‘വൈറസ്’ യഥാർഥ്യമായി? കേരളത്തിൽ നിപ്പ വന്നത് ഇങ്ങനെ? ആ വവ്വാൽക്കഥ സത്യമോ?

virus-bats
വൈറസ് സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ റോഡിൽ കിടക്കുന്ന വവ്വാലിന്റെ ചിത്രം മൊബൈലിൽ പകർത്തുന്ന സക്കരിയയുടെ കഥാപാത്രം.
SHARE

നിപ്പയുടെ ആശങ്ക പതിയെ അകലുകയാണ് കോഴിക്കോട്ടുനിന്ന്. ചാത്തമംഗലം സ്വദേശിയായ പന്ത്രണ്ടുകാരൻ നിപ ബാധിച്ചു മരിച്ച ദാരുണസംഭവത്തിനു ശേഷം ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ജാഗ്രത തുടരുന്നുണ്ടെങ്കിലും സമ്പർക്കപ്പട്ടികയിൽ ഉള്ളവരെല്ലാം നെഗറ്റീവ് ആണെന്ന ആശ്വാസകരമായ വാർത്തകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. നിപ്പയ്ക്കു കാരണമായ വൈറസിന്റെ ഉറവിടം തേടിയുള്ള പരിശോധനകളും തുടങ്ങിക്കഴിഞ്ഞു.

2018ൽ കോഴിക്കോട്ടുണ്ടായ നിപ്പ വ്യാപനത്തിന്റെ ഉറവിടം വവ്വാലുകളിലാണെന്ന് ദേശീയ വൈദ്യശാസ്ത്ര ഗവേഷണ കൗൺസിൽ (ഐസിഎംആർ) സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വവ്വാലുകളിൽനിന്ന് നിപ്പ വൈറസ് എങ്ങനെ മനുഷ്യനിലെത്തി എന്ന ചോദ്യം ഇപ്പോഴും അതേപടി നിലനിൽക്കുന്നു. 2018ലെ നിപ്പ വ്യാപനത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചലച്ചിത്രത്തിന്റെ ക്ലൈമാക്സ് ഈ ചോദ്യത്തിന്റെ ഉത്തരം തരാൻ ശ്രമിച്ചിട്ടുണ്ട്. നിപ്പ ബാധിച്ച് ആദ്യം മരിച്ച സാബിത്തിന്റെ സുഹൃത്ത്, ചങ്ങരോത്ത് സൂപ്പിക്കട സ്വദേശി ബീരാൻകുട്ടിയും ദൃക്സാക്ഷി വിവരണത്തിലൂടെ ആ ക്ലൈമാക്സിനു സമാനമായ ഒരുത്തരം നൽകുന്നുണ്ട്. 

സിനിമയുടെ ക്ലൈമാക്സും ബീരാൻകുട്ടിയുടെ വിശദീകരണവും ഏകദേശം സമാനവുമാണ്. നിപ്പ വ്യാപനത്തിനു ശേഷം ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് ബീരാൻകുട്ടിയുടെ വിശദീകരണം പ്രസിദ്ധീകരിക്കപ്പെടുന്നതും സിനിമ റിലീസാകുന്നതും. ബീരാൻകുട്ടിയും ‘വൈറസ്’ സിനിമയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? വവ്വാലിലെ വൈറസ് മനുഷ്യനിലെത്തിയത് ബീരാൻകുട്ടിയും സിനിമയും പറയുന്നതു പോലെത്തന്നെയാണോ?

