ADVERTISEMENT

കോഴിക്കോട് ∙ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തവണ അയൽപക്കത്തെ നാല് ഭവനങ്ങൾ ചേർന്ന് ഒരുക്കുന്ന അമ്പാടിമുറ്റത്താവും ശോഭായാത്രകൾ നടത്തുക. ബാലഗോകുലം പുറത്തിറക്കിയ മാർഗരേഖയിൽ ഇതിന്റെ നിർദേശങ്ങൾ നൽകി. ഓൺലൈൻ വഴി നടക്കുന്ന ബാലഗോകുലങ്ങളിൽ ഈ മാർഗരേഖ ഇതിനകം വായിച്ചു കഴിഞ്ഞു.

ഗോകുല ഭവനങ്ങളിലും, ശോഭായാത്രകളിൽ പതിവായി പങ്കെടുത്തുവരുന്ന ശ്രീകൃഷ്ണ ഭക്തരുടെ ഭവനങ്ങളിലും കൃഷ്ണകുടീരം, ഉറി, ഊഞ്ഞാൽ എന്നിവ കെട്ടി അലങ്കരിച്ച് അമ്പാടിമുറ്റം ഒരുക്കും. അയൽപക്കത്തെ നാല് ഭവനങ്ങളിൽനിന്നു രാധാകൃഷ്ണ വേഷമണിഞ്ഞു വരുന്ന കുട്ടികളെ സ്വാഗതം ചെയ്യും. അമ്പാടിമുറ്റത്ത് ഉറിയടിയും ഊഞ്ഞാലാട്ടവും കൃഷ്ണപൂക്കളവും ഗോപികാനൃത്തവും അരങ്ങേറും.

അമ്പാടിമുറ്റം ഒരുക്കുന്ന ഭവനത്തിലെ അമ്മ, യശോദ എന്ന സങ്കൽപ്പത്തിൽ, രാധാകൃഷ്ണ വേഷമണിഞ്ഞ് വരുന്ന ബാലികാബാലന്മാർക്ക് അവിൽ പ്രസാദം നൽകും. ഓഗസ്റ്റ് 26ന് ആരംഭിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി ‘വിഷാദം വെടിയാം, വിജയം വരിയ്ക്കാം’ എന്ന സന്ദേശം നൽകി ഓൺലൈൻ മാർഗം ഓരോ താലൂക്കിലും ശ്രീകൃഷ്ണ ഭക്തജനസംഗമവും സാംസ്കാരിക പരിപാടികളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇവയ്ക്ക് പുറമേ ഗോപാല ഭവനങ്ങളിൽ ചെന്ന് ഗോപൂജ, ഗോപാലവന്ദനം എന്നിവയും ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കും.

കേരളത്തിൽ 15 ലക്ഷം വീടുകളിൽ അമ്പാടിമുറ്റം ഒരുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരളത്തിലെ മായാഗോകുലങ്ങൾ എന്ന് അറിയപ്പെടുന്ന 1754 ഓൺലൈൻ ബാലഗോകുലങ്ങളിലൂടെയും ശോഭായാത്രകളിൽ പതിവായി പങ്കെടുത്തു വരുന്ന ശ്രീകൃഷ്ണ ഭക്തരുടെയും, വിവിധ ഹൈന്ദവ സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ തിരഞ്ഞെടുത്ത 7500 സ്ഥലങ്ങളിലാണ് 15 ലക്ഷം വീടുകളിൽ അമ്പാടിമുറ്റം ഒരുക്കി ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം ആസൂത്രണം ചെയ്തിരിക്കുന്നത്.

English Summary: Preparations underway for Sreekrishna Jayanthi Shobhayatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com