ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ, ഗവർണർ ആചാര്യ ദേവവ്രതിനു മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. ഗുജറാത്തിൽ നരേന്ദ്ര മോദി– അമിത് ഷാ പോരാണെന്ന മാധ്യമ റിപ്പോർട്ടുകൾക്കിടെ ഷായുടെ സാന്നിധ്യം ചർച്ചയായി. മുൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനായ ഭൂപേന്ദ്ര, ഘാട്ട്‌ലോഡിയ മണ്ഡലത്തിൽനിന്ന് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണു ജയിച്ചത്.

സംസ്ഥാനത്തെ പ്രബലരായ പട്ടേൽ സമുദായത്തെ അനുനയിപ്പിക്കാനുള്ള നീക്കമായാണ് ഭൂപേന്ദ്രയുടെ സ്ഥാനലബ്ധി വിലയിരുത്തപ്പെടുന്നത്. മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഭരണത്തിൽ അവഗണിക്കപ്പെടുന്നതായി സമുദായത്തിനു പരാതിയുണ്ടായിരുന്നു. പട്ടേൽ വിഭാഗത്തിലെ കഡ്‌വ ഉപസമുദായ അംഗമാണു ഭൂപേന്ദ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താൽപര്യമുള്ളയാളാണ്. സിവിൽ എൻജിനീയറിങ് ഡിപ്ലോമ ബിരുദധാരിയായ പട്ടേൽ, അഹമ്മദാബാദ് വികസന അതോറിറ്റി ചെയർമാനായിരുന്നു.

ഗുജറാത്തിൽ ബിജെപിയുടെ അവസാന വാക്കായിരുന്ന അമിത് ഷായെ മറികടന്നാണു പട്ടേലിന്റെ നിയമനമെന്നു സംസാരമുണ്ട്. ഷാ ഇടപെട്ട് രാജിവയ്പിച്ച ആനന്ദിബെൻ പട്ടേലിന്റെ വിശ്വസ്തനാണു ഭൂപേന്ദ്ര എന്നതാണ് ഇതിനു കാരണമായി വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പട്ടേൽ സമരം, ദളിത് പ്രക്ഷോഭം തുടങ്ങിയവ പ്രതിസന്ധിയായപ്പോഴാണ് ആനന്ദിബെന്നിനെ മാറ്റാൻ അന്നത്തെ പാർട്ടി അധ്യക്ഷൻ അമിത് ഷാ തീരുമാനിച്ചത്. പകരം നിതിൻ പട്ടേലിന്റെ പേര് ആനന്ദിബെൻ നിർദേശിച്ചു. പക്ഷേ, വിജയ് രൂപാണിയെയാണു ഷാ നിയോഗിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ മണ്ഡലത്തിൽ ഭൂപേന്ദ്രയെ മത്സരിപ്പിക്കണമെന്ന് ആനന്ദിബെൻ നിർദേശിച്ചതിനെയും എതിർത്ത ഷാ പക്ഷം, ബിപിൻ പട്ടേലിനെയാണ് ഉയർത്തിക്കാട്ടിയത്. വലിയ ചർച്ചകൾക്കും ഇടപെടലിനും ശേഷം ഭൂപേന്ദ്രയെത്തന്നെ സ്ഥാനാർഥിയാക്കേണ്ടി വന്നു. ആ ഭൂപേന്ദ്ര ഇപ്പോൾ മുഖ്യമന്ത്രിയാകുമ്പോൾ ഷായ്ക്കു നീരസമുണ്ടാവുക സ്വാഭാവികമാണെന്നാണു നിരീക്ഷണം. പട്ടേൽ വിഭാഗം അവഗണിക്കപ്പെടുന്നുവെന്ന പരാതി അടുത്ത തിരഞ്ഞെടുപ്പിനു മുൻപു പരിഹരിക്കാൻ മോദി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ മാറ്റം. നേരത്തെ കോൺഗ്രസിനെ പിന്തുണച്ചിരുന്ന ഈ വിഭാഗത്തിന്റെ ചുവടുമാറ്റമാണു ബിജെപിയെ സംസ്ഥാനത്തു വലിയ തോതിൽ സഹായിച്ചിട്ടുള്ളത്.

English Summary: Bhupendra Patel Takes Oath As Gujarat Chief Minister, Amit Shah Present

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com