ഭീതി വിതച്ച നിപ്പ

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ചാത്തമംഗലം സ്വദേശി നിപ്പ ബാധിച്ചു മരിച്ച വാർത്ത കോഴിക്കോട്ടുകാരെ 3 വർഷം പിറകിലേക്കാണു കൊണ്ടുപോയത്. കൃത്യമായി പറഞ്ഞാൽ 2018 മേയിലേക്ക്. അത്രയും ഭീതിജനകമായ നാളുകളിലൂടെ സമീപകാലത്തൊന്നും കോഴിക്കോട് കടന്നുപോയിട്ടില്ല. മേയ് 5 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ 21 പേരാണ് നിപ്പ വ്യാപനത്തെ തുടർന്നു മരണമടഞ്ഞത്. കോഴിക്കോടിനെ വിറപ്പിച്ച രോഗവ്യാപനമായിരുന്നു അത്. 

nipah-bat-sample
നിപ വൈറസിന്റെ ഉറവിടം തേടി വിദഗ്‌ധർ തൊടുപുഴ റിയർ വ്യൂ റോഡിന് സമീപത്തെ തോട്ടത്തിൽ വവ്വാലുകളെ പിടികൂടാൻ വലകൾ സ്‌ഥാപിക്കുന്നു. 2019ലെ മനോരമ ഫയൽ ചിത്രം.

ലോക്ഡൗൺ എന്ന പദമൊക്കെ കേൾക്കുന്നതിനു മുൻപുതന്നെ കോഴിക്കോട് നഗരം വിജനമായ കാലം. 2018 മേയ് 5നാണ് പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട സ്വദേശി മുഹമ്മദ് സാബിത്ത് (26) പനി ബാധിച്ചു കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ മരണമടഞ്ഞത്. മേയ് 2നു പനി തുടങ്ങിയ സാബിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. സാബിത്തിന്റെ പെട്ടെന്നുള്ള മരണത്തിന്റെ കാരണവും അന്നു കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല.

സാബിത്തിന്റെ മരണം നിപ്പ ബാധിച്ചാണെന്ന സംശയം ആരംഭിക്കുന്നത് മേയ് 17ന് അദ്ദേഹത്തിന്റെ സഹോദരനായ സാലിഹിനെ സമാനമായ രോഗലക്ഷണങ്ങളോടെ ബേബി മെമോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ്. അന്നേ ദിവസം തന്നെ സാബിത്തിന്റെ പിതാവ്, പിതൃസഹോദരന്റെ ഭാര്യ എന്നിവരെയും സമാനമായ ലക്ഷണങ്ങളോടെ അഡ്മിറ്റ് ചെയ്തു. ഇതോടെ സംശയം തോന്നിയ ഡോക്ടർമാർ ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി അയച്ചതോടെയാണ് നിപ്പ സ്ഥിരീകരിക്കുന്നത്. 

അതിനിടെ പേരാമ്പ്രയിലും കോഴിക്കോട്ടും 4 അസ്വഭാവിക മരണങ്ങളും നടന്നിരുന്നു. ഇതെല്ലാം നിപ്പ മരണങ്ങളായിരുന്നെന്ന് പിന്നീട് കണ്ടെത്തി. സാബിത്ത് ആയിരുന്നു ആദ്യ രോഗിയെന്നും സ്ഥിരീകരിച്ചു. സാബിത്തിൽനിന്നു നേരിട്ടും അല്ലാതെയും 23 പേർക്കാണ് രോഗം പകർന്നത്. ഇതിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി ഉൾപ്പെടെ 21 പേർ മരിച്ചു. ലബോറട്ടറി പരിശോധനകളിലൂടെ രോഗം സ്ഥിരീകരിച്ചത് 18 പേർക്കാണ്. അതുകൊണ്ടുതന്നെ ഔദ്യോഗിക കണക്കിൽ 18 മരണങ്ങളാണുണ്ടായിരുന്നത്.

രോഗത്തിന്റെ ഉറവിടം തേടിയുള്ള പഠനങ്ങൾ എത്തിനിന്നത് വവ്വാലുകളിലാണ്. വൈറസ് ബാധയുണ്ടായത് പഴംതീനി വവ്വാലിൽനിന്നാണെന്നു (റ്റെറോപ്പസ് വിഭാഗം)  ഐസിഎംആർ സ്ഥിരീകരിച്ചു. സൂപ്പിക്കടയിലെ വവ്വാലുകളിൽ കണ്ടെത്തിയ നിപ്പ വൈറസിന്റെ ജനിതക ഘടനയ്ക്കു മനുഷ്യനിൽ കണ്ടെത്തിയ വൈറസിന്റേതുമായി 99.7 ശതമാനം മുതൽ 100 ശതമാനം വരെ സാമ്യമുണ്ടെന്ന കണ്ടെത്തൽ 2019 മേയിൽ ഐസിഎംആർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‌

bats
പ്രതീകാത്മക ചിത്രം.

