ADVERTISEMENT

കോഴിക്കോട് ∙ വീണ്ടും ആശങ്കയായി നിപ പ്രത്യക്ഷപ്പെട്ടപ്പോൾ, മുൻപൊരു തവണ നിപയ്ക്കെതിരെ പോരാട്ടം നടത്തി വിജയിച്ച ചരിത്രമാണ് കോഴിക്കോട്ടുകാർക്ക് പറയാനുള്ളത്. 2018ൽ സംസ്ഥാനത്ത് ആദ്യമായി രോഗബാധ സ്ഥിരീകരിക്കുമ്പോൾ ഏതു രോഗമാണെന്നോ, എങ്ങനെ രോഗത്തെ നേരിടണമെന്നോ ആർക്കും വ്യക്തമായ രൂപരേഖ ഉണ്ടായിരുന്നില്ല. ഏതാനും മണിക്കൂറുകൾ കൊണ്ടാണ് ചികിത്സയ്ക്കും സുരക്ഷയ്ക്കുമുള്ള രീതികളും പ്രതിരോധ മാർഗങ്ങളും എന്താണെന്നു തിരിച്ചറിഞ്ഞ് നടപ്പിലാക്കിയത്.

രോഗത്തിന്റെ വരവ്

2018 മേയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ അപൂർവ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച യുവാവിനെ കണ്ടാണ് ഡോക്ടർമാർക്ക് നിപയാണോ എന്ന സംശയമുദിച്ചത്. 2018 മേയ് 17ന് ഉച്ചയോടെ മണിപ്പാൽ വൈറസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധനായ ഡോ. ജി.അരുൺകുമാറിന് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അനൂപ്കുമാർ ഫോൺ ചെയ്ത് സംശയം അറിയിക്കുകയായിരുന്നു.

‘മസ്തിഷ്കജ്വരം ബാധിച്ചയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അയാളുടെ സഹോദരൻ ഇതേ രോഗലക്ഷണങ്ങളുമായി കുറച്ചു ദിവസം മുൻപ് മരിച്ചു. സമാന രോഗലക്ഷണങ്ങളോടെ അച്ഛനും അച്ഛന്റെ സഹോദരന്റെ ഭാര്യയും ഒരു കുട്ടിയും ആശുപത്രിയിലുണ്ട്. രോഗബാധയുടെ കാരണം എന്താണെന്ന് തിരിച്ചറിയാൻ സഹായിക്കണം’.

ഒട്ടും വൈകാതെ യുവാവിന്റെ രക്തം, ഉമിനീർ, മൂത്രം തുടങ്ങിയവയുടെ സാംപിൾ ശേഖരിച്ച് ഒരാളുടെ കൈവശം മണിപ്പാലിലേക്ക് കൊടുത്തയയ്ക്കാൻ ഡോ. അരുൺകുമാർ പറഞ്ഞു. ആ സമയത്ത് രണ്ടു പേർക്ക് മസ്തിഷ്ക ജ്വരമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, അതേ വീട്ടിലെ മറ്റു രണ്ടുപേർക്ക് മസ്തിഷ്കജ്വരം ബാധിച്ചോ എന്നറിയില്ല. ഇരുവർക്കും ഛർദി തുടങ്ങിയിരുന്നു. ഈ വിവരങ്ങൾ അടിസ്ഥാനമാക്കി സാംപിൾ കൈയിൽ ലഭിക്കുന്നതിനുമുൻപുതന്നെ എന്തു തരം പരിശോധനങ്ങൾ നടത്തണം എന്നതിന് പദ്ധതി രൂപീകരിച്ചു.

അന്നു വൈറസിനെ തിരിച്ചറിഞ്ഞത് ഇങ്ങനെ

ഒരു വീട്ടിൽത്തന്നെ ഒന്നിൽക്കൂടുതൽ ആളുകൾക്കു മസ്തിഷ്കജ്വരം വരാനുള്ള കാരണമെന്താണ് എന്ന അന്വേഷണമാണ് ആദ്യം നടത്തിയത്. ഇത്തരം മസ്തിഷ്കജ്വരത്തിനുള്ള ഒരു കാരണം ‘ഹെർപിസ് സിംപ്ലക്സ്’ വൈറസ് ആണ്. രോഗിയുടെ ശരീരത്തിൽ ഏതെങ്കിലും കാലത്ത് പ്രവേശിച്ചു ഞരമ്പുകളിലോ തലച്ചോറിലോ ഒളിച്ചിരിക്കുന്ന വൈറസ് വീണ്ടും സജീവമായി മസ്തിഷ്കജ്വരത്തിനു കാരണമാവാം. പക്ഷേ ഇത്തരം രോഗം മറ്റൊരാൾക്കു പകരുന്നതല്ല. ഇതുമൂലം ഒരു വീട്ടിൽ ഒന്നിൽക്കൂടുതൽ പേർക്കു രോഗം വരാൻ സാധ്യതയില്ല.

അടുത്ത വിഭാഗം ജപ്പാൻ ജ്വരമാണ്. അത് ഒരു ഗ്രാമത്തിൽ ഒരാൾക്കേ വരൂ. ഒരു കുടുംബത്തിലെ നാലുപേർക്ക് ഒരുമിച്ചു വരുന്നതിനും സാധ്യതയില്ല. അവശേഷിക്കുന്ന ഏക സാധ്യത നിപ, ചണ്ടിപ്പുര എന്നീ വൈറസുകളാണ്. നിപയും ചണ്ടിപ്പുരയുമാണ് കൂട്ടമായി രോഗം പരത്തുന്ന വൈറസുകൾ. ഒരു കുടുംബത്തിലെ നാലുപേർ രോഗബാധിതരാണ് എന്നതിനാൽ ഓരോ രോഗവും പ്രത്യേകം പ്രത്യേകം പരിശോധിച്ചു ഫലം കാത്തിരിക്കാൻ സമയമില്ല. അതുകൊണ്ട് ഒരേസമയം, എലിപ്പനിയും നിപ വൈറസ്ബാധയും അടക്കമുള്ള രോഗങ്ങൾ പരിശോധിക്കാൻ നിർദേശം നൽകി.

പരിശോധനയും സ്ഥിരീകരണവും

2018 മേയ് 18നു രാവിലെ സാംപിൾ ലഭിച്ചു. അന്നു വൈകിട്ട് അഞ്ചുമണിയോടെ ബാക്കി മുപ്പതോളം രോഗങ്ങളല്ല ബാധിച്ചിരിക്കുന്നതെന്നു പരിശോധനകളിൽ തെളിഞ്ഞു. നിപയാണെന്നു തിരിച്ചറിഞ്ഞെങ്കിലും ഇതുറപ്പിക്കാൻ മറ്റു രണ്ടു പരിശോധനകൾകൂടി നടത്തി. പരിശോധനാഫലം ആരോഗ്യവകുപ്പിന് അയച്ചുകൊടുത്തു.

പക്ഷേ, നിപ സ്ഥിരീകരിച്ചതായി ഔദ്യോഗികമായി പറഞ്ഞില്ല. നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം ലഭിക്കാതെ ‘നിപ’ എന്ന പേരു പുറത്തുവിടാൻ പറ്റില്ല. എങ്കിലും ആശുപത്രിയിൽനിന്നു രോഗം പടരാനുള്ള സാധ്യത പരിഗണിച്ച് അതീവ സുരക്ഷ ഒരുക്കണമെന്നു നിർദേശിച്ചു. അതു ഭംഗിയായി ചെയ്തു.

യുദ്ധം തുടങ്ങുന്നു

അന്നു രാത്രിതന്നെ മണിപ്പാലിൽനിന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ഡയറക്ടറുമായും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടറുമായും ചർച്ച നടത്തി. തുടർന്നു 19നു രാവിലെ സാംപിളുകൾ പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചുകൊടുത്തു. അതിവേഗം ഫലം വേണമെന്ന് അറിയിച്ചു. 20ന് ഔദ്യോഗികമായി നിപയാണെന്ന സ്ഥിരീകരണം പുറത്തുവിട്ടു. ആരോഗ്യ വകുപ്പ് അധികൃതർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ രോഗികളെ ഐസലേറ്റ് ചെയ്യാനുള്ള സംവിധാനം ഉടൻ ഒരുക്കി. ആദ്യ കേസിൽനിന്നു രോഗം ബാധിച്ചവരെ ഐസലേറ്റ് ചെയ്തതോടെ രോഗം പടരുന്നതു നിയന്ത്രിച്ചു. 

