ADVERTISEMENT

ന്യൂഡൽഹി ∙ നെഹ്റു–ഗാന്ധി കുടുംബത്തിനു പുറത്ത് കോൺഗ്രസിലെ സ്വാധീന ശക്തിയായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെൽ വളരുന്നു. ഹിന്ദി ഹൃദയഭൂമിയിലെ കരുത്തുറ്റ ഒബിസി നേതാവെന്ന നിലയിൽ ഛത്തീസ്ഗഡിനു പുറത്തേക്കും ബാഗെലിന്റെ പ്രതിച്ഛായ സാവധാനം പടരുകയാണ്.

കോൺഗ്രസിൽ ഗ്രാഫ് ഉയരുന്നു

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ബാഗെൽ മുഖ്യമന്ത്രിയാകുന്നതിനെ രാഹുൽ ഗാന്ധിയും ദേശീയ നേതൃത്വവും പിന്തുണച്ചിരുന്നു. സംസ്ഥാനത്തെ മുതിർന്ന നേതാവ് ടി.എസ്.സിങ് ദേവിനെ തള്ളിയാണ് അന്ന് ഹൈക്കമാൻഡ് ബാഗെലിനൊപ്പം നിന്നത്. അധികാരത്തിലേറി രണ്ടര വർഷം പിന്നിട്ട സാഹചര്യത്തിൽ, ഇനി തന്നെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം സിങ് ദേവ് ഡൽഹിയിൽ രാഹുലിനെ കാണാനെത്തി.

പിന്നാലെ ബാഗെലിനെയും രാഹുൽ ഡൽഹിക്കു വിളിപ്പിച്ചു. സിങ് ദേവിനെ മുഖ്യമന്ത്രിയാക്കാനും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായി ബാഗെലിനെ നിയമിക്കാനുമുള്ള നീക്കം ഹൈക്കമാൻഡ് നടത്തിയതായാണു സൂചന. ഗുജറാത്തിന്റെ കാര്യം രാഹുൽ ബാഗെലിനോടു പറഞ്ഞെങ്കിലും ഏറ്റെടുക്കാൻ അദ്ദേഹം തയാറായില്ലെന്നാണു വിവരം.

ടി.എസ്. സിങ് ദേവ്, ഭൂപേഷ് ബാഗേൽ
ടി.എസ്. സിങ് ദേവ്, ഭൂപേഷ് ബാഗെൽ

മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും അങ്ങനെ ചെയ്താൽ ഗുജറാത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിനു പകരം, എംഎൽഎയെന്ന നിലയിൽ സ്വന്തം മണ്ഡലത്തിലെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു താൽപര്യമെന്നും ബാഗെൽ അറിയിച്ചു. മുഖ്യമന്ത്രി പദത്തിൽനിന്നു മാറ്റിയാൽ പാർട്ടിയുമായി സഹകരിക്കാൻ താനില്ലെന്ന സന്ദേശമാണ് ഇതുവഴി ബാഗെൽ നൽകിയത്. ആ നീക്കം ഫലിച്ചു. തൽക്കാലം ബാഗെൽതന്നെ മുഖ്യമന്ത്രിയായി തുടരട്ടെയെന്നു ഹൈക്കമാൻഡ് തീരുമാനിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമെന്ന നിലയിൽ കോൺഗ്രസ് ഏറ്റവുമധികം ആഗ്രഹിക്കുന്ന ഭരണമാണ് ഗുജറാത്തിലേത്. അതിനു പാർട്ടിയെ സഹായിക്കാൻ കഴിയുന്ന ഏറ്റവും മികച്ച നേതാക്കളിലൊരാൾ എന്ന നിലയിലാണു ബാഗെലിനെ അവിടുത്തെ ചുമതലക്കാരനാക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തിയത്. നീക്കം പാളിയെങ്കിലും ബാഗെൽ എന്ന നേതാവിന്റെ ഗ്രാഫ് കോൺഗ്രസിൽ ഉയരുന്നതിനു തെളിവായി അത്. 

ദേശീയ രാഷ്ട്രീയത്തിൽ ഉന്നമിട്ട്

ഏതാനും മാസങ്ങൾ മുൻപ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അസമിൽ പാർട്ടിയുടെ ചുമതല ബാഗെലിനായിരുന്നു. അവിടെ തോറ്റ സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങളുടെ ചുമതല ഏറ്റെടുത്ത് വീണ്ടും നാണംകെടുന്നത് തന്റെ പ്രതിച്ഛായ ഇടിക്കുമെന്നാണു ബാഗെലിന്റെ കണക്കുകൂട്ടൽ. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിൽ ബാഗെലിന്റെ സേവനം ഉപയോഗിക്കാൻ പ്രിയങ്ക ഗാന്ധിക്കു താൽപര്യമുണ്ടെന്നു സൂചനയുണ്ട്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ‘ന്യായ്’ പദ്ധതി ഏറ്റവും ഫലപ്രദമായി നടപ്പാക്കിയത് ഛത്തീസ്ഗഡിലാണ്. നിർധനരുടെ കയ്യിലേക്കു പണമെത്തിക്കുന്ന പദ്ധതി യാഥാർഥ്യമാക്കാൻ ബാഗെൽ തന്നെയാണു മുൻകയ്യെടുത്തത്. നെഹ്റു–ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ദേശീയതലത്തിൽ കോൺഗ്രസിന് ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന നേതാവായി അറുപതുകാരനായ ബാഗെലിനെ കാണുന്ന പലരും പാർട്ടിക്കുള്ളിലുണ്ട്.

ദേശീയ രാഷ്ട്രീയക്കളത്തിൽ തിളങ്ങാനുള്ള നേതൃപാടവവും പ്രതിച്ഛായയും അദ്ദേഹത്തിനുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഒബിസി നേതാവെന്ന നിലയിൽ ഹിന്ദി ഹൃദയഭൂമിയിൽ ചുവടുറപ്പിക്കാനും സാധിക്കും. ദേശീയ രാഷ്ട്രീയത്തിൽ ആ നിലയിലുള്ള വളർച്ചയാണ് ബാഗെൽ ഉന്നമിടുന്നത്. അതിന് എതിരാളികളുടേതിനു പുറമെ സ്വന്തം പാർട്ടിയിലുള്ളവർ ഉയർത്തുന്ന തടസ്സങ്ങളെയും അദ്ദേഹത്തിനു മറികടക്കേണ്ടതുണ്ട്. 

English Summary: Chhattisgarh CM Bhupesh Baghel gains more popularity in Congress Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com