എന്നാൽ, വവ്വാലിൽനിന്ന് എങ്ങനെ രോഗം സാബിത്തിലെത്തി എന്നതിന് വിശദീകരണം നൽകാൻ ആർക്കും സാധിച്ചില്ല. ഒട്ടേറെ പഠനങ്ങൾ ഈ വഴിക്കു നടന്നു. മൃഗങ്ങളെയും പക്ഷികളെയും സ്നേഹിച്ചിരുന്ന സാബിത്ത് അവരുമായി സമ്പർക്കത്തിലുണ്ടാകാനുള്ള സാധ്യതയും വളരെക്കൂടുതലാണ്. എന്നാൽ, ഗൾഫിൽനിന്നു തിരിച്ചെത്തിയ സാബിത്തിന്, മരിക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുൻപ് വവ്വാലുകളുമായി സമ്പർക്കമുണ്ടായി എന്നു തെളിയിക്കാൻ സാധിച്ചിട്ടില്ല.

നേർക്കാഴ്ചയായി ‘വൈറസ് ’

2018ൽ കോഴിക്കോട്ടുണ്ടായ നിപ്പ വ്യാപനത്തെ ഒരു പരിധി വരെ കൃത്യമായി മലയാളികൾക്കു കാട്ടിത്തന്ന ചലച്ചിത്രമാണു ‘വൈറസ്’. 2019 ജൂലൈയിൽ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു. കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, രേവതി, ഇന്ദ്രജിത്ത്, പാർവതി തുടങ്ങിയവർ കോഴിക്കോട്ട് നിപ്പയെ നേരിട്ട സംഘത്തെ അവതരിപ്പിച്ചു. നിപ്പ വ്യാപനം എങ്ങനെയുണ്ടായി എന്ന അന്വേഷണം സിനിമയിലും നടത്തുന്നുണ്ട്. സാബിത്തിന് വവ്വാലുമായി സമ്പർക്കമുണ്ടായതായി പറഞ്ഞുവച്ചാണ് സിനിമ അവസാനിക്കുന്നത്.

aashiq-muhsin
ആഷിഖ് അബു, മുഹ്‌സിൻ പരാരി

സക്കരിയ എന്ന പേരാണു സിനിമയിൽ സാബിത്തിന്റെ കഥാപാത്രത്തിനു നൽകിയിരിക്കുന്നത്. സക്കരിയ ഒറ്റയ്ക്ക് ഒരു കാട്ടുവഴിയിലൂടെ ബൈക്കോടിച്ചു പോകുമ്പോൾ ഒരു കുഞ്ഞു വവ്വാൽ റോഡിൽ കിടക്കുന്നതായി കാണുന്നു. ബൈക്ക് നിർത്തി പുറത്തിറങ്ങി മൊബൈലിൽ വവ്വാലിന്റെ ചിത്രമെടുത്ത ശേഷം അതിനെ എടുത്ത് അടുത്തുള്ള മരത്തിന്റെ പൊത്തിലേക്കു വയ്ക്കുന്നു. ഇങ്ങനെയാണ് ചിത്രം അവസാനിക്കുന്നത്. യഥാർഥത്തിൽ ഇതു നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പക്ഷേ വ്യക്തതയില്ല.

ബീരാൻകുട്ടി പറയുന്നത്...

വൈറസിന്റെ അവസാനഭാഗത്തു കാണിക്കുന്ന സംഭവത്തിനു സമാനമായ വിശദീകരണമാണ് സൂപ്പിക്കട സ്വദേശിയായ ബീരാൻകുട്ടി നൽകുന്നത്. മരിക്കുന്നതിന് ഒരാഴ്ച മുൻപ് ചങ്ങരോത്ത് പന്തിരിക്കരയിൽനിന്ന് സൂപ്പിക്കട വരെ സാബിത്തിന്റെ ബൈക്കിനു പിന്നിലിരുന്ന് താൻ യാത്ര ചെയ്തിട്ടുണ്ടെന്നു ബീരാൻകുട്ടി പറയുന്നു. പന്തിരിക്കര ജംക്‌ഷനിൽ നിൽക്കേ, സാബിത്ത് തന്നെയാണു സൂപ്പിക്കടയിൽ ഇറക്കാം എന്നു പറഞ്ഞ് തന്നെ ബൈക്കിൽ വിളിച്ചുകയറ്റിയത്.

യാത്രാമധ്യേ പള്ളിക്കുന്നിൽ വച്ച് മരത്തിനു മുകളിൽനിന്ന് ഒരു വവ്വാൽ സാബിത്തിന്റെ ബൈക്കിനു മുന്നിലേക്കു വീണു. പള്ളിക്കുന്ന് വവ്വാലുകൾ നിറഞ്ഞ ഒരു പ്രദേശമാണ്. ബൈക്ക് നിർത്തി പുറത്തിറങ്ങിയ സാബിത്ത് വവ്വാലിനെ എടുത്ത് റോഡരികിലേക്കു മാറ്റിവച്ചെന്നും ബീരാൻകുട്ടി പറയുന്നു. അതിനുശേഷമാണ് സാബിത്തിന് രോഗം വരുന്നതും 2018 മേയ് 5നു മരിക്കുന്നതും.

virus-climax
വൈറസ് സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ വവ്വാലിനെ കയ്യിലെടുക്കുന്ന സക്കരിയയുടെ കഥാപാത്രം.

തുടക്കത്തിൽ നിപ്പയാണെന്നു തിരിച്ചറിയാത്തതിനാൽ ബീരാൻകുട്ടി ഈ സംഭവം കാര്യമായെടുത്തിരുന്നില്ല. പനിയും ചുമയും ഉണ്ടായതിനെത്തുടർന്ന് മേയ് 18നു ബീരാൻകുട്ടിയെ ഗവ.മെഡിക്കൽ കോളജിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, നിപ്പ പരിശോധനാഫലം നെഗറ്റീവായിരുന്നു. സംഭവം നടന്നു കുറേ മാസങ്ങൾക്കു ശേഷം, നിപ്പയുടെ ഉറവിടം തേടി വന്നവരോടു താൻ ഈ സംഭവം പറഞ്ഞിട്ടുണ്ടെന്നു ബീരാൻകുട്ടി പറയുന്നു. എന്നാൽ, ഇതു സത്യമാണോ വ്യാജമാണോ എന്നതിലേക്ക് അന്വേഷണങ്ങളൊന്നും നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ബീരാൻകുട്ടിയുടെ വിശദീകരണം ഒരു റിപ്പോർട്ടിലും ഇടം കണ്ടിട്ടില്ല.

വൈറസും ബീരാൻകുട്ടിയും തമ്മിൽ?

ബീരാൻകുട്ടി പറയുന്ന കഥയും വൈറസിന്റെ ക്ലൈമാക്സും തമ്മിൽ ചില വ്യത്യാസങ്ങളുമുണ്ട്. സിനിമയിൽ സക്കരിയ ഒറ്റയ്ക്കു ബൈക്ക് ഓടിച്ചുപോകുന്നതായാണു കാണിക്കുന്നത്. അതുകൊണ്ടുതന്നെ സാബിത്ത് വവ്വാലിനെ എടുക്കുന്നത് കണ്ടവരാരുമില്ല. ബീരാൻകുട്ടിയുടെ വിശദീകരണത്തിൽ താൻ സാബിത്തിനു പിന്നിലുണ്ടായിരുന്നതായി പറയുന്നു. 2019 ജൂണിലാണു വൈറസ് സിനിമ റിലീസ് ചെയ്യുന്നത്. ബീരാൻകുട്ടി പറയുന്ന സംഭവം ആദ്യമായി ഒരു ഓൺലൈൻ മാധ്യമത്തിൽ വരുന്നത് 2019 മേയിലും. അതിനാൽ സിനിമ കണ്ട ശേഷമാണ് ബീരാൻകുട്ടി ഇങ്ങനെയൊരു വാദമുയർത്തുന്നതെന്നും പറയാൻ സാധിക്കില്ല.

beerankutty
ബീരാൻകുട്ടി.

