ADVERTISEMENT

തിരുവനന്തപുരം∙ ഏഴര മണിക്കൂറില്‍ 893 പേര്‍ക്ക് വാക്‌സീന്‍ നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ആരോഗ്യ പ്രവര്‍ത്തക കെ. പുഷ്പലതയെ കാണാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജെത്തി. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലതയെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.

pushpalatha3
നഴ്സുമാരോടു സംസാരിക്കുന്ന മന്ത്രി വീണാ ജോർജ്

പുഷ്പലതയെ പ്രത്യേകം അഭിനന്ദിച്ചു. പേരറിയാത്ത മുഖമറിയാത്ത ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നത്. അവര്‍ക്കെല്ലാമുള്ള ആദരവായാണ് ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

pushpalatha1
പുഷ്പലത

വളരെ കഷ്ടപ്പെട്ടാണു തനിക്കീ ജോലി കിട്ടിയതെന്ന് പുഷ്പലത മന്ത്രിയോട് പറഞ്ഞു. ഗായികയായ താന്‍ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പിന്തുണയോടെയാണ് നഴ്‌സാകാന്‍ പഠിച്ചത്. ജോലി കിട്ടി കഴിഞ്ഞും ആ ഒരു ആത്മാര്‍ത്ഥത തുടരുന്നു. ഈ ജോലിയോടൊപ്പം തന്നെ വാര്‍ഡുതല ജോലികളും മുടക്കമില്ലാതെ കൊണ്ടുപോകുന്നു. ജോലി കിട്ടാന്‍ മാത്രമല്ല ജോലി ചെയ്യാനും മനസുണ്ടാകണമെന്നും പുഷ്പലത വ്യക്തമാക്കി.

ടീം വര്‍ക്കാണ് തന്റെ പിന്‍ബലമെന്ന് പുഷ്പലത പറഞ്ഞു. ജെഎച്ച്ഐമാരായ വിനീത്, ശ്രീരാജ്, ശ്രീദേവി, സ്റ്റാഫ് നഴ്‌സ് രമ്യ, അനിമോള്‍ എന്നിവരാണു ടീമിലുള്ളത്. അവരേയും മന്ത്രി അഭിനന്ദിച്ചു. ഇതോടൊപ്പം പുഷ്പലത ഒരു ഗാനവും പാടി.

'ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ

നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ

കഷ്ടപ്പാടിന്‍ കാലങ്ങളില്‍ രക്ഷിക്കുന്ന സ്‌നേഹമോര്‍ത്താല്‍

എത്ര സ്തുതിച്ചാലും മതി വരുമോ?'

ഇത്രയും പാടുമ്പോള്‍ പുഷ്പലതയുടെ കണ്ണുനിറഞ്ഞു. അപ്പോഴേയ്ക്കും നിറയെ കൈയ്യടിയും അഭിനന്ദനങ്ങളും ഉയര്‍ന്നു.

English Summary: Minister Veena George visits nurse Pushpalatha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com