ADVERTISEMENT

തിരുവനന്തപുരം∙ വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത് കെ.ടി.ജലീലിനെ തള്ളിപ്പറയല്‍ അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യം ഉണ്ടായാൽ നടപടിയെടുക്കാൻ സഹകരണ വകുപ്പ് ഉണ്ടെന്നും അതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വരേണ്ട കാര്യമില്ലെന്നുമാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സഹകരണ മേഖലയ്ക്കു കൃത്യമായ പരിശോധനാ സംവിധാനമുണ്ട്. ശക്തമായ നടപടിയെടുക്കാൻ അവർക്കു കഴിയും. ഇഡി അന്വേഷണത്തിനു സാഹചര്യം ഒരുക്കേണ്ട കാര്യമില്ല. എആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കാൻ ഇഡി വരണമെന്നു പറഞ്ഞിട്ടില്ലെന്നും ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഇഡിയോടു വിശദീകരിച്ചതെന്നും ജലീലും വിശദീകരിച്ചിട്ടുണ്ട്. ജലീലിനെ സിപിഎം തള്ളി എന്ന പ്രചാരണം സന്തോഷപൂർവം ചിലർ നടത്തിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത് അദ്ദേഹത്തെ തള്ളിപ്പറയല്ല. അദ്ദേഹം സിപിഎമ്മിന്റെ അനുയാത്രികനാണ്, അങ്ങനെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലീൽ കുഞ്ഞാലിക്കുട്ടിയോടുള്ള വ്യക്തി വിരോധം തീർക്കുകയാണെന്നു പാർട്ടി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, സിപിഎമ്മിന് അതിന്റേതായ നിലപാടുണ്ടെന്നും അതിന്റെ ഭാഗമായി ജലീലും കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജലീൽ വ്യക്തി വിരോധം തീർക്കുകയാണെന്ന് ആരാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു.

English Summary: CM Pinarayi Vijayan on KT Jaleel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com