ADVERTISEMENT

കാബൂള്‍ ∙ അഫ്ഗാനിസ്ഥാനിലെ അതിസങ്കീര്‍ണമായ സാഹചര്യം ആശങ്കപ്പെടുത്തുന്നുവെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാരാണ് അഫ്ഗാനില്‍ ഉണ്ടാകേണ്ടതെന്നു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി പറഞ്ഞു.

തൊട്ടടുത്ത അയല്‍രാജ്യം എന്ന നിലയിലും അഫ്ഗാന്‍ പൗരന്മാരുടെ സുഹൃത്ത് എന്ന നിലയിലും അവിടുത്തെ നിലവിലുള്ള അവസ്ഥയില്‍ ഇന്ത്യയ്ക്കു കടുത്ത ആശങ്കയുണ്ടെന്ന് തിരുമൂര്‍ത്തി പറഞ്ഞു. മറ്റു രാജ്യങ്ങളെ ആക്രമിക്കാനോ ഭീഷണിപ്പെടുത്താനോ ഭീകരര്‍ക്കു പരിശീലനം നല്‍കാനോ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തിക സഹായം ഉറപ്പിക്കാനോ അഫ്ഗാന്റെ മണ്ണ് ഉപയോഗപ്പെടുത്താനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി. 

അഫ്ഗാനിസ്ഥാന്‍കാര്‍ക്ക് സ്വതന്ത്രമായി ലോകത്തിന്റെ ഏതു ഭാഗത്തേക്കും സഞ്ചരിക്കാന്‍ അനുവാദം നല്‍കുമെന്ന പ്രഖ്യാപനം പാലിക്കാന്‍ താലിബാന്‍ തയാറാകണം. അഫ്ഗാനില്‍ ഇന്ത്യ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളും തിരുമൂര്‍ത്തി വിശദീകരിച്ചു. വൈദ്യുതി, ജലവിതരണം, റോഡ് നിര്‍മാണം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ ഇന്ത്യ മികച്ച സംഭാവനയാണു നല്‍കിയിരിക്കുന്നത്.‌

‌അഫ്ഗാനിലെ ജനങ്ങളുടെ നന്മയും സുരക്ഷയുമാണ് ഇന്ത്യയുടെ ലക്ഷ്യം. അഫ്ഗാനിലെ 34 പ്രവിശ്യകളിലും അഞ്ഞൂറിലേറെ വികസന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ ഏറ്റെടുത്തു നടപ്പാക്കിയതെന്നും തിരുമൂര്‍ത്തി പറഞ്ഞു. 

അഫ്ഗാന്‍ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങളും കുട്ടികളുടെ അഭിലാഷങ്ങളും സംരക്ഷിക്കണമെന്നും ഇന്ത്യ നിലപാടെടുത്തു. അഫ്ഗാനിലെ സമാധാനത്തിനായി താലിബാനുമായി ചര്‍ച്ച നടത്തുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു. ലക്ഷക്കണക്കിനാളുകളുടെ മരണം ഒഴിവാക്കാന്‍ ഇടപെടുമെന്നും യുഎന്‍ വ്യക്തമാക്കി. 

English Summary: India Directly Concerned About Situation In Afghanistan, Says TS Tirumurti At UNSC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com