കരിമ്പട്ടികയിൽ 70 ഇൻസ്പെക്ടർമാർ, 25 ഡിവൈഎസ്‌പിമാർ; തൊപ്പി തെറിക്കുമോ?

kerala-police-cap
പ്രതീകാത്മക ചിത്രം
SHARE

കോട്ടയം∙ തൊപ്പി തെറിക്കുമോ? കേരള പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്ന ചോദ്യം ഇതാണ്. തൊപ്പി തെറിക്കുകയെന്നാൽ അധികാരമുള്ള ലോക്കൽ സ്റ്റേഷനിൽ നിന്ന് സ്പെഷൽ യൂണിറ്റുകളിലേക്കുള്ള മാറ്റമാണ്. ലോക്കൽ സ്റ്റേഷനുകളിൽ അധികാരത്തോടെ ജോലി ചെയ്തില്ലെങ്കിൽ പിന്നെ എന്തു പൊലീസ്. 

∙ 10 ശതമാനം ആരോപണ വിധേയർ 

രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ തന്നെ പൊലീസ് വകുപ്പിൽ ശുദ്ധികലശം നടത്താൻ തീരുമാനിച്ചു. പ്രവർത്തനം സംബന്ധിച്ച ആരോപണങ്ങൾ ഇല്ലാത്ത ഉദ്യോഗസ്ഥരെ ശുപാർശ ഇല്ലാതെ നിയമിച്ചു. ഇതിന്റെ ഭാഗമായി എഡിജിപിയുടെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് വിഭാഗം ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി.

ആഭ്യന്തര വകുപ്പിന്റെ കരിമ്പട്ടികയിൽ 70 ഇൻസ്പെക്ടർമാരും 25 ഡിവൈഎസ്‌പിമാരുമുണ്ട്. ഇരുവിഭാഗത്തിലും 10 ശതമാനം ഉദ്യോഗസ്ഥർ വിവിധ ആരോപണങ്ങൾ നേരിടുന്നു. ഇവരിൽ ഒരു വിഭാഗത്തെ കഴിഞ്ഞ രണ്ടു സ്ഥലംമാറ്റങ്ങളുടെ കൂട്ടത്തിൽ അപ്രധാന തസ്തികകളിലേക്കു മാറ്റി. അടുത്ത പട്ടിക ഉടനെ ഇറങ്ങും. അതിലും ആരോപണ വിധേയർ പുറത്താകും. ഇൻസ്പെക്ടർ (മുൻപ് സിഐ), ഡിവൈഎസ്‌പി എന്നീ തസ്തികകളിലാണ് മാറ്റം. സംസ്ഥാനത്ത് 714 ഇൻസ്പെക്ടർമാരും 325 ഡിവൈഎസ്‌പിമാരുമുണ്ട്. 

∙ സഹായിക്കാൻ പാർട്ടിയില്ല 

പൊലീസ് സ്ഥലംമാറ്റത്തിൽ പാർട്ടിയും പുറത്തായി. അടുത്തിടെ സ്ഥലംമാറ്റപ്പെട്ട ഡിവൈഎസ്‌പി സിപിഎം പൊളിറ്റ്ബ്യൂറോ അംഗത്തിന്റെ ബന്ധുവാണ്. പ്രവർത്തന മികവു പോര എന്ന റിപ്പോർട്ട് വന്നതോടെ പാർട്ടി ബന്ധുവും പുറത്തായി. തെക്കൻ ജില്ലയിലെ ഒരു ഡിവൈഎസ്‌പി തനിക്ക് മാറ്റം വരുന്നുവെന്ന് അറിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയെ തന്നെ സമീപിച്ചു. പാർട്ടിയും ഇടപെട്ടു. എന്നിട്ടും രക്ഷയില്ല. ഉദ്യോഗസ്ഥൻ കുറ്റാന്വേഷണ വിഭാഗത്തിലേക്കു മാറി. സെക്രട്ടറിക്കു താക്കീതും കിട്ടി. 

∙ പൊലീസിനെ കുരുക്കുന്നത് പൊലീസ് തന്നെ

ഇന്റലിജൻസ് എഡിജിപിയുടെ സ്ക്വാഡാണ് പൊലീസുകാരെ നിരിക്ഷിക്കുന്നത്. അഴിമതി, പെരുമാറ്റം, ഭൂമി, പാറമട പോലുള്ള ഇടപാടുകൾ, മാഫിയകളുമായുള്ള ബന്ധം എന്നിവയാണ് നോക്കുന്നത്. പതിവായി ഫോൺ എടുക്കാത്ത ഉദ്യോഗസ്ഥനും കിട്ടി സ്ഥലംമാറ്റം. ഇന്റലിജൻസ് എഡ‍ിജിപി നേരിട്ട് മുഖ്യമന്ത്രിക്കാണ് വിവരങ്ങൾ കൈമാറുന്നത്.

∙ സ്വന്തം ജില്ലയും കിട്ടില്ല 

കരിമ്പട്ടികയിൽ പെട്ടാൽ സ്ഥലംമാറ്റം മാത്രമല്ല. സ്പെഷൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, നാർകോട്ടിക്സ് തുടങ്ങിയ വിഭാഗങ്ങളിലേക്കാണ് മാറ്റം. മിക്കവാറും സ്വന്തം ജില്ലയും കിട്ടില്ല. 

English Summary: 70 inspectors and 25 DYSP's in Home Department's blacklists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS