ADVERTISEMENT

കൊല്ലം∙ മുൻ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയും കൊല്ലം കരുനാഗപ്പള്ളിയും തമ്മിൽ എന്താണ് ബന്ധം. കെന്നഡിക്ക് ആദരമായി ‌ഒരു സർക്കാർ എയ്ഡഡ് സ്കൂളൂണ്ട് കരുനാഗപ്പള്ളിയിൽ. അമേരിക്കയുടെ 35–ാം പ്രസിഡന്റായിരുന്ന ജോൺ എഫ്.കെന്നഡി വിട പറഞ്ഞിട്ട് 58 വർഷമാകുമ്പോൾ, കരുനാഗപ്പള്ളി ജോൺ.എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിനും അത്രത്തോളം പ്രായമാകും. പേര് അമേരിക്കനാണെങ്കിലും മലയാളം, ഇംഗ്ലീഷ് മീഡിയത്തിൽ ഇവിടെ ക്ലാസുകളുണ്ട്.

ഡെമോക്രാറ്റ് ആയിരുന്ന കെന്നഡിയോടുള്ള ആദര സൂചകമായാണ് ഫൗണ്ടർ മാനേജരായ കാരാഞ്ചേരിൽ രാമകൃഷ്ണപിള്ള സ്കൂളിന് അങ്ങനെയൊരു പേരിടുന്നത്. കനാൽ ഓഫിസർ ആയിരുന്ന രാമകൃഷ്ണപിള്ള സർവീസിൽ നിന്നു വിരമിച്ച ശേഷമാണ് സ്കൂൾ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ മരുമകൻ അക്കാലത്ത് അമേരിക്കയിലായിരുന്നതിനാൽ അവിടെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ വളരെയധികം ശ്രദ്ധിച്ചിരുന്നു.

maya-sreekumar-Kaarancherry-ramakrishna-pillai
ഇപ്പോഴത്തെ മാനേജർ മായ ശ്രീകുമാർ, ഫൗണ്ടർ മാനേജര്‍ കാരാഞ്ചേരിൽ രാമകൃഷ്ണപിള്ള

സ്കൂൾ നിർമാണത്തിന് ശിലയിടാൻ തീരുമാനിച്ച സമയത്താണ് ജോൺ.എഫ്. കെന്നഡി വെടിയേറ്റു മരിക്കുന്നത്. തുടർന്ന് ആദരസൂചകമായി സ്കൂളിന് അദ്ദേഹത്തിന്റെ പേരിടാൻ തീരുമാനിക്കുകയായിരുന്നെന്ന് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ മായ ശ്രീകുമാർ പറയുന്നു. റിട്ട.ജഡ്ജി സി.എം.മാത്യു ആയിരുന്നു സ്കൂളിന് ശിലയിട്ടത്.

യുപി സ്കൂളായി തുടങ്ങിയ കെന്നഡി മെമ്മോറിയൽ സ്കൂൾ 1984ൽ ഹൈസ്കൂളാക്കി. 1998ൽ വൊക്കേഷനൽ ഹയർസെക്കൻഡറിയും വന്നു. രാമകൃഷ്ണപിള്ളയ്ക്കു ശേഷം മക്കളായ രാധാകൃഷ്ണപിള്ളയും ശ്രീകുമാർ കണ്ണമ്പള്ളിയും തുടർന്നു മാനേജർമാരായി. ശ്രീകുമാറിന്റെ ഭാര്യയായ, മായ ശ്രീകുമാർ (ഇപ്പോഴത്തെ മാനേജർ) മുൻപ് ഈ സ്കൂളിൽ ഹെഡ്മിസ്ട്രസും ആയിരുന്നു. 

ജോൺ എഫ്. കെന്നഡി (Photo: JOHN F. KENNEDY LIBRARY FOUNDATION / AFP)
ജോൺ എഫ്. കെന്നഡി (Photo: JOHN F. KENNEDY LIBRARY FOUNDATION / AFP)

∙ ജോൺ എഫ്. കെന്നഡി

ചരിത്രത്തിലെ വലിയ നീഗൂഢതകളിലൊന്നാണ് കെന്നഡിയുടെ മരണം. അമേരിക്കയിൽ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു കെന്നഡി. 1961ൽ 43–ാം വയസ്സിലാണ് കെന്നഡി പ്രസിഡന്റായത്. 1963 നവംബർ 22ന് പ്രസിഡന്റായിരിക്കെ പൊതുസ്ഥലത്തുവച്ച് വധിക്കപ്പെട്ടു. ലീ ഹാർവേ ഓസ്വാൾഡ് എന്നയാളാണ് കെന്നഡിയെ വധിച്ചതെന്നു പിന്നീട് പൊലീസ് കണ്ടെത്തി.

രണ്ടാം ദിവസം, പൊലീസ് ആസ്‌ഥാനത്തുനിന്നു ജയിലിലേക്കു മാറ്റുന്നതിനിടെ പൊലീസ് ബന്തവസിനു നടുവിൽ ഓസ്വാൾഡ് വെടിയേറ്റുമരിച്ചു. കൊലനടത്തിയത് ജാക്ക് റൂബി എന്നയാൾ. കുറച്ചുനാളുകൾക്കകം ജയിലിൽവച്ചു റൂബിയും മരിച്ചു.  കെന്നഡി വധവുമായി ബന്ധപ്പെട്ട് ഏറെ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചാരത്തിലുണ്ട്. യുഎസ് ചരിത്രത്തിൽ കെന്നഡി ഉൾപ്പെടെ നാലു പ്രസിഡന്റുമാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

English Summary: What is the connection between John F Kennedy and Karunagappalli?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com