സ്ത്രീകൾക്ക് എൻഡിഎയിൽ പ്രവേശനം നൽകുമെന്നു കേന്ദ്രം; തീരുമാനം ചരിത്രപരം

PTI11-08-2020_000022A
പ്രതീകാത്മക ചിത്രം.
SHARE

ന്യൂഡൽഹി∙ നാഷനൽ ഡിഫൻസ് അക്കാദമിയിലും (എൻഡിഎ), നേവൽ അക്കാദമിയിലും സ്ത്രീകൾക്കു പ്രവേശനാനുമതി നൽകാനുള്ള ചരിത്രപരമായ തീരുമാനവുമായി കേന്ദ്ര സർക്കാർ. ഇന്ത്യൻ സായുധ സേനകളിലേക്കുള്ള സ്ഥിരം നിയമനത്തിനുള്ള പഠനവും പരിശീലനവും നൽകുന്ന എൻഡിഎയിൽ സ്ത്രീകൾക്കും പ്രവേശനം അനുവദിക്കുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സേനയിലെ ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. 

എന്നാൽ, കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ചുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കാൻ സമയം ആവശ്യമാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 20നുള്ളിൽ ഇതു സംബന്ധിച്ച മറുപടി നൽകാൻ സുപ്രീം കോടതി നിർദേശിച്ചു.

‘എൻഡിഎയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്ന കാര്യത്തിൽ സേനതന്നെ തീരുമാനം എടുത്തു എന്ന കാര്യം ഏറെ സന്തോഷിപ്പിക്കുന്നു. മാറ്റം എന്നത് ഒറ്റ ദിവസം കൊണ്ടു സംഭവിക്കുന്ന ഒന്നല്ല, നടപടികൾ പൂർത്തിയാക്കാനും മറ്റുമായി സർക്കാരിനു സമയം ആവശ്യമാണ്,’ എൻഡിഎ, നേവൽ അക്കാദമി എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളിൽ പങ്കെടുക്കാൻ സ്ത്രീകളെയും അനുവദിക്കുന്നതു സംബന്ധിച്ചുള്ള ഹർജിയിൽ വാദം കേൾക്കവേ സുപ്രീം  കോടതി പറഞ്ഞു. 

‘രാജ്യ സുരക്ഷയ്ക്കായി ശ്ലാഘനീയ സേവനമാണു സേനാംഗങ്ങൾ ചെയ്യുന്നത്. എന്നാൽ സേനയിൽ അൽപം കൂടി ലിംഗ സമത്വം ഉറപ്പാക്കേണ്ടതായുണ്ട്. കോടതി ഇടപെടലുകൾ ഇല്ലാതെതന്നെ അധികൃതർ ഇക്കാര്യത്തിൽ നിലപാടു സ്വീകരിക്കണം എന്നാണു ഞങ്ങൾ കരുതുന്നത്’– ജസ്റ്റിസ് എസ്.കെ. കൗൾ, എം.എം. സുന്ദരേശ് എന്നിവർ അടങ്ങുന്ന ബെ‍ഞ്ച് പറഞ്ഞു. 

എൻഡിഎ പ്രവേശന പരീക്ഷകളിൽ പങ്കെടുക്കാൻ സ്ത്രീകൾക്കും അനുമതി നൽകിക്കൊണ്ടുള്ള ചരിത്രപരമായ ഇടക്കാല ഉത്തരവ് കഴിഞ്ഞ മാസം സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. നവംബർ 14 ആണ് പുതുക്കി നിശ്ചയിച്ച പരീക്ഷാ തീയതി.  ‘അതിയായ സന്തോഷത്തോടെയാണ് ഇക്കാര്യം അറിയിക്കുന്നത്. എൻഡിഎയിൽ സ്ത്രീകളെയും പ്രവേശിപ്പിക്കും. ഇതു സംബന്ധിച്ചുള്ള വിശദമായ മാർഗ നിർദേശങ്ങൾ പുറത്തിറക്കും. ജൂൺ 24നാണു പരീക്ഷ നവംബറിലേക്കു മാറ്റിവച്ചത്. അടിസ്ഥാനപരമായ സൗകര്യങ്ങൾ ഒരുക്കണം എന്നതിനാൽ ഇത്തവണത്തെ പരീക്ഷയിൽ നിലവിലെ സ്ഥിതി തുടരാൻ അനുവദിക്കുക’– അഡിഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. 

ഓഗസ്റ്റ് 18ലെ വാദം കേൾക്കുന്നതിനിടെ, സർക്കാരിന്റെ ‘മാനസികാവസ്ഥയെ’ കോടതി വിമർശിച്ചിരുന്നു. രാജ്യത്തെ പ്രതിരോധ സേനയിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാര്യം ഒരുക്കുന്ന കാര്യത്തിൽ മാനസ്സിനെ പാകപ്പെടുത്തുന്ന പ്രശ്നമാണു സർക്കാരിന് ഉള്ളതെന്നു നിരീക്ഷിച്ച കോടതി മാറ്റം സ്വമേധയാ ഉൾക്കൊള്ളുന്നതാകും ഉചിതമെന്നു സർക്കാരിനെ താക്കീതു ചെയ്യുകയുും ചെയ്തിരുന്നു. 

സേനയിലേക്കുള്ള തിരഞ്ഞെടുപ്പു പ്രക്രിയ വിവേചനപരമല്ലെന്നും സ്ത്രീകൾക്കും സേനയിൽ ഒട്ടേറെ അവസരങ്ങൾ ഉണ്ടെന്നും സർക്കാരും വാദിച്ചിരുന്നു. എൻഡിഎ പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പുരുഷൻമാർക്കാണ് നിലവിൽ സേനയിൽ പെർമനന്റ് കമ്മിഷൻ വ്യവസ്ഥയിൽ പ്രവേശനം അനുവദിക്കുന്നത്. എന്നാൽ വനിതാ അപേക്ഷകരെ ഷോട്ട് സർവീസ് കമ്മിഷൻ ഓഫിസർമാരായാണ് ആദ്യം പരിഗണിക്കുക. പിന്നീട് കരിയർ അവസാനിക്കാറാകുന്ന ഘട്ടത്തിലാണ് ഇവരെ പെർമനന്റ് കമ്മിഷനിലേക്കു പരിഗണിക്കുന്നത്. 

English Summary: "Delighted to Share" Women Can Now Join NDA: Centre To Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA