ADVERTISEMENT

കോഴിക്കോട്∙ നഗരമധ്യത്തിൽ രണ്ടുവർഷം മുൻപ് ട്രാൻസ്ജെൻഡർ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര സംവിധായകൻ. സംസ്ഥാന–രാജ്യാന്തര പുരസ്കാര ജേതാവ് സനൽകുമാർ ശശിധരനാണ് കഴിഞ്ഞ ദിവസം തന്റെ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് പൊലീസിനെ സമീപിച്ചത്.

കൊലപാതം നടന്നിട്ട് രണ്ടര വർഷം

2019 ഏപ്രിൽ ഒന്നിനാണ് കണ്ണൂർ സ്വദേശിയും മൈസൂരുവിൽ സ്ഥിരതാമസവുമാക്കിയ ശാലുവിനെ (40) കെഎസ്ആർടിസി ബസ് ടെർമിനലിനു പിന്നിലുള്ള ശങ്കുണ്ണിനായർ റോഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ലോക്കൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ അന്വേഷണം 2020 മാർച്ചിൽ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല.

എന്നാൽ ഈ സംഭവത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ സനൽകുമാർ ശശിധരൻ‍ രംഗത്തെത്തിയത്.

ആരോപണം ഗുരുതരം

ശാലുവിന്റെ മൃതദേഹത്തിൽ കണ്ടെത്തിയ ബെഡ്ഷീറ്റ് താൻ മുൻപു പ്രവർത്തിച്ചിരുന്ന കാഴ്ച ഫിലിം ഫോറത്തിന്റെ ഓഫിസിലുണ്ടായിരുന്നതാണെന്നാണ് സനൽകുമാർ ശശിധരൻ വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ ഓഫിസിലുള്ള ബെഡ്ഷീറ്റ് എങ്ങനെ കോഴിക്കോട്ടെത്തി എന്നതിൽ സംശയമുണ്ടെന്നും സനൽ പറയുന്നു. കാഴ്ചയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ഒരു സംവിധായകന്റെ കാർ ഏറെക്കാലം കാണാതായിരുന്നു. ഇയാൾക്കെതിരെ മീ ടൂ ആരോപണവും ഉയർന്നിരുന്നു. കാഴ്ചയുടെ ഓഫിസിൽ ട്രാൻസ്ജെൻഡർ വ്യക്തികളെ താനറിയാതെ ചില പ്രവർത്തകർ കൊണ്ടുവന്നിരുന്നതായി സനൽ വ്യക്തമാക്കിയിരുന്നു.

sanal-kumar
സനൽ കുമാർ ശശിധരൻ

മൃതദേഹം ബെഡ്ഷീറ്റിൽ തൂക്കിയെടുത്തു കൊണ്ടുവന്ന് മതിലിനരികിൽ കൊണ്ടുവച്ച രീതിയിലാണ് കാണപ്പെട്ടതെന്നു സനൽ ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു. ഇതുസംബന്ധിച്ചുള്ള പരാതിയിൽ സനലിന്റ മൊഴി എടുത്തിരുന്നെങ്കിലും പിന്നീടൊന്നും നടന്നില്ലെന്നും സനൽ ആരോപിക്കുന്നുണ്ട്. ഈ സംശയം തന്റെ സുഹൃത്തായിരുന്ന മാധ്യമപ്രവർത്തകൻ എസ്.വി. പ്രദീപുമായി സംസാരിച്ചിരുന്നു. പിന്നീട് ഒരു വാഹനാപകടത്തിൽ പ്രദീപ് കൊല്ലപ്പെട്ടിരുന്നു. അപകടമണ്ടാക്കിയ വാഹനം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സമാന്തര സിനിമാകൂട്ടായ്മയായ കാഴ്ച ഫിലിം ഫോറത്തിന്റെ സ്ഥാപകരിലൊരാളായ സനൽകുമാർ തന്റെ ജീവനുതന്നെ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. ഓഫിസുമായി ബന്ധപ്പെട്ട് ചില റാക്കറ്റുകൾ പ്രവർത്തിക്കുന്നു എന്ന ആരോപണവുമായി സനൽകുമാർ കാഴ്ചയുടെ ഓഫിസ് അടച്ചുപൂട്ടിയിരുന്നു.

എങ്ങുമെത്താത്ത അന്വേഷണം

വാക്കുതർക്കത്തെ തുടർന്നുണ്ടായ കൊലപാതകമെന്നായിരുന്നു കേസന്വേഷിച്ച പൊലീസിന്റെ നിഗമനം. കഴുത്തിൽ സാരി കുരുക്കി ശ്വാസംമുട്ടിച്ചാണ് ശാലുവിനെ കൊലപ്പെടുത്തിയത്. ശരീരത്തിൽ മുറിവുകളുമുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ദിവസങ്ങളോളം അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ലെന്നും പൊലീസ് പറയുന്നു. പ്രതിഷേധങ്ങളും ആരോപണങ്ങളും ഉണ്ടാവാനുള്ള സാധ്യതകൾ കണക്കിലെടുത്ത് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ഉടനുണ്ടാവുമെന്നു പറ‍ഞ്ഞെങ്കിലും നടന്നില്ല. കസ്റ്റഡിയിലെടുത്ത യുവാവ് നിരപരാധിയായിരുന്നു. നടക്കാവ് പൊലീസായിരുന്നു കേസ് അന്വേഷിച്ചത്.

sanal-complaint

സംശയങ്ങൾ ബാക്കി

കോഴിക്കോട് എത്തുന്നതിനു മുൻപ് ശാലു വിളിച്ചിരുന്നതായും ആരോ നിരന്തരം ഉപദ്രവിക്കുന്നതായും പറഞ്ഞിരുന്നതായി പുനർജനി പ്രവർത്തക സിസിലി ജോൺ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ പരിചയക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടാതെ ശാലു മരിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

സംവിധായകന്റെ ജീവനും ഭീഷണി ?

ജനകീയ കൂട്ടായ്മയിലൂടെ പണം കണ്ടെത്തി നിർമിച്ച ഒരാൾപ്പൊക്കം എന്ന സിനിമയിലൂടെ ദേശീയ പുരസ്കാരങ്ങൾ നേടിയ സംവിധായകനാണ് സനൽകുമാർ ശശിധരൻ. സനലിന്റെ ഒഴിവുദിവസത്തെ കളി എന്ന സിനിമ മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം നേടിയിരുന്നു. മഞ്ജുവാരിയർ നിർമിച്ച് നായികയായി അഭിനയിക്കുന്ന ‘കയറ്റം’ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. നിരവധി രാജ്യാന്തര മേളകളിൽ‍ ഇതിനകം കയറ്റം കയ്യടി നേടിക്കഴിഞ്ഞിട്ടുണ്ട്. താൻ ആക്രമിക്കപ്പെടുമെന്നും കൊല്ലപ്പെടുമെന്നുമുള്ള ഭയം കാരണമാണ് പരാതിയുമായി രംഗത്തെത്തിയതെന്ന് ഫെയ്സ്ബുക് ലൈവിൽ സംവിധായകൻ വ്യക്തമാക്കിയിരുന്നു.

English Summary: Transgender murder case; Sanal Kumar Sasidharan given a complaint to police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com