ADVERTISEMENT

കോവിഡ് കൊണ്ടുവന്ന ‘ക്ലാസില്ലാക്കാലം’ സ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകളും ഹോം വർക്കുകളുമെല്ലാമായി തിരക്കുകളുടേതായിരുന്നു. എന്നാൽ, 2020ലെ ആദ്യ അടച്ചിടലിനൊപ്പം താഴുവീണ അങ്കണവാടികളിൽ പോകേണ്ടിയിരുന്ന കുരുന്നുകളുടെ കാര്യം അങ്ങനെയല്ല. മഹാമാരിയുടെ ഒന്നര വർഷം പിന്നിടുമ്പോൾ ഈ കാലത്ത് അങ്കണവാടിയിൽ പോയിത്തുടങ്ങേണ്ടിയിരുന്ന കുഞ്ഞുങ്ങൾക്ക് നഷ്ടം അവരുടെ ആദ്യത്തെ വിദ്യാലയ അനുഭവവും ആദ്യത്തെ കൂട്ടുകാരെയും ടീച്ചറെയുമാണ്; അവരുടെ ജീവിതത്തിലെ ഏറ്റവും നിർണായക നാളുകൾ തന്നെയാണ്.

അങ്കണവാടികൾ അടഞ്ഞുകിടന്നപ്പോഴും ടീച്ചർമാരും സഹായികളും സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികളുമായി നിർത്താതെ ഓടിക്കൊണ്ടിരുന്നു. മറുവശത്ത് അങ്കണവാടികൾ വഴിയുള്ള പദ്ധതികളും പ്രവർത്തനങ്ങളും നിശ്ശബ്ദം മുന്നോട്ടുപോകുന്നുണ്ടായിരുന്നു, മുടക്കമില്ലാതെ. കുട്ടികളുടെ ക്ലാസിനു പുറമേ പോഷകാഹാര പദ്ധതി, കൗമാര പെൺകുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമുള്ള കൗൺസലിങ്, വീടുകളിലെത്തി അവരുടെ ആരോഗ്യം ഉറപ്പുവരുത്തൽ, നവജാത ശിശുക്കളുടെയും കുട്ടികളുടെയും തൂക്ക പരിശോധന ഇങ്ങനെ ഒട്ടേറെ പദ്ധതികളാണ് അങ്കണവാടികൾ വഴി നടപ്പാക്കുന്നത്. വലിയ പ്രതിസന്ധികൾക്കിടയിലും ഇതെല്ലാം പതിവിലും ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞതിനു പിന്നിൽ കുടുംബശ്രീ പ്രവർത്തകരടക്കം ഒട്ടേറെപ്പേരുടെ ത്യാഗവും കഷ്ടപ്പാടുമുണ്ടെന്ന് ഐസിഡിഎസ് പ്രവർത്തകർ പറയുന്നു.

∙ വീട്ടിലെത്തി, അങ്കണപ്പൂമഴ

പ്രീസ്കൂൾ കുട്ടികളുടെ ക്ലാസുകളും വിക്ടേഴ്സ് ചാനലിലൂടെയാണ് ഒന്നര വർഷമായി നടക്കുന്നത്. വിവിധ ജില്ലകളിൽനിന്നു തിരഞ്ഞെടുത്ത അങ്കണവാടി അധ്യാപകർ തന്നെയാണു ക്ലാസുകളെടുക്കുന്നത്. മുതിർന്നവർ കൂടെയിരുന്നുകേട്ട് കുട്ടികളെ സഹായിക്കേണ്ട തരത്തിലാണു ക്ലാസുകൾ. നിർദേശങ്ങളനുസരിച്ചു കുട്ടികൾ ചെയ്യുന്ന ആക്ടിവിറ്റികൾ വിഡിയോയാക്കി അയച്ചു കൊടുത്താൽ തിരഞ്ഞെടുക്കുന്നതു ചാനലിലൂടെ കാണിച്ചുതുടങ്ങിയിട്ടുമുണ്ടിപ്പോൾ.

അങ്കണവാടികളിൽ കുട്ടികൾക്ക് വിവിധ ആക്ടിവിറ്റികൾ ചെയ്യാനുള്ള വർക്ക്ബുക്കുകൾ, ക്രയോണുകൾ, സ്കെച്ച് പെന്നുകൾ തുടങ്ങിയവ അടങ്ങിയ ‘അങ്കണപ്പൂമഴ’ പഠനോപകരണക്കിറ്റ് കുട്ടികൾക്കു വീടുകളിലെത്തിച്ചു നൽകിയിട്ടുണ്ട്. സർക്കാർ പദ്ധതിയിൽ നൽകുന്ന കിറ്റിനു പുറമേ ഒട്ടേറെയിടങ്ങളിൽ പ്രാദേശികതലത്തിൽ സംഘടനകൾ സ്പോൺസർ ചെയ്തും മറ്റും കൂടുതൽ വർക്‌ഷീറ്റുകൾ ലഭ്യമാക്കാനും കഴിഞ്ഞു. അങ്കണവാടി വീടുകളിലെത്തിയതോടെ അമ്മമാരുടെ ജോലിഭാരം പല മടങ്ങായതായി ഐസിഡിഎസ് പ്രവർത്തകർ സമ്മതിക്കുന്നു. മുഴുവൻ സമയവും കൂടെയിരുന്നു പറഞ്ഞുകൊടുത്ത് ചെയ്യിച്ചില്ലെങ്കിൽ പ്രയോജനമില്ല. വീടുവിട്ട് പുറംലോകത്തെ പരിചയപ്പെട്ടു തുടങ്ങേണ്ട പ്രായം മുഴുവൻ വീടുകളിലായിപ്പോയ കുട്ടികൾക്ക് സൂക്ഷ്മശ്രദ്ധ നൽകിയില്ലെങ്കിൽ അവരുടെ മാനസികാരോഗ്യത്തെത്തന്നെ ബാധിക്കുകയും ചെയ്യും.

amrutham-podi

∙ മുടങ്ങാതെ പോഷകാഹാര പദ്ധതി

കേന്ദ്ര, സംസ്ഥാന ഫണ്ടുകളുപയോഗിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ അങ്കണവാടികളിലൂടെ അനുപൂരക പോഷകാഹാര പദ്ധതി നടപ്പാക്കുന്നത്. 6 മാസം മുതൽ 3 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ, അങ്കണവാടി കുട്ടികൾ, കൗമാര പ്രായത്തിലെ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നീ വിഭാഗങ്ങൾക്കാണ് ഭക്ഷ്യവസ്തുക്കൾ നൽകുന്നത്. അതത് തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ യൂണിറ്റുകളാണ് ന്യൂട്രിമിക്സ് തയാറാക്കി നൽകുന്നത്. കോവിഡ് തുടങ്ങിയശേഷം അങ്കണവാടി ടീച്ചർമാർ മാസം തോറും വീടുകളിലെത്തിച്ചു നൽകുകയാണു പതിവ്. കണ്ടെയ്ൻമെന്റ് സോണുകളിൽ സന്നദ്ധ പ്രവർത്തകരുടെ സഹായമുണ്ട്. നിയന്ത്രണങ്ങളിൽ ഇളവുള്ള സ്ഥലങ്ങളിൽ ഇപ്പോൾ ആളുകൾ നേരിട്ടുവന്നു കൈപ്പറ്റിത്തുടങ്ങിയിട്ടുമുണ്ട്.

പ്രതിസന്ധികൾക്കിടയിലും ഇന്നുവരെ മുടങ്ങാതെ പോഷകാഹാര പദ്ധതി മുന്നോട്ടു കൊണ്ടുപോയത് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണെന്ന് ഐസിഡിഎസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രതിസന്ധി വർധിച്ചതോടെ പോഷകാഹാരക്കിറ്റ് കൈപ്പറ്റുന്നവരുടെ എണ്ണം ഗണ്യമായി കൂടി. ചിലയിടത്ത് ഗുണഭോക്താക്കൾ നാലിരട്ടിവരെയായി. അധികം വേണ്ടിവന്ന ഫണ്ട് സമയത്തു കണ്ടെത്താനാകാതെ തദ്ദേശ സ്ഥാപനങ്ങൾ ബുദ്ധിമുട്ടിലായി. ന്യൂട്രിമിക്സ് തയാറാക്കി നൽകുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് ബില്ലുകൾ സമയത്തു മാറിനൽകാൻ കഴിയാതെ വന്നു. 

കുടുംബശ്രീക്ക് കഴിഞ്ഞ വർഷത്തെ ബില്ലുകൾ കൊടുത്തുതീർക്കാനാകാതെ പെൻഡിങ് ബില്ലുകൾ ബാക്കിവച്ചാണ് ഈ സാമ്പത്തിക വർഷം പോഷകാഹാര വിതരണം തുടങ്ങിയത്. അപ്പോഴും പദ്ധതി മുടങ്ങാതെ കാത്തത് കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ നിശ്ചയദാർഢ്യമാണ്. അംഗങ്ങളുടെ സ്വർണം പണയംവച്ചുവരെ പദ്ധതി മുന്നോട്ടുകൊണ്ടുപോയ യൂണിറ്റുകളുണ്ട്.

6 മാസം – 3 വയസ്സ് പ്രായക്കാർക്കുള്ള അമൃതം ന്യൂട്രിമിക്സാണ് കുടുംബശ്രീ പ്രധാനമായും തയാറാക്കി നൽകുന്നത്. യുണിസെഫ് സ്പോൺസർഷിപ്പിൽ ലഭ്യമാക്കുന്ന ഫോർട്ടിഫിക്കേഷൻ മിക്സാണ് ഉപയോഗിക്കുന്നത്. ഗോതമ്പ്, ശർക്കര, കടല, റാഗി തുടങ്ങിയവ ഉൾപ്പെടുന്ന ഭക്ഷ്യക്കിറ്റാണു മറ്റു വിഭാഗങ്ങൾക്കു നൽകുക. ഓരോ തദ്ദേശ സ്ഥാപനങ്ങളും മാറ്റിവയ്ക്കുന്ന ഫണ്ടിനനുസരിച്ച് കിറ്റിന്റെ ഉള്ളടക്കത്തിൽ മാറ്റമുണ്ടാകാം. യഥാർഥ ഗുണഭോക്താക്കളിലെത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി പലയിടത്തും ഇതെല്ലാം പൊടിച്ച് യോജിപ്പിച്ച ന്യൂട്രിമിക്സ് രൂപത്തിലും കുടുംബശ്രീ തയാറാക്കി നൽകുന്നുണ്ട്. ശരാശരി 50 ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങൾ അനുപൂരക പോഷകാഹാര പദ്ധതിക്കു നീക്കിവയ്ക്കുന്നു.

സാമൂഹിക നീതി വകുപ്പ് ഡയറക്ടറുടെ പ്രത്യേക നിർദേശപ്രകാരം കുടുംബശ്രീകൾക്കു നൽകാനുള്ള തുക കൈമാറ്റത്തിനു വേഗം കൂടി. ഭൂരിഭാഗം ബില്ലുകളും കഴിഞ്ഞ ദിവസങ്ങളിലായി കൊടുത്തുതീർത്തു. ഇനി ഏതാനും പഞ്ചായത്തുകളിൽ മാത്രമാണു ശേഷിക്കുന്നത്. കൗമാരപ്രായക്കാരിൽ പെൺകുട്ടികൾക്കു മാത്രം നിലവിൽ നൽകിവരുന്ന പോഷകാഹാരക്കിറ്റ് ഇനി ആൺകുട്ടികൾക്കും നൽകിത്തുടങ്ങുന്നതിനെക്കുറിച്ച് ആലോചനകളുണ്ട്.