‌തങ്ങൾ ബീരാൻകുട്ടിയോട് സംസാരിച്ചിട്ടില്ലെന്നു സിനിമയുടെ തിരക്കഥാകൃത്ത് മുഹ്സിൻ പരാരി പറയുന്നു. സിനിമയുടെ ചിത്രീകരണമൊക്കെ കഴിഞ്ഞ ശേഷം റിലീസിനു മുൻപാണ് ബീരാൻകുട്ടി എന്നൊരാൾ ഇത്തരമൊരു സംഭവം വിശദീകരിക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നത്. അന്ന് ഒരു കൗതുകം തോന്നിയെങ്കിലും യാദൃച്ഛികമാകാം എന്നാണു കരുതിയത്. നിപ്പ വ്യാപനവുമായി ബന്ധപ്പെട്ട ശാസ്ത്രീയ വസ്തുതകളോടു പരമാവധി നീതിപുലർത്താൻ മാത്രമാണു ശ്രദ്ധിച്ചത്. മറ്റു സംഭവങ്ങളെല്ലാം ഫിക്‌ഷനായി മാറ്റിയെഴുതാനുള്ള സ്വാതന്ത്ര്യം വിനിയോഗിച്ചിട്ടുണ്ടെന്നും മുഹ്സിൻ പറയുന്നു.

‘സാബിത്തിന്റെ സ്വഭാവത്തെപ്പറ്റി പലരിൽനിന്നു കേട്ടു മനസ്സിലാക്കിയതിന്റെ പശ്ചാത്തലത്തിലാണു ക്ലൈമാക്സ് സീൻ എഴുതിയത്. മൃഗങ്ങളോടും പക്ഷികളോടുമൊക്കെ കൗതുകം വച്ചുപുലർത്തിയിരുന്ന ആളായിരുന്നു അദ്ദേഹം. വവ്വാലിൽനിന്ന് വൈറസ് എങ്ങനെ സാബിത്തിലെത്തി എന്നതിനു ഞങ്ങൾ തന്നെ നൽകിയ ഭാഷ്യമാണ് അവസാന സീനിൽ കാണുന്നത്’– മുഹ്സിൻ പറഞ്ഞു.

വീണ്ടുമൊരു നിപ്പ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബീരാൻകുട്ടിയുടെ വാദങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ബീരാൻകുട്ടിയുടെ വാദങ്ങൾ വിശ്വാസ്യയോഗ്യമായി കണക്കിലെടുക്കാമെന്നു 2018ൽ നിപ്പ തിരിച്ചറിഞ്ഞ സംഘത്തിലെ അംഗവും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ സീനിയർ കൺസൽറ്റന്റുമായ ഡോ.എ.എസ്.അനൂപ്കുമാർ പറയുന്നു. അദ്ദേഹത്തിന്റെ വാദങ്ങൾ ശരിയാണെങ്കിൽ 2018ൽ നിപ്പ വൈറസ് എങ്ങനെ മനുഷ്യനിലെത്തി എന്നതിനു സ്ഥിരീകരണമാകും. എന്നാൽ, അതിനായി കൂടുതൽ അന്വേഷണങ്ങൾ വേണ്ടിവരും. 2018ലെ വൈറസിന്റെ സാന്നിധ്യം ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ പ്രത്യേകിച്ച്.

English Summary: What is the Source of Nipah Virus in Kerala? Does 'Virus' Movie Climax Explains It Accurately?

     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA