രേഖ ചോർച്ച, വർഗീയ ചങ്ങാത്തം, അച്ചടക്ക വാൾ... ഓർമകളിൽ 1985; ഉലയുമോ സിപിഎം?

cpm-conference
പി. ജയരാജൻ, എ.വിജയരാഘവൻ, വൈക്കം വിശ്വൻ, പിണറായി വിജയൻ, എസ് രാമചന്ദ്രൻ പിള്ള, കോടിയേരി ബാലകൃഷ്‌ണൻ, ഇ.പി. ജയരാജൻ തുടങ്ങിയവർ 2012ലെ സിപിഎം സംസ്ഥാനസമ്മേളനത്തിന്റെ സമാപന റാലിയിൽ. ഫയല്‍ ചിത്രം: മനോരമ
SHARE

കൊച്ചി∙ബംഗാളിൽ ഇന്ത്യൻ സെക്യുലർ ഫ്രണ്ടുമായി കൂട്ടുചേരാനുള്ള തീരുമാനം വലിയ തെറ്റായിപ്പോയെന്നു സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയ വാർത്ത വന്ന അതേ ദിവസം തന്നെയാണു കേരളത്തിൽ സിപിഎം സംസ്ഥാന സമ്മേളനം കൊച്ചിയിൽ നടത്താനുള്ള സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനവും. ഒറ്റ നോട്ടത്തിൽ രണ്ടു വാർത്തയും തമ്മിൽ വലിയ ബന്ധമൊന്നുമില്ല. കോവിഡ് മഹാമാരിക്കിടയിലും ജനാധിപത്യപരമായി സിപിഎം പാർട്ടി സമ്മേളനങ്ങൾ നടത്തുന്നു. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നു. അതിന്റെ ഭാഗമായ സംസ്ഥാന സമ്മേളനം ഇക്കുറി കൊച്ചിയിൽ നടക്കുന്നു. പാർട്ടി കോൺഗ്രസ് കണ്ണൂരിലും. 

എന്നാൽ 36 വർഷം മുൻപു കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനം പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ മനസ്സിൽ രേഖപ്പെടുത്തിയ ചിത്രം മറ്റൊന്നാണ്. ഇരുമ്പു മറയ്ക്കകത്ത്, പലവിധ പൂട്ടുകളിട്ടു പൂട്ടിയിരുന്ന പാർട്ടി രേഖകൾ ചോർന്നു തുടങ്ങിയത് ആ സമ്മേളനം മുതലാണ്. വർഗീയ കക്ഷികളുമായി ചങ്ങാത്തം വേണോ എന്ന ചർച്ച പിടിച്ചുലച്ച സംസ്ഥാന സമ്മേളനം. ഇ.കെ. നായനാരുടെ തലയിലുരുമ്മി പോയ അച്ചടക്ക വാളിന്റെ മൂർച്ചയറിഞ്ഞത് എം.വി.രാഘവനും കൂട്ടരും. അവർ പാർട്ടിയിൽനിന്നു പുറത്തായി. 

സിപിഎമ്മിനെ പിടിച്ചുലച്ച രണ്ടു പതിറ്റാണ്ട്. കേരളത്തിലങ്ങോളമിങ്ങോളം എം.വി.രാഘവനെ പ്രതിരോധിക്കാൻ സിപിഎമ്മിനു നെടുങ്കോട്ട കെട്ടേണ്ടിവന്നു. രാഘവന്റെ വെല്ലുവിളി എളുപ്പത്തിൽ അവസാനിക്കുന്നതുമായിരുന്നില്ല. അതിന്റെ തുടർച്ചയായി കൂത്തുപറമ്പ് വെടിവയ്പ്. കേരള രാഷ്ട്രീയം ഇളക്കിമറിച്ച ആ മാറ്റത്തിന്റെ തുടക്കം 1985ൽ എറണാകുളത്തു ചേർന്ന സിപിഎം സമ്മേളനമായിരുന്നു. വർഗീയ കക്ഷികളുമായി ഒരുതരത്തിലും സന്ധിവേണ്ടെന്നു അന്നു സംസ്ഥാന സമ്മേളനം ആവർത്തിച്ചുറപ്പിച്ചു. തുടർന്നു ചേർന്ന കൊൽക്കത്ത പാർട്ടി കോൺഗ്രസ് അത് ആവർത്തിച്ചുറപ്പിച്ചു. 

mv-raghavan
എം.വി.രാഘവൻ.

36 വർഷത്തിനു ശേഷം സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തുന്നു, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ സെക്യുലർ ഫ്രണ്ടുമായി ബന്ധമുണ്ടാക്കിയതു തെറ്റായിപ്പോയി. പേരിൽ സെക്യുലർ ഉണ്ടെങ്കിലും ഐഎസ്എഫ് ഒരു മുസ്‌ലിം പാർട്ടിയാണ്. ബംഗാളിൽ അതു തെറ്റായെന്നു പറയുമ്പോൾതന്നെ, തുടർഭരണം കിട്ടിയ കേരളത്തിൽ ഐഎൻഎൽ പാർട്ടിക്കു മന്ത്രിസഭയിൽ ഇടം നൽകുന്നു. 36 വർഷം മനുഷ്യരെ മാത്രമല്ല, പ്രസ്ഥാനങ്ങളെയും കാതലായി മാറ്റും. സംസ്ഥാന സമ്മേളനം വീണ്ടും കൊച്ചിയിലെത്തുമ്പോൾ ആ പഴയ കാലം ഒാർത്തെടുക്കുക കൗതുകമായിരിക്കും. 

സിപിഎമ്മിൽനിന്നും രേഖകൾ ചോരും!

സമ്മേളനം എറണാകുളം ടൗൺഹാളിൽ ആരംഭിക്കും മുൻപു ചെറിയൊരു കശപിശയുണ്ടായി. ഇന്നു പാർട്ടി സംസ്ഥാന നിരയിലെ പ്രമുഖനും കേന്ദ്ര കമ്മിറ്റി അംഗവുമായൊരാൾ വകയായിരുന്നു ആ കശപിശ. ഒാരോ ജില്ലകളിൽനിന്നുമുള്ള പ്രതിനിധികൾ റജിസ്ട്രേഷൻ കഴിഞ്ഞു സമ്മേളനം തുടങ്ങാൻ കാത്തിരിക്കുന്നു. അപ്പോഴാണ്, തനിക്കു ലഭിച്ച ഫോൾഡറിൽനിന്ന് ഒരു റിപ്പോർട്ട് നഷ്ടപ്പെട്ടകാര്യം അദ്ദേഹം അറിയുന്നത്. അതു ചോദിച്ചാണ് കശപിശ. 

cpm-flag
ചിത്രം: മനോരമ

എറണാകുളം സമ്മേളനത്തിന്റേതെന്നു പറഞ്ഞ് ഇന്നു ചരിത്രം ഒാർമിപ്പിക്കുന്ന ബദൽ രേഖയുടെ പല പകർപ്പുകളിൽ ഒന്നായിരുന്നു അത്. സമ്മേളന പ്രതിനിധികൾക്കിടയിൽ ഇതു വ്യാപകമായി വിതരണം ചെയ്തു. അനുകൂല നിലപാടെടുപ്പിക്കാൻ, പാർട്ടി സമ്മേളനത്തിൽ പതിവില്ലാത്ത തരം ക്യാൻവാസിങും ഉണ്ടായി. സമ്മേളനം റിപ്പോർട്ട് ചെയ്യാൻ ഒട്ടേറെ പത്രലേഖകർ എറണാകുളത്തു വന്നിട്ടുണ്ട്. സമ്മേളനത്തിൽ അവതരിപ്പിക്കാനിരുന്ന ബദൽ രേഖ അതേപടി പിറ്റേന്നു പത്രത്തിൽ വന്നു. കാണാതെപോയ രേഖയാണോ, അതോ, പുറത്തുപോയ രേഖയ്ക്ക് ഒരു കാരണമുണ്ടാക്കിയതാണോ എന്നൊന്നും പാർട്ടി ഇതുവരെ പരിശോധിച്ചിട്ടില്ല. എങ്കിലും സിപിഎമ്മിൽനിന്നു രേഖകൾ ചോരാമെന്ന് ആ സമ്മേളനം തെളിയിച്ചു. 

വേണോ വർഗീയ ബന്ധം?

അഖിലേന്ത്യാ ലീഗുമായി സിപിഎം സഖ്യത്തിലായിരുന്നു. അടിയന്തരാവസ്ഥയിൽ ഉൾപ്പെടെ നേതാക്കൾക്കൊപ്പം ജയിലിൽ കിടന്നവരാണവർ. പക്ഷേ, വർഗീയ കക്ഷികളുമായി ഒരു ബന്ധവും വേണ്ടെന്നു ദേശീയ നേതൃത്വം തീരുമാനിച്ചു. ഇഎംഎസ് അന്നു പാർട്ടി ജനറൽ സെക്രട്ടറി. കേരള ഘടകത്തിന് ഇതനുസരിച്ചു ഇഎംഎസ് കത്തു നൽകി. കേരളാ പാർട്ടിയിൽ ഇൗ നിലപാടിനോടു ശക്തമായ വിയോജിപ്പ്. സംസ്ഥാന കമ്മിറ്റിയിലും കേന്ദ്ര നിർദേശത്തിനെതിരെയുള്ള വികാരം. 

വിഎസും നായനാരും അന്നു കേന്ദ്രകമ്മിറ്റി വരെയെ എത്തിയിട്ടുള്ളു. ഇഎംഎസും ബാലാനന്ദനും മാത്രമാണു കേരളത്തിൽനിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങൾ. മലബാറിൽ നിന്നുള്ള നേതാക്കൾക്കാണ് അഖിലേന്ത്യാ ലീഗ് ബന്ധംകൊണ്ടു നേട്ടവും ആ ബന്ധം തുടരണമെന്ന ആവശ്യവും. വിഎസ് ഉൾപ്പെടെയുള്ള തിരുവിതാംകൂർ, കൊച്ചി നേതാക്കൾ എണ്ണത്തിൽ കുറവാണ്. മലബാർ നേതൃത്വത്തിനാണു സംസ്ഥാന കമ്മിറ്റിയിൽ അംഗബലം കൂടുതൽ. 

EK-Nayanar-3
ഇ.കെ.നായനാർ. ഫയൽ ചിത്രം: മനോരമ

കേന്ദ്രത്തിന്റെ കത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് എറണാകുളം സമ്മേളനത്തിലാണ്. സംസ്ഥാന സമിതിയുടെ വികാരമനുസരിച്ചു തീരുമാനമെടുത്താൽ പാർട്ടിയിൽ വലിയ പ്രതിസന്ധിയാവും. കേന്ദ്ര നേതൃത്വം തീരുമാനം മാറ്റണം, കേരളത്തിന്റെ സാഹചര്യം വിലയിരുത്തിയതു ശരിയായല്ല, സിപിഎം സംസ്ഥാനത്ത് ഒറ്റപ്പെടും എന്നിവയായിരുന്നു മലബാർ ലോബിയുടെ വാദങ്ങൾ. ഇതൊരു കത്തായി തയാറാക്കി കേന്ദ്ര നേതൃത്വത്തിന് അയച്ചു. 7 പേർ ഒപ്പിട്ടു. നായനാർ ഒപ്പുവച്ചില്ലെങ്കിലും എല്ലാറ്റിനും കൂടെ നിന്നു. ഇൗ കത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്ഥാന സമ്മേളനം.

‘പൊട്ടിത്തെറിച്ച’ ബദൽ രേഖ

പാർട്ടി കേന്ദ്ര നയത്തിനെതിരെ സംസ്ഥാനത്തെ ഒരു വിഭാഗം അവതരിപ്പിച്ച ബദൽ രേഖ സംഘടനാ അച്ചടക്കത്തിന് എതിരാണെന്നു ജനറൽ സെക്രട്ടറി ഇഎംഎസ് സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ബദൽ രേഖ പത്രങ്ങളിൽ അച്ചടിച്ചുവന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചു. ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്യലാണിത്. അതിനുള്ള നടപടി തീരുമാനിക്കേണ്ടതു പാർട്ടി കോൺഗ്രസ് ആണെന്ന് ഇഎംഎസ് പറഞ്ഞുവച്ചു. 

നയം തിരുത്താനും കാര്യങ്ങൾ ബോധ്യപ്പെടുത്താനുമായി അവതരിപ്പിച്ച രേഖ അച്ചടക്ക ലംഘനമാണെന്നു ഇഎംഎസ് വ്യാഖ്യാനിച്ചതോടെ അതിൽനിന്നു തലയൂരേണ്ട പൊല്ലാപ്പിലായി രേഖ അവതരിപ്പിച്ചവർ. കൊൽക്കത്ത പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയുടെ സംഘടനാ റിപ്പോർട്ടിന്റെ ഭാഗമായി ബദൽ രേഖയുടെ പേരിലുള്ള അച്ചടക്ക ലംഘനം ഉൾപ്പെടുത്തി. ദേശീയ നയത്തിനെതിരെ കേരളത്തിലെ ഒരു വിഭാഗം കലാപമഴിച്ചുവിട്ടുവെന്ന് ആരോപണം.

പാർട്ടി കോൺഗ്രസിനെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതു കേരളത്തിൽനിന്നുള്ള പ്രതിനിധികളാണ്. സമ്മേളനത്തിൽ സംസാരിക്കേണ്ടത് ആരൊക്കെയെന്നു കേരള പ്രതിനിധികൾ യോഗം ചേർന്നാണു തീരുമാനിക്കുക. രണ്ടുപേരെ തിരഞ്ഞെടുത്തു. കെ. മോഹനനും ടി. ശിവദാസ മേനോനും. മോഹനൻ ഒൗദ്യോഗിക പക്ഷത്തിനൊപ്പം നിന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യം സമ്മേളനത്തെ ബോധ്യപ്പെടുത്താൻ ശിവദാസമേനോനു കഴിഞ്ഞില്ല. കേരളത്തിലേതു കടുത്ത അച്ചടക്ക ലംഘനമാണെന്നു ജനറൽ സെക്രട്ടറി ഇഎംഎസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. 

പ്രശ്നം അവസാനിച്ചതായും ഇതിന്റെ പേരിൽ മുറുമുറുപ്പുകൾ പാടില്ലെന്നും സമ്മേളനം തീരുമാനിച്ചു. പൊളിറ്റ് ബ്യൂറോ പുനഃസംഘടിപ്പിച്ചപ്പോൾ സീനിയറായ നായനാരെ പരിഗണിക്കാതെ ജൂനിയറായ വി.എസ്. അച്യുതാനന്ദനെ ഉൾപ്പെടുത്തി. നായനാർക്കു കേന്ദ്ര കമ്മിറ്റിയിൽ ശാസന കിട്ടി. ദേശീയതലത്തിൽ പ്രശ്നം തീർത്തെങ്കിലും സംസ്ഥാനത്ത് ഇൗ വിവാദം പുകഞ്ഞുകത്തി. പാർട്ടിയിലെ കരുത്തനായ എം.വി. രാഘവൻ ഉൾപ്പെടെ ഒരു വിഭാഗത്തിനു പാർട്ടിക്കു പുറത്തേക്കുള്ള വഴിതുറക്കലായി എറണാകുളം സമ്മേളനം. 