∙ മറ്റു പദ്ധതികൾ

6 മാസം–3 വയസ്സ് പ്രായത്തിലുള്ള കുട്ടികളുടെ തൂക്കം എല്ലാമാസവും പരിശോധിച്ചു രേഖപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശം. 3–5 പ്രായക്കാരുടേത് മൂന്നു മാസത്തിലൊരിക്കലും പരിശോധിക്കണം. മുൻപ് യഥാസമയം കുട്ടികളെ അങ്കണവാടികളിലെത്തിക്കുകയാണു ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ടീച്ചർമാർ ഉപകരണവുമായി വീടുകൾ കയറിയിറങ്ങുകയാണ്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പലപ്പോഴും വീട്ടുകാർ വിമുഖത കാണിച്ചപ്പോഴും ക്ഷമയോടെ ഓരോയിടത്തും എത്തുകയായിരുന്നു ഇവർ.

കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാ‍ർക്കും വേണ്ടി ബോധവൽക്കരണ ക്ലാസുകൾ അങ്കണവാടികൾ മുഖേന സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ ഇവരുടെ കുടുംബാംഗങ്ങളെക്കൂടി പങ്കെടുപ്പിച്ച് ഓൺലൈൻ വെബിനാറുകൾ പതിവായി നടത്തുന്നുണ്ട്. ഇവരുടെ മാനസിക–ശാരീരിക ആരോഗ്യം ഉറപ്പുവരുത്തേണ്ടതും അങ്കണവാടി ടീച്ചർമാരുടെ കടമയാണ്.

2017ൽ സാമൂഹിക നീതി വകുപ്പ് വിഭജിച്ച് വനിതാ ശിശു വികസന വകുപ്പ് രൂപീകരിച്ചതോടെ ഈ വകുപ്പിന്റെ താഴെത്തട്ടിലുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്യുന്നത് അങ്കണവാടി ടീച്ചർമാരും ആശാ വർക്കർമാരും തന്നെയാണ്. ഡിസിപിഒ(ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസ്) പദ്ധതികളും താഴെത്തട്ടിലെത്തുന്നത് ഐസിഡിഎസ് പ്രവർത്തകരിലൂടെത്തന്നെ. 

∙ കോവിഡ് കുട്ടികളെ ബാധിച്ചത്

അങ്കണവാടി ജീവിതം ഇല്ലാതായതു കുട്ടികളെ പലവിധത്തിൽ ബാധിച്ചിട്ടുണ്ടെന്നാണ് ഐസിഡിഎസ് പ്രവർത്തകരുടെ നിഗമനം. വീടിനു പുറത്ത് ആദ്യമായി കൂട്ടുകൂടാനും കളിക്കാനുമുള്ള അവസരം അവർക്കു നഷ്ടപ്പെട്ടു. ഒട്ടേറെ പുതിയ കാര്യങ്ങൾ പഠിക്കുകയും സമൂഹജീവി എന്ന നിലയിലേക്കുള്ള വളർച്ചയുടെ ആദ്യപടി കയറുകയും ചെയ്യേണ്ട കാലത്ത് വീടുകളിൽ ഒറ്റപ്പെട്ടു. ഓൺലൈൻ പരിപാടികളിലൂടെ തിരിച്ചുപിടിക്കാനാകാത്ത നഷ്ടമാണിത്.

അതേസമയം ഗ്രാമീണ, മലയോര കാർഷിക മേഖലയിൽ കുട്ടികൾ വീട്ടുകാർക്കൊപ്പം കൃഷിയിടത്തിലിറങ്ങിയും മറ്റും പലതരത്തിൽ സജീവമായി. നഗരമേഖലകളിൽ സ്ഥിതി നേരെ വിപരീതവുമായി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും സാമൂഹിക സാഹചര്യങ്ങളും ഈ പ്രായത്തിൽ വീട്ടിലിരിക്കുന്ന കുട്ടികളുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

English Summary: Anganawadi teachers busy duing Covid in providing help to kids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com