2018 മേയ് 19ന് ഉച്ചയോടെ മണിപ്പാലിൽനിന്നുള്ള സംഘം കോഴിക്കോട്ട് എത്തി. രാത്രി എട്ടോടെ മന്ത്രി ടി.പി.രാമകൃഷ്ണനെ കണ്ടു. 20നു പേരാമ്പ്ര മേഖലയിലെ രോഗബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രോഗികളുടെ വീടും സമീപ പ്രദേശങ്ങളും കണ്ടു. ഇവിടെ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തി. വീടിന്റെ പരിസരത്തുനിന്നു വവ്വാലുകൾ കടിച്ച പഴങ്ങളും മറ്റ് സാംപിളുകളും ശേഖരിച്ചു. പുതുതായി വാങ്ങിയ സ്ഥലത്തെ കിണറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത് ഇതിനിടയ്ക്കാണ്. എന്നാൽ, കിണറിലുള്ളതു പഴംതീനി വവ്വാലുകളല്ല എന്നു തിരിച്ചറിഞ്ഞു.

രോഗവഴി തേടി

പേരാമ്പ്ര സൂപ്പിക്കടയിലെ കുടുംബത്തിൽ മരിച്ച ആദ്യത്തെയാൾക്കു വവ്വാലിൽനിന്നു നേരിട്ടു രോഗം പകർന്നു. ഇതേ കുടുംബത്തിലെ ബാക്കിയുള്ളവർക്കു രോഗം ലഭിച്ചത് ആശുപത്രിയിൽവച്ചാണ്. ആദ്യത്തെ രോഗിക്കു കൂട്ടിരിക്കാൻ ആശുപത്രിയിൽ പോയപ്പോഴാണു രോഗബാധ സംഭവിച്ചത്. ഇതേസമയം, മെഡിക്കൽ കോളജിൽ നിപ ബാധിച്ചു പ്രവേശിപ്പിച്ച പലരുടെയും വിവരങ്ങൾ ലഭ്യമായിത്തുടങ്ങിയിരുന്നു.

ചെമ്പനോട സ്വദേശിയായ നഴ്സ് ലിനി, കൂരാച്ചുണ്ട് സ്വദേശിയായ തൊഴിലാളി തുടങ്ങിയവരൊക്കെ നിപ ബാധിച്ച് ആശുപത്രിയിലുണ്ട്. പേരാമ്പ്രയിലെ കുടുംബത്തിനു പുറമെ ഏറെ ദൂരെയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് എങ്ങനെ രോഗം ബാധിച്ചു എന്നതായിരുന്നു പിന്നീടുയർന്ന പ്രധാന ചോദ്യം. അപ്രധാനമെന്നു തോന്നിയ കാര്യങ്ങളടക്കം അനേകമനേകം വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിനൊടുവിൽ രോഗവ്യാപനം നടന്ന സ്ഥലങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. ഇതോടെ നിപയെ വരുതിയിലാക്കാമെന്ന് ഉറപ്പായി.

വൈറസിന്റെ മാർഗരേഖ

രോഗവ്യാപനം നടന്നതു പ്രധാനമായും രണ്ടു കേന്ദ്രങ്ങളിലാണെന്ന് കണ്ടെത്തി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പുരുഷവാർഡ്, മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ സിടി സ്കാൻമുറിയിലേക്കുള്ള ഇടുങ്ങിയ ഇടനാഴി എന്നിവയാണ് ഈ രണ്ടു കേന്ദ്രങ്ങൾ. മേയ് അഞ്ചിനു രാവിലെ ഏഴിനും എട്ടിനുമിടയ്ക്കാണ് ആദ്യ രോഗി പേരാമ്പ്ര ആശുപത്രിയിലെത്തിയത്. അന്നു കൂടെയെത്തിയ പിതാവിനും സഹോദരൻമാർക്കും രോഗം ബാധിച്ചു.

