ADVERTISEMENT

കാബൂൾ∙ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിനുശേഷം ആദ്യമായി ഒരു രാജ്യാന്തര കൊമേഷ്യല്‍ വിമാനം തലസ്ഥാനമായ കാബൂളിൽ ലാൻഡ് ചെയ്തു. ഇസ്‌ലാബാദിൽനിന്നു വന്ന പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ (പിഐഎ) വിമാനമാണ് കാബൂൾ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ഏകദേശം 10 ആളുകൾ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. യാത്രക്കാരേക്കാൾ അധികം സ്റ്റാഫുകളാണ് വിമാനത്തിലുണ്ടായിരുന്നതെന്നും അവർ റിപ്പോർട്ടു ചെയ്തു.

ഇസ്‌ലാബാദിലേക്ക് തിരിച്ചുനടത്തുന്ന സർവീസിൽ നൂറിലധികം യാത്രക്കാരുണ്ടെന്നും ലോകബാങ്ക് ഉൾപ്പെടെയുള്ള രാജ്യാന്തര സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ബന്ധുക്കളുമാണ് ഭൂരിഭാഗമെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി. അഫ്ഗാനിലേക്ക് വിമാനസർവീസ് പുനരാരംഭിക്കുമെന്ന് പിഐഎ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ സാധാരണഗതിയിലുള്ള സർവീസ് ആരംഭിക്കുമോയെന്നു വ്യക്തമാക്കിയിട്ടില്ല.

‘ഇതൊരു വലിയ നിമിഷമാണ്. ഞങ്ങൾ വളരെ ആവേശഭരിതരാണ്. പ്രതീക്ഷയുള്ള ദിവസമാണ്, കാരണം ഒരുപക്ഷേ മറ്റ് എയർലൈനുകൾ ഇതു കാണുകയും സർവീസ് പുനരാരംഭിക്കാൻ തീരുമാനിക്കുകയും ചെയ്യുമായിരിക്കും.’– ഒരു വിമാനത്താവള ഉദ്യോഗസ്ഥ മാധ്യമങ്ങളോടു പറഞ്ഞു. വിമാനത്തിലെത്തുന്നവരെ ടെർമിനലിലേക്ക് കൊണ്ടുപോകുന്നതിനായി ‘അഫ്ഗാനിസ്ഥാനിലേക്ക് സ്വാഗതം’ എന്നെഴുതിയ ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നെങ്കിലും അവസാനനിമിഷം യാത്രക്കാരെല്ലാം നടന്നുവരുന്ന കാഴ്ചയാണ് വിമാനത്താവളത്തിൽ കണ്ടത്.

കഴിഞ്ഞയാഴ്ച, ഖത്തർ എയർവേയ്സിന്റെ നിരവധി ചാർട്ടർ വിമാനങ്ങൾ കാബൂൾ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ കാബൂളിൽനിന്നു പോകാൻ സാധിക്കാതിരുന്ന വിദേശികളെയും അഫ്ഗാൻ പൗരന്മാരേയും കൊണ്ടുപോകുന്നതിനായിരുന്നു ഇത്. അഫ്ഗാൻ എയർലൈൻ ഈ മാസം 3ന് സർവീസ് പുനരാരംഭിച്ചിരുന്നു. ശരിയായ രേഖകളുള്ള അഫ്ഗാൻ പൗരന്മാരെ സ്വതന്ത്രമായി രാജ്യം വിടാൻ അനുവദിക്കുമെന്ന് ആവർത്തിച്ച് ഉറപ്പുനൽകുന്ന താലിബാന്, രാജ്യാന്തര വിമാനസർവീസുകളുടെ പുനരാരംഭം നിർണായകമാണ്.

English Summary: First Foreign Commercial Flight After Taliban Takeover Lands In Kabul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com