എന്നിട്ട് എന്തുണ്ടായി?

അതിപ്രഗൽഭരായ ഏതാനും നേതാക്കളെ നഷ്ടപ്പെടുത്തി, മുസ്‌ലിം ജന വിഭാഗങ്ങൾക്കിടയിൽ പാർട്ടിക്കു സ്വാധീനം ഉറപ്പിക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതാക്കി, വർഗീയ കക്ഷികളുമായി ഒരു തരത്തിലും സന്ധിചെയ്യില്ലെന്നു സിപിഎം തീരുമാനിച്ചിട്ട് എന്തുണ്ടായി? എം.വി. രാഘവൻ പുറത്തുപോയി സിഎംപി ഉണ്ടാക്കി, മുസ്‌ലിം ലീഗ് ഉൾപ്പെടുന്ന യുഡിഎഫിൽ സഖ്യകക്ഷിയായി. മന്ത്രിയായി. വർഗീയ കക്ഷികളുമായി ഒരു ബന്ധവും പുലർത്താതെ തന്നെ 87ൽ സിപിഎം മുന്നണി കേരളത്തിൽ അധികാരത്തിലെത്തി. 

ek-nayanar
1987ൽ കേരള മുഖ്യമന്ത്രിയായ ഇ.കെ. നായനാർ. ∙മനോരമ ഫയൽ ചിത്രം.

1987ലെ തിരഞ്ഞെടുപ്പിൽ സവിശേഷമായ ഒട്ടേറെ സാഹചര്യങ്ങളുണ്ടായി. സിപിഎം മൊഴിചൊല്ലിയ അഖിലേന്ത്യാ ലീഗ് മുസ്‌ലിം ലീഗിൽ ലയിച്ചു. കേരള കോൺഗ്രസ് പിളർന്നെങ്കിലും രണ്ടു ഭാഗവും യുഡിഎഫിൽ നിന്നു. കോൺഗ്രസ് (എസ് ) ഒരു വിഭാഗം കോൺഗ്രസിലേക്കു തിരിച്ചുപോയി. എം.വി.രാഘവനെയും കൂട്ടരെയും സിപിഎം പുറത്താക്കി. എൻഡിപി, എസ്ആർപി പാർട്ടികൾ പിളർന്നു. ബിജെപിയുടെ നേതൃത്വത്തിൽ മൂന്നാം മുന്നണിയുണ്ടായി. ആ തിരഞ്ഞെടുപ്പിൽ വർഗീയ പാർട്ടി ബന്ധമൊന്നുമില്ലാതെ തന്നെ സിപിഎം അധികാരത്തിലെത്തി. 

‘കത്തു കിട്ടിയാൽ പിന്തുണയ്ക്കാം...’

വർഗീയതയുമായി ബന്ധമില്ലാതെതന്നെ ജയിക്കാമെന്നു തെളിയിച്ചെങ്കിലും 1994ൽ നടന്ന ഗുരുവായൂർ ഉപതിരഞ്ഞെടുപ്പു ജയിക്കാൻ സിപിഎം നയത്തിൽ വെള്ളം ചേർത്തു. പി.ടി. കുഞ്ഞുമുഹമ്മദായിരുന്നു സ്വതന്ത്ര സ്ഥാനാർഥി. ലീഗിൽനിന്നു പുറത്തുചാടിയ ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ പാർട്ടിയായ ഐഎഎൻഎലിന്റെ  പിന്തുണ കിട്ടിയാൽ ഇടതു സ്ഥാനാർഥിക്കു ജയിക്കാം. കത്തു തന്നാൽ പിന്തുണയ്ക്കാമെന്നു ഐഎൻഎൽ നിലപാട്. പാർട്ടി കത്തുകൊടുത്തില്ലെങ്കിലും സ്ഥാനാർഥി കത്തുകൊടുത്തു, വോട്ടു കിട്ടി. ജയിച്ചു. 

പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഇൗ വിഷയം വന്നു. വിഎസും പിണറായിയും ഒന്നിച്ചുനിന്നു. സംസ്ഥാന കമ്മിറ്റിയിൽ തീരാതെ വിഷയം കേന്ദ്ര കമ്മിറ്റിയിലെത്തി. കേരളത്തിലെ പാർട്ടിയിൽ വിഎസ്– നായനാർ ചേരി പിറക്കുന്നത് നിലപാടുകളിലെ ഇൗ വൈരുധ്യത്തെത്തുടർന്നാണ്. 98ൽ പാലക്കാട് സംസ്ഥാന സമ്മേളനം എത്തിയതോടെ ഇതു ശക്തമായ വിഭാഗീയതയിലേക്കും വെട്ടിനിരത്തലിലേക്കും എത്തി. 

pinarayi-vs
ഇ.കെ നായനാർ, വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ. ∙മനോരമ ഫയൽ ചിത്രം .

അബ്ദുൽനാസർ മഅദ്നിയുടെ പിഡിപിയുമായി പാർട്ടി ബന്ധമുണ്ടാക്കി. മഅദ്നിയുമായി വേദി പങ്കിട്ടു. തിരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റു. അതു തെറ്റായെന്നു പിന്നീടു വിലയിരുത്തി. വർഗീയ പാർട്ടികളുമായി ഒരു തരത്തിലും സന്ധിചെയ്യരുതെന്നു നിലപാടെടുത്ത, അതേ നിലപാട് ഇപ്പോഴും തുടരുന്ന സിപിഎം നയിക്കുന്ന മുന്നണിയിൽ പതിറ്റാണ്ടുകളായി ഐഎൻഎൽ ഉൾപ്പെടുന്നു. ഇപ്പോൾ മുന്നണിയുടെ ഭാഗവും മന്ത്രിസഭയിൽ അംഗവുമാണ്. അപ്പോഴാണ് ബംഗാളിൽ ഇന്ത്യൻ സെക്യുലർ ഫ്രണ്ടുമായുള്ള ബന്ധം തെറ്റായിരുന്നുവെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി പറയുന്നത്. വിജയങ്ങൾ ചില തെറ്റുകൾ കഴുകിക്കളയുമായിരിക്കും!

എകെജി സെന്ററിലെ പാർട്ടി ചിഹ്നം

എറണാകുളം സമ്മേളനം മറ്റൊരുതരത്തിൽ ഒാർക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനും വഴിയുണ്ട്. തിരുവനന്തപുരത്ത് എകെജി സെന്ററിന്റെ പോർട്ടിക്കോയ്ക്കു മുകളിൽ സ്ഥാപിച്ചിരിക്കുന്ന അരിവാൾ ചുറ്റിക നക്ഷത്രം എറണാകുളം സമ്മേളനത്തിനു വേണ്ടി ഉണ്ടാക്കിയതാണ്. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന്റെ മുൻനിരയിൽ എറണാകുളം ഏരിയാ കമ്മിറ്റി പിടിച്ച, ഇരുമ്പിൽ തീർത്ത പാർട്ടി ചിഹ്നം തയാറാക്കിയത് എറണാകുളത്തെ തൊഴിലാളികളാണ്. സമ്മേളനം കഴിഞ്ഞതോടെ ഇത് എന്തുചെയ്യുമെന്നതു പ്രശ്നമായി. കുറേക്കാലം ഏരിയാ കമ്മിറ്റി ഒാഫിസിൽ വച്ചു. തുടർന്നാണ് തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ഒാഫിസിനു മുന്നിൽ സ്ഥാപിക്കാമെന്നു തീരുമാനിച്ചത്. 

English Summary: When Party Secrets Got Leaked! Remembering CPM State Conference in Kochi in1985

     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA