ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സി വഴിയാക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് 11–ാം ശമ്പള പരിഷ്ക്കരണ കമ്മിഷൻ ശുപാർശ. അല്ലെങ്കിൽ കേരള റിക്രൂട്ട്മെന്റ് ബോർഡ് ഫോർ പ്രൈവറ്റ് സ്കൂൾസ് ആൻഡ് കോളജസ് എന്ന പേരിൽ ബോർഡ് സ്ഥാപിക്കണം.

ഈ ബോർഡിൽ ചെയര്‍മാനെ കൂടാതെ രണ്ട് അംഗങ്ങളും പാർട് ടൈം അംഗമായി യൂണിവേഴ്സിറ്റി വൈസ് ചാൻസലറെയും നിയമിക്കണം. ഡയറക്ടർ ജനറൽ ഓഫ് എജ്യുക്കേഷനും പാർട്ട് ടൈം അംഗമായിരിക്കും. നാല് അംഗങ്ങൾ സ്കൂളുകളെയും കോളജുകളെയും പ്രതിനിധീകരിക്കും. മാനേജ്മെന്റ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ഈ ബോർഡ് ഒഴിവുകൾ നികത്തണം. അഞ്ച് അംഗ ഇന്റർവ്യൂ ബോർഡ് രൂപീകരിക്കേണ്ടത് ചെയർമാന്റെ നേതൃത്വത്തിലായിരിക്കും. ബോർഡിൽ ചെയർമാനെ കൂടാതെ ഒരു ഫുൾ ടൈം അംഗവും ഒരു വിദഗ്ധനും രണ്ടു സ്കൂൾ കോളജ് പ്രതിനിധികളുമാകും.

യോഗ്യരായവർ മാത്രമാണ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നത് എന്നത് ഉറപ്പാക്കാനും ബോർഡിന്റെ സാമ്പത്തിക നിലനിൽപ്പിനും ഉദ്യോഗാർഥികളിൽനിന്ന് ഉയർന്ന അപേക്ഷാ ഫീസ് ഈടാക്കണം. ബോർഡ് രൂപീകരിക്കാൻ കാലതാമസമുണ്ടാകുകയാണെങ്കിൽ നിയമനത്തിലെ മെറിറ്റ് ഉറപ്പാക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കണം. എയ്ഡഡ് സ്ഥാപനങ്ങളിലെ ഒഴിവുകൾ മലയാളത്തിലെ രണ്ട് പ്രധാന പത്രങ്ങളിൽ പ്രസിദ്ധീകരിക്കണം. ഇതിൽ മാനേജ്മെന്റിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സൈറ്റുകളുടെ വിലാസവും ഉണ്ടായിരിക്കണം.

കോളജ് അധ്യാപകരെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ ഇപ്പോഴുള്ളത് മാനേജ്മെന്റ്–സർക്കാർ പ്രതിനിധിയും ബന്ധപ്പെട്ട യൂണിവേഴ്സിറ്റി പ്രതിനിധിയുമാണ്. മാനേജ്മെന്റാണ് സർക്കാർ–യൂണിവേഴ്സിറ്റി പ്രതിനിധികളെ നിശ്ചയിക്കുന്നത്. ഈ രീതി മാറണം. സർക്കാരായിരിക്കണം ഇനി പ്രതിനിധികളെ നിശ്ചയിക്കേണ്ടത്. അഭിമുഖം നടത്തുന്ന കമ്മിറ്റിയിലെ ഏതെങ്കിലും അംഗത്തിനു വിയോജിപ്പുണ്ടെങ്കിൽ അത് രേഖപ്പെടുത്താനുള്ള അവകാശം ഉണ്ടായിരിക്കും.

അഭിമുഖം വിഡിയോ–ഓഡിയോ റെക്കോർഡ് ചെയ്യണം. അഭിമുഖം കഴിഞ്ഞ് എത്രയും വേഗം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണം. ഇത് നോട്ടിസ് ബോർഡിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചതിനുശേഷമേ സർക്കാർ പ്രതിനിധികൾ മടങ്ങിപോകാവൂ. നിയമനങ്ങൾ സംബന്ധിച്ച പരാതി പരിശോധിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും ശുപാർശയുണ്ട്.

English Summary: Set up recruitment board for aided educational institutions: Pay Revision commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com