന്നാൽ ആ വർഷം ഓഗസ്റ്റിൽ പൊതുവിതരണ സംവിധാനം, എൽപിജി– മണ്ണെണ്ണ വിതരണം എന്നിവയ്ക്കു മാത്രമായി ആധാർ ഉപയോഗം സുപ്രീം കോടതി നിയന്ത്രിച്ചു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം തടസ്സപ്പെട്ടെങ്കിലും അതിനകം 38 കോടി വോട്ടർ കാർഡുകൾ ആധാറുമായി അതിനകം ബന്ധിപ്പിച്ചിരുന്നു.

English Summary: Govt writes to UIDAI, seeks Aadhaar use for new voters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com