ADVERTISEMENT

മുംബൈ ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ പുതിയ പുരസ്കാരം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്ത് ഐടി മേഖലയിൽ മികവു പുലർത്തുന്ന സ്ഥാപനത്തിനാണു പുരസ്കാരം നൽകുക. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റിന് 20ന് അവാർഡ് പ്രഖ്യാപിക്കുമെന്ന് ഐടി മന്ത്രി സതേജ് പട്ടേൽ അറിയിച്ചു.

ഐടി രംഗത്തു മികവു തെളിയിക്കുന്നവർക്ക് എല്ലാ വർഷവും രാജീവ് ഗാന്ധിയുടെ പേരിൽ മഹാരാഷ്ട്ര പുരസ്കാരം നൽകും. രാജ്യത്തിന്റെ വിവരസാങ്കേതിക വളർച്ചയ്ക്കു പ്രധാനമന്ത്രി ആയിരുന്ന സമയത്ത് രാജീവ് ചെയ്ത പ്രവർത്തനങ്ങൾക്കുള്ള ആദരം കൂടിയാണ് ഇതെന്നും സർക്കാർ വ്യക്തമാക്കി. മഹാരാഷ്ട്ര ഐടി കോര്‍പറേഷനാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുക.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരത്തിൽനിന്നു രാജീവ് ഗാന്ധിയുടെ പേരു മാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കു പിന്നാലെയാണ് മഹാരാഷ്ട്രയിൽ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നീക്കം. കേന്ദ്ര നടപടിക്കെതിരെ ശിവസേന രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റേത് രാഷ്ട്രീയക്കളി മാത്രമാണെന്നും പൊതുജനാഭിപ്രായ പ്രകാരമല്ലെന്നും പാർട്ടി മുഖപത്രമായ ‘സാമ്‌ന’യിലെ മുഖപ്രസംഗത്തിൽ ശിവസേന വ്യക്തമാക്കി.

അഹമ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നൽകിയത് ക്രിക്കറ്റിനു മോദി എന്തു സംഭാവന നൽകിയതിന്റെ പേരിലാണെന്നും മുഖപ്രസംഗത്തിൽ ചോദ്യമുണ്ട്. ഓഗസ്റ്റ് 6നാണ്, രാജീവ് ഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന ഖേൽരത്ന പുരസ്കാരത്തിന്റെ പേര് ‘മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം’ എന്നാക്കി മാറ്റിയതായി പ്രധാനമന്ത്രി അറിയിച്ചത്. രാജ്യത്തിന്റെ പല ഇടങ്ങളിൽനിന്നും ഒട്ടേറെപേർ ആവശ്യപ്പെട്ടതു പ്രകാരമാണു തീരുമാനമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

English Summary: Maharashtra announces Rajiv Gandhi Award for excellence in IT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com