ADVERTISEMENT

കാബൂൾ∙ വർഷങ്ങൾക്കിപ്പുറം അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിലെത്തുമ്പോൾ നെഞ്ചിടിപ്പേറുന്നത് അവിടുത്തെ സ്ത്രീകൾക്കാണ്. 1996ൽ അധികാരത്തിലേറിയപ്പോൾ സ്ത്രീകളുടെ അവകാശങ്ങളെല്ലാം നിഷേധിച്ച് അവരെ വീടുകൾക്കുള്ളിൽ അടച്ചിരുത്തിയ ചരിത്രം വീണ്ടും ആവർത്തിക്കുമോ എന്ന ചിന്തയാണ് ഈ ഭയത്തിനു പിന്നിൽ. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് എല്ലാ അവകാശങ്ങളോടും കൂടി ജീവിക്കാമെന്ന വാഗ്ദാനമാണ് താലിബാൻ കുറച്ചു നാളുകൾക്കു മുൻപ് നൽകിയിരുന്നത്. എന്നാൽ താലിബാൻ ഭരണത്തിനു കീഴിൽ സ്ത്രീകൾക്ക് യാതൊരുവിധ അവകാശങ്ങളും ഉണ്ടാകില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ചില സംഭവങ്ങൾ.

ആംനെസ്റ്റി ഇന്റർനാഷനലിൽ പ്രവർത്തകയായ സമീറ ഹമീദിയുടെ ട്വീറ്റ് പൊതുമണ്ഡലത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെ നേർസാക്ഷ്യമാണ്. പൊതുയിടത്തിൽനിന്ന് സ്ത്രീകൾ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണെന്നാണ് സമീറയുടെ ട്വീറ്റ് വ്യക്തമാക്കുന്നത്. ‘രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ഇടങ്ങളിൽനിന്നു സ്ത്രീകൾ അപ്രത്യക്ഷരായിരിക്കുന്നു. സ്ത്രീകൾ നടത്തുന്ന സർക്കാർ ഇതര സ്ഥാപനങ്ങളെല്ലാം പരിശോധനയ്ക്ക് വിധേയമാകുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയുമാണ്. ഇവ അടച്ചുപൂട്ടാനുള്ള നിർദേശവും ലഭിച്ചുകഴിഞ്ഞു. രാജ്യത്തെ പ്രധാനപ്പെട്ട സ്ത്രീ സാമൂഹിക പ്രവർത്തകർക്ക് ഫോൺകോൾ, മെസജ്, സമൂഹമാധ്യമം എന്നിവ വഴി ഭീഷണികൾ ലഭിക്കുന്നുണ്ട്.’– സമീറ ട്വീറ്റ് ചെയ്തു.

സ്ത്രീകളോടെല്ലാം വീട്ടിൽതന്നെ കഴിയാനാണ് താലിബാൻ ആവശ്യപ്പെടുന്നത്. സ്ത്രീകളെ വേണ്ടവിധം ബഹുമാനിക്കാനുള്ള പരിശീലനം സംഘാംഗങ്ങൾക്ക് നൽകിയിട്ടില്ലെന്നു നേതാക്കൾ തന്നെ വ്യക്തമാക്കുന്നു. ഓഫിസുകൾ, ബാങ്കുകൾ, മാധ്യമസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം സ്ത്രീകളെ അവർ തിരികെ അയക്കുന്നു, വീടുകളിൽതന്നെ കഴിയാൻ ആവശ്യപ്പെടുന്നു. വരാനിരിക്കുന്ന സർക്കാർ സംവിധാനത്തെക്കുറിച്ചുള്ള ചർച്ചകളിൽനിന്നെല്ലാം സ്ത്രീകൾ ഒഴിവാക്കപ്പെടുകയാണെന്നും അവർ കുറ്റപ്പെടുത്തി.

താലിബാൻ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്ത 1996–2001 കാലഘട്ടത്തിൽ സ്ത്രീകൾക്കെതിരെ ക്രൂരമായ നടപടികളാണ് കൈക്കൊണ്ടത്. സ്ത്രീകൾ തൊഴിൽ ചെയ്യുന്നതും പെണ്‍കുട്ടികൾ സ്കൂളുകളിൽ പോയി വിദ്യാഭ്യാസം നേടുന്നതും വരെ വിലക്കിയിരുന്നു. സ്ത്രീകൾ മുഖം മറയ്ക്കണമെന്നും ബന്ധുവായ പുരുഷനൊപ്പമേ പുറത്തിറങ്ങാവൂ എന്ന നിബന്ധനകളും വച്ചിരുന്നു. ഈ നിയമങ്ങൾ ലംഘിക്കുന്നവർ പരസ്യമായ അപമാനവും ചിലപ്പൊൾ പൊതുയിടങ്ങളിൽ താലിബാൻ നേതാക്കളുടെ മർദനവും ഏറ്റുവാങ്ങേണ്ടി വന്നു.

എന്നാൽ യുഎസ് അഫ്ഗാനിൽനിന്ന് പിൻവാങ്ങുമെന്ന സൂചന ലഭിച്ചതോടെ ഇത്തവണ അധികാരം പിടിച്ചെടുത്താൽ സ്ത്രീകളോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകുമെന്ന് താലിബാൻ നേതാക്കൾ പറഞ്ഞിരുന്നു. ഇസ്‌ലാം അനുശാസിക്കുന്ന തുല്യമായ അവകാശം സ്ത്രീകൾക്കും ലഭിക്കുമെന്നും സ്ത്രീകൾക്ക് വിദ്യാഭ്യാസം നേടാനും തൊഴിൽ ചെയ്യാനുമുള്ള അവസരം ഉണ്ടാകുമെന്നുമാണ് താലിബാൻ പറഞ്ഞിരുന്നത്. എന്നാൽ താലിബാൻ ഭരണത്തിലിരുന്ന ആ ഇരുണ്ട കാലഘട്ടം ആവർത്തിമെന്നാണ് സ്ത്രീകൾ ആശങ്കപ്പെടുന്നത്. സ്ത്രീകളെ തൊഴിലിടങ്ങളിൽനിന്ന് ഇറക്കിവിടുന്നതും വനിത മാധ്യമപ്രവർത്തകർ അഫ്ഗാനിൽനിന്ന് തങ്ങളുടെ സുരക്ഷ ഭയന്ന് പലായനം ചെയ്യുന്നതുമായ വാർത്തകൾ ഇത് അടിവരയിടുകയും ചെയ്യുന്നു.

താലിബാൻ അവരുടെ വാഗ്ദാനങ്ങൾ പാലിക്കാൻ തയാറാകണമെന്നാണ് അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊള്ളുന്ന പഷ്താന ദുരാനി അഭിപ്രായപ്പെട്ടു. ‘പെൺകുട്ടികളെ സ്കൂളുകളിൽ പ്രവേശിക്കുന്നത് തടയില്ല എന്നാണ് അവർ പറഞ്ഞത്. അവർക്ക് വിദ്യാഭ്യാസം നിഷേധിച്ചാൽ ഞാൻ ഓൺലൈൻ ലൈബ്രറിയിലൂടെ കൂടുതൽ പാഠപുസ്തകങ്ങൾ എത്തിക്കും. അവർ ഇന്റർനെറ്റ് വിച്ഛേദിച്ചാൽ ഞാൻ വീടുകളിലേക്ക് പുസ്തകങ്ങൾ അയച്ചു നൽകും. അവർ അധ്യാപകരെ തടഞ്ഞാൽ രഹസ്യമായി വിദ്യാലയങ്ങളും ആരംഭിക്കും.’– പഷ്താന റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

English Summary :Women have disappeared: NGO worker punches holes into Taliban's promise of change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com