അവിടെ ചികിത്സയിലിരുന്ന പല രോഗികളുടെയും കൂട്ടിരിപ്പുകാർ സഹായിക്കാനെത്തിയിരുന്നു. രാത്രി ജോലിചെയ്ത നഴ്സ് ഈ രോഗിയെ പരിചരിച്ചിരുന്നു. ഇത്രയും പേർക്കാണു രോഗം ബാധിച്ചതെന്നു കണ്ടെത്തി. പക്ഷേ, ആശ്വസിക്കുന്നതിനുമുൻപു ഞെട്ടിക്കുന്ന വാർത്തയെത്തി. പേരാമ്പ്രയുമായി ബന്ധമില്ലാത്തവർ രോഗബാധയുമായി ചികിത്സ തേടി വരാൻ തുടങ്ങിയിരിക്കുന്നു. മലപ്പുറത്തുനിന്നടക്കം രോഗികൾ എത്തി. ഇവരുടെ വിവരങ്ങൾ ശേഖരിച്ചു. രോഗികൾ പോയ വഴികൾ കണ്ടെത്തിയതോടെ, രോഗം വന്ന വഴിയും കണ്ടുപിടിച്ചു.

അന്വേഷണത്തിൽ തെളിഞ്ഞത്

2018 മേയ് അഞ്ചിനു രണ്ടു വ്യത്യസ്ത സമയങ്ങളിൽ മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിലോ അവിടെനിന്നു സിടി സ്കാൻ മുറിയിലേക്കുള്ള ഇടനാഴിയിലോ ഏതെങ്കിലും തരത്തിൽ എത്തിപ്പെട്ടവരാണ് ഈ രോഗബാധിതരെല്ലാം. മറ്റേതെങ്കിലും രോഗികളുടെ കൂടെ കൂട്ടിരിപ്പുകാരായാണു പലരും അവിടെ എത്തിയത്. പേരാമ്പ്രയിൽനിന്നുള്ള രോഗിയെ അത്യാഹിത വിഭാഗത്തിൽനിന്നു സ്ട്രെച്ചറിലാണു സ്കാനിങ്ങിനായി ഇടനാഴിയിലൂടെ കൊണ്ടുപോയത്.

രോഗി നിർത്താതെ ചുമയ്ക്കുന്നുണ്ടായിരുന്നു. ഉമിനീരിന്റെ വലുപ്പമേറിയ കണങ്ങൾ ഇടനാഴിയിൽ നിന്നവരുടെ ശരീരത്തിൽ തെറിച്ചു. ഇതിലൂടെ വൈറസ് അവരുടെയൊക്കെ ശരീരത്തിലെത്തി. അക്കാര്യം അവർ അറിയുന്നുമില്ലല്ലോ. പേരാമ്പ്ര ആശുപത്രിയിൽനിന്നു രോഗം ബാധിച്ച ഒരാൾ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അന്ന് അതേ വാർഡിൽ അടുത്തുകിടന്ന രോഗിയാണു പിന്നീടു രോഗബാധയേറ്റു മരിച്ചയാൾ.

മേയ് നാല്, അഞ്ച് തീയതികളിൽ രോഗബാധയേറ്റവർ 10 ദിവസത്തിനുശേഷമാണു ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. മേയ് 14,15 തീയതികളിൽ രോഗം മൂർച്ഛിച്ച ഇവർ ചികിത്സയ്ക്കെത്തുമ്പോഴേക്ക് ആദ്യ രോഗി മരിച്ചുകഴിഞ്ഞു.

പിടിച്ചുകെട്ടൽ അതിവേഗം

കേരളത്തിൽ നിപ വൈറസിന്റെ ആക്രമണത്തെ പിടിച്ചുകെട്ടി എന്നറിയുന്നതിൽ പലർക്കും അദ്ഭുതമുണ്ട്; സംശയമുണ്ട്. എന്നാൽ, നിപ വൈറസ് ബാധ കേരളത്തിൽ തിരിച്ചറിഞ്ഞയത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഒരുരാജ്യത്തും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെയാണു കേരളത്തിലെ ആരോഗ്യമേഖല എത്ര വേഗത്തിലും ഫലവത്തുമായാണു പ്രവർത്തിച്ചത് എന്നു തെളിയുന്നതും. 

English Summary: Nipah 2